5 പുതിയ തീയേറ്റർ സമുച്ചയങ്ങൾ ഉടൻ പൂർത്തിയാക്കും

നിലവിലെ തീയറ്റുകൾ നവീകരിക്കും
5 new theater complexes will be completed soon
5 പുതിയ തീയേറ്റർ സമുച്ചയങ്ങൾ ഉടൻ പൂർത്തിയാക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെഎസ്എഫ്ഡിസി) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു. കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്. ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കോട്ടയം ജില്ലയിൽ വൈക്കം മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, തൃശൂർ ജില്ലയിൽ അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂർ ജില്ലയിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂർ ജില്ലയിൽ പായം പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി ചോദ്യോത്തര വേളയിൽ പറഞ്ഞു. മലപ്പുറം ജില്ലയിലെ താനൂർ, കോഴിക്കോട് ജില്ലയിലെ പേരാമ്പ്ര എന്നിവിടങ്ങളിൽ തീയേറ്റർ സമുച്ചയം നിർമ്മിക്കുന്നതിനുവേണ്ടി ബന്ധപ്പെട്ട വകുപ്പിൽ നിന്നും സ്ഥലം കൈമാറി ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി അറിയിച്ചു.

കിഫ്ബി മുഖേന ഫണ്ട് ലഭ്യമാകുന്ന മുറയ്ക്കും അനുയോജ്യമായ സ്ഥലം ലഭ്യമാകുന്ന സാഹചര്യത്തിലും ലാഭകരമായി പ്രവർത്തിപ്പിക്കാൻ കഴിയുന്ന മറ്റു കേന്ദ്രങ്ങളിലും തീയറ്ററുകൾ സ്ഥാപിക്കുന്ന കാര്യം പരിശോധിക്കും. കെഎസ്എഫ്ഡിസിയുടെ കീഴിലുള്ള 17 തീയേറ്ററുകൾ സർക്കാരിൽ നിന്ന് ലഭിക്കുന്ന പ്ലാൻ ഫണ്ട് ഉപയോഗിച്ച് വർഷം തോറും ഏറ്റവും പുതിയ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നവീകരിക്കുവാൻ പദ്ധതി തയ്യാറാക്കിയതായും മന്ത്രി അറിയിച്ചു.തൃശൂരിലെ കൈരളി, ശ്രീ തീയേറ്ററുകളുടെ നവീകരണ പ്രവർത്തനങ്ങൾ പുരോഗമിക്കുന്നതായും 2024-25 വർഷത്തെ പദ്ധതി വിഹിതം ഉപയോഗിച്ച് തിരുവനന്തപുരം കലാഭവൻ തിയേറ്റർ, ചേർത്തല കൈരളി, ശ്രീ തിയേറ്ററുകൾ എന്നിവ നവീകരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും മന്ത്രി പറഞ്ഞു. പുതുതായി നിർമ്മിച്ച് കൊണ്ടിരിക്കുന്ന തീയേറ്റർ സമുച്ചയങ്ങളിൽ പ്രേക്ഷകർക്ക് വിശ്രമിക്കുന്നതിന് തയ്യാറാക്കുന്ന ലോബി ഏരിയകളിൽ പുസ്തക പ്രദർശനം, വിപണനം എന്നിവയ്ക്ക് സൗകര്യങ്ങൾ ഒരുക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു.

Trending

No stories found.

Latest News

No stories found.