
അർജുൻ അശോകന്‍റെ വേറിട്ട വേഷം; 'തലവര' തെളിയുന്നത് ഓഗസ്റ്റ് 15ന്
മലയാളത്തിലെ ഒട്ടേറെ ഹിറ്റ് സിനിമകളുടെ അമരക്കാർ മഹേഷ് നാരായണനും ഷെബിൻ ബക്കറും ചേർന്ന് നിർമിക്കുന്ന അർജുൻ അശോകൻ ചിത്രം 'തലവര'യുടെ പുതിയ പോസ്റ്റർ പുറത്ത്. വേറിട്ട ലുക്കിലാണ് ചിത്രത്തിൽ അർജുൻ അശോകൻ എത്തുന്നതെന്ന സൂചന നൽകിക്കൊണ്ടാണ് പോസ്റ്റർ പുറത്തിറങ്ങിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. അഖിൽ അനിൽകുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്‍റേയും മൂവിംഗ് നരേറ്റീവ്സിന്‍റേയും ബാനറിൽ എത്തുന്ന ചിത്രത്തിൽ രേവതി ശർമയാണ് നായിക. ടേക്ക് ഓഫ്, സീ യു സൂൺ, മാലിക്ക്, അറിയിപ്പ് തുടങ്ങിയ ശ്രദ്ധേയ സിനിമകളുടെ സംവിധായകനായ മഹേഷ് നാരായണനും ചാർലി, ടേക്ക് ഓഫ്, തണ്ണീർമത്തൻ ദിനങ്ങള്‍, സൂപ്പർ ശരണ്യ, അറിയിപ്പ് തുടങ്ങിയ പ്രേക്ഷക - നിരൂപക പ്രശംസകള്‍ നേടിയ സിനിമകള്‍ നിർമിച്ചിട്ടുള്ള ഷെബിൻ ബക്കറും ഒരുമിച്ചൊരുക്കുന്ന സിനിമയായതിനാൽ തന്നെ സിനിമാപ്രേക്ഷകർ ഏറെ പ്രതീക്ഷയിലാണ്.
ചിത്രത്തിലെ പോസ്റ്ററുകളും 'കണ്ട് കണ്ട് പൂചെണ്ട് തേൻ വണ്ട് പോലെ വന്നു നിന്ന്...' എന്ന് തുടങ്ങുന്ന മനോഹരമായ പ്രണയഗാനവും അടുത്തിടെ ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനകം 15 ലക്ഷത്തോളം കാഴ്ചക്കാരെ നേടിയ ഗാനം യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിലും ഇടം നേടിയിരിക്കുകയാണ്.
അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ രാജേശ്വരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.
അഖിൽ അനിൽകുമാർ തന്നെയാണ് സിനിമയുടെ കഥയൊരുക്കിയിരിക്കുന്നത്. അഖിൽ അനിൽകുമാറും അപ്പു അസ്ലമും ചേർന്നാണ് തിരക്കഥ. ഛായാഗ്രഹണം: അനിരുദ്ധ് അനീഷ്, സംഗീതം: ഇലക്ട്രോണിക് കിളി, എഡിറ്റർ: രാഹുൽ രാധാകൃഷ്ണൻ.