
സിനിമയിലെ കഥാപാത്രം, ആ കഥാപാത്രത്തെ അവതരിപ്പിച്ച അഭിനേത്രിക്ക് കത്തയക്കുന്നു. വ്യത്യസ്തമായൊരു പ്രചരണതന്ത്രം പരീക്ഷിച്ചിരിക്കുകയാണ് വെളളരിപട്ടണം എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍. ഇരുചക്രവാഹനം ഓടിക്കാന്‍ ലൈസന്‍സ് നേടിയ മഞ്ജു വാര്യര്‍ക്ക് അഭിനന്ദനക്കത്തുമായി എത്തിയിരിക്കുന്നത് കെ. പി. സുനന്ദയാണ്. വെള്ളരിപട്ടണത്തിലെ നായികയാണ് കെ.പി.സുനന്ദ. മഞ്ജു വാര്യരാണ് സുനന്ദയെ അവതരിപ്പിക്കുന്നത്. സിനിമയില്‍, ചക്കരക്കുടം പഞ്ചായത്ത് അഞ്ചാം വാര്‍ഡ് മെമ്പറാണ് സുനന്ദ.
സുനന്ദയുടെ കത്ത് വായിക്കാം :-
എത്രയും പ്രിയപ്പെട്ട മഞ്ജുവാര്യര്‍
ബൈക്കോടിക്കുവാനുള്ള ലൈസന്‍സ് എടുത്തെന്ന് അറിഞ്ഞതില്‍ വളരെ സന്തോഷം. അഭിനന്ദനങ്ങള്‍! ഹോ..ഞാനൊക്കെ ഒരു ലൈസന്‍സ് എടുക്കാന്‍പെട്ട പാട് എനിക്കറിയാം. പിന്നെ എന്‍റെ ആശാന്‍ കെ.പി.സുരേഷ് ആയിരുന്നല്ലോ. അതിന്‍റെ പേരിലുള്ള കണക്ക് ഇപ്പോഴും തീര്‍ന്നിട്ടില്ല. (ഇന്നലെയും 500രൂപ മേടിച്ചോണ്ട് പോയി.)
മഞ്ജുവിന് പഠനവും ലൈസന്‍സ് എടുക്കലും ധൈര്യമുള്ളതുകൊണ്ട് ഈസി ആയിരുന്നു എന്നറിയാം. ഞാനിപ്പോഴും ആ പഴയസ്‌കൂട്ടറില്‍ പാല്‍പാത്രവും വച്ചുകെട്ടി ഇവിടൊക്കെ കറങ്ങി നടക്കുന്നുണ്ട്. പുതിയ ബി.എം.ഡബ്ല്യു ബൈക്ക് മേടിക്കുമ്പോള്‍ നമ്മുടെ പഞ്ചായത്ത് വഴി വരണേ. ഇവിടെ ഹരിതകര്‍മസേനക്കാരും തൊഴിലുറപ്പ് ചേച്ചിമാരും സെല്‍ഫി എടുക്കാന്‍ കാത്തിരിക്കുകയാണ്. എന്‍റെ കഥ തീയറ്ററില്‍ വരുമ്പോള്‍ കാണാന്‍ മറക്കരുതേ. ചിരിവരും. ഉറപ്പ്. അയല്‍ക്കൂട്ടത്തിന്‍റെ ഒരു മീറ്റിങ് ഉണ്ട്. തത്കാലം നിര്‍ത്തുന്നു.
ജയ്ഹിന്ദ്.
സ്നേഹത്തോടെ, കെ.പി.സുനന്ദ
ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മിക്കുന്ന വെള്ളരിപട്ടണത്തിന്‍റെ സംവിധാനം മഹേഷ് വെട്ടിയാറാണ്. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണയും സംവിധായകനും ചേര്‍ന്നാണ് രചന. കുടുംബപശ്ചാത്തലത്തിലുള്ള പൊളിറ്റിക്കല്‍ സറ്റയറാണ് സിനിമ. സൗബിന്‍ ഷാഹിര്‍, സലിംകുമാര്‍, സുരേഷ്‌കൃഷ്ണ, കൃഷ്ണശങ്കര്‍, ശബരീഷ് വര്‍മ, അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലപാര്‍വതി, വീണനായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍. ഛായാഗ്രഹണം അലക്സ് ജെ. പുളിക്കല്‍. എക്സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കെ. ആര്‍. മണി, എഡിറ്റിങ്-അപ്പു എന്‍.ഭട്ടതിരി. പിആര്‍ഒ എ എസ് ദിനേശ്.