

മോഹൻലാലും ചിരഞ്ജീവിയും
ആരാധകർ ഏറെ കാത്തിരുന്ന ചിരഞ്ജീവി ചിത്രത്തിൽ നിന്ന് മോഹൻലാൽ പിന്മാറിയതായി റിപ്പോർട്ടുകൾ. പ്രതിഫലവുമായി ബന്ധപ്പെട്ട ചർച്ചകൾ പരാജയപ്പെട്ടതോടെയാണ് പിന്മാറ്റമെന്നാണ് സൂചനകൾ. ബോബി സംവിധാനം ചെയ്യുന്ന മെഗാ 158 എന്ന ചിത്രത്തിൽ നിന്നണ് മോഹൻലാലിന്‍റ പിന്മാറ്റം.
ദേശീയ മാധ്യമമാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രതിഫലം വാങ്ങാതെ മോഹൻലാൽ ചിത്രത്തിൽ അഭിനയിക്കുമെന്നാണ് അണിയറ പ്രവർത്തകർ കരുതിയിരുന്നത്. സംവിധായകൻ ബോബിയുമായി മോഹൻലാലിന് അടുത്ത ബന്ധമുണ്ട്. എന്നാൽ മോഹൻലാൽ 30 കോടി പ്രതിഫലം തേടിയതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞത്. ഇത്രയും തുക താങ്ങനാവില്ലെന്ന് നിർമാതാക്കൾ അറിയിച്ചതോടെ അദ്ദേഹം ചിത്രത്തിൽ നിന്ന് പിന്മാറുകയായിരുന്നു.
ചിരഞ്ജീവിയും മോഹൻലാലും ആദ്യമായി ഒന്നിച്ച് സ്ക്രീനിലെത്തുന്നും എന്നത് ആരാധകർ ഏറെ ആകാംക്ഷയോടെയാണ് നോക്കികണ്ടത്. മോഹൻലാലിന്‍റെ പിന്മാറ്റത്തിന് ശേഷം ഈ സ്ഥാനത്തേക്ക് ഒരു തെലുങ്കു താരത്തെ തേടുകയാണ് അണിയറ പ്രവർത്തകരെന്നാണ് വിവരം.