ആത്മീയ സൗന്ദര്യത്തിന്‍റെ സിംഫണി: സ്റ്റീഫൻ ദേവസിയുടെ 'ഏകത' | Video
ലോക സംഗീത ഭൂപടത്തിൽ ഒരിക്കൽക്കൂടി ഇന്ത്യയുടെ സാന്നിധ്യം അടയാളപ്പെടുത്തിക്കൊണ്ട് പ്രശസ്ത സംഗീതജ്ഞനും കമ്പോസറുമായ സ്റ്റീഫൻ ദേവസി പുറത്തിറക്കിയ 'ഏകത' (EKTA) തരംഗമായി മാറുന്നു. സംസ്‌കൃത ശ്ലോകങ്ങളെ പാശ്ചാത്യ സിംഫണി ഓർക്കസ്ട്രയുടെ അകമ്പടിയോടെ അവതരിപ്പിക്കുന്ന ഈ ബൃഹത്തായ സംഗീത വിരുന്ന് ഇതിനകം ആഗോളതലത്തിൽ വലിയ പ്രശംസയാണ് നേടിക്കൊണ്ടിരിക്കുന്നത്.
നാല് വർഷത്തോളമായി സ്റ്റീഫൻ ദേവസി അത്യധ്വാനം ചെയ്താണ് 'ഏകത' എന്ന ഈ സംഗീത ദൃശ്യവിസ്മയം ഒരുക്കിയിട്ടുള്ളത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ഇരുനൂറിലധികം കലാകാരന്മാരുടെ സഹകരണത്തോടെയാണ് ഇതു യാഥാർഥ്യമായത്. സംഗീതത്തിലൂടെയും സമാധാനത്തിലൂടെയും ലോകത്തെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഒരു സാംസ്കാരിക മുന്നേറ്റം കൂടിയാണ് ഈ സംഗീത പദ്ധതി.
പുരാതന ഇന്ത്യൻ ജ്ഞാനത്തെ സമകാലിക ആഗോള സംഗീതശൈലിയുമായി സമന്വയിപ്പിക്കാനാണ് സ്റ്റീഫൻ ദേവസി ശ്രമിച്ചിരിക്കുന്നത്. ഗാനരചയിതാവ് ധനേഷ് നമ്പൂതിരി എഴുതിയ സംസ്‌കൃത ശ്ലോകങ്ങളാണ് ഈ സൃഷ്ടിയുടെ ജീവൻ. സ്റ്റീഫൻ ദേവസിയുടെ മനോഹരമായ സംഗീതസംവിധാനവും ഓർക്കസ്ട്രേഷനും ഈ ശ്ലോകങ്ങൾക്ക് മാനസികമായ മറ്റൊരു തലത്തിലുള്ള ആസ്വാദനം നൽകുന്നു.
സംസ്‌കൃത ശ്ലോകങ്ങൾക്കു പുറമെ മറ്റ് ആഗോള ഭാഷകളും ഈ സംഗീതത്തിൽ ഇടംപിടിച്ചിട്ടുണ്ട്. പ്രശസ്ത കലാകാരൻ അലക്സ് ബോയെയോടൊപ്പമുള്ള യൊറുബ ഭാഷയിലെ വരികൾ സംഗീതത്തിന് വൈവിധ്യമാർന്ന നിറങ്ങൾ നൽകുന്നു. 'ലോക സംഗീതം' എന്ന ആശയത്തെ തന്നെ പുനർനിർവചിക്കുന്നതാണ് ഈ സൃഷ്ടി.
സ്റ്റീഫൻ ദേവസിയുടെ ഔദ്യോഗിക യൂട്യൂബ് ചാനലിലൂടെ 'ഏകത'യുടെ ദൃശ്യാവിഷ്കാരം ആസ്വദിക്കാം. യൂട്യൂബ് മ്യൂസിക്കിലും ഈ സംഗീത വിരുന്ന് ലഭ്യമാണ്. ഒരു സിംഫണി ഓർക്കസ്ട്രയുടെ ഗാംഭീര്യത്തിൽ സംസ്‌കൃതത്തിന്‍റെ ആത്മീയത അനുഭവിച്ചറിയാൻ ആഗ്രഹിക്കുന്നവർ തീർച്ചയായും അനുഭവിച്ചറിയേണ്ടതാണ് ഈ 'ഏകത'.
