മമ്മൂട്ടിയുടെ നായകൻ ഇല്ലാതാക്കുന്നത് 'കുര്യാക്കോസി'ന്റെ കുടുംബജീവിതം| Video
നമ്പർ വൺ സ്നേഹതീരം ബാംഗ്ലൂർ നോർത്തിലെ കുര്യാക്കോസ്
നമ്മുടെ ഇന്നസെന്റിന്റെ കഥാപാത്രം. ആ സിനിമ കണ്ട ഒരാളും കുര്യാക്കോസിനെ മറന്നു കാണില്ല. കാരണം, അയാളോട് ചെയ്യുന്ന നീതികേട് അത്രയേറെ പ്രകടമാണ്. സിനിമയിലെ നായകനായ വിജയ് ഭാസ്കർ ആയി എത്തുന്നത് മമ്മൂട്ടിയാണ്. വിജയ് ഭാസ്കറിന്റെ കമ്പനിയിലെ അനുസരണയുള്ളവിശ്വസ്തനായ ജോലിക്കാരനാണ് കുര്യാക്കോസ്. മാത്രമല്ല സിംഗിളുമാണ്. വിജയ് ഭാസ്കറിന്റെ ജീവിതത്തിലെ സങ്കീർണമായ രഹസ്യങ്ങളെക്കുറിച്ചൊക്കെ അറിയാവുന്ന വളരെ കുറച്ചു പേരിൽ ഒരാളാണ് കുര്യാക്കോസ്. അതു കൊണ്ടായിരിക്കും സ്വന്തം ജീവിതം പോലും മറന്ന് അയാൾ നായകനെ സഹായിക്കാൻ ശ്രമിക്കുന്നത്. സിനിമയിൽ മൂന്നു തവണയാണ് വിജയ് ഭാസ്കർ കുര്യാക്കോസിന്റെ പെണ്ണുകാണൽ മുടക്കുന്നത്. അതും അയാളുടെ വ്യക്തിപരമായ ചില പ്രശ്നങ്ങൾ തീർക്കാൻ വേണ്ടി. അപ്പോഴൊന്നും കുര്യാക്കോസിന് എന്തെങ്കിലും തിരക്കുണ്ടോ അയാൾ ഓക്കെയാണോ എന്നൊന്നും വിജയ് ഭാസ്കർ ചോദിക്കുന്നില്ല. ഫോൺ വിളിക്കുന്നു ആജ്ഞാപിക്കുന്നു. പാവപ്പെട്ട കുര്യാക്കോസ് ആണെങ്കിൽ ബോസിനോടുള്ള വിശ്വസ്തതയും അനുസരണയും മൂലം പറഞ്ഞ സമയം കൊണ്ട് പെണ്ണുകാണൽ ഉപേക്ഷിച്ച് നായകനരികിലേക്ക് ഓടുന്നു. പ്രായം കൂടുതലായത് കൊണ്ട് വിവാഹം നടക്കാൻ സാധ്യതയില്ലെന്ന ഒരു തരം കോംപ്ലക്സ് കുര്യാക്കോസിന്റെ ഉള്ളിലുണ്ട്. അതു കൊണ്ടായിരിക്കാം അയാൾക്ക് പെണ്ണുകാണൽ ദിവസങ്ങളിൽ ഒരു തരം ആക്സൈറ്റിയും ഉണ്ട്. രണ്ടാമത്തെ പെണ്ണുകാണൽ മുടക്കി ബാംഗ്ലൂരിലേക്ക് വിളിച്ചു വരുത്തിയപ്പോൾ നായകൻ കുറച്ചു കൂടി ക്രൂരനാകുന്നുണ്ട്. കുട്ടികൾക്കു മുന്നിലുള്ള തന്റെ നാടകം പൊളിയുമെന്നും വീട്ടിൽ ഉള്ളവർ രഹസ്യങ്ങൾ എല്ലാം അറിയുമെന്നും തോന്നിയപ്പോൾ അയാളെ ബംഗളൂരുവിലെ പെരുവഴിയിൽ ഉപേക്ഷിച്ച് പോകുന്നുവെന്ന് മാത്രമല്ല പാവപ്പെട്ട കുര്യാക്കോസിന് വട്ടാണെന്ന് നാട്ടിലേക്ക് വിളിച്ചു പറയുകയും ചെയ്യുന്നു വിജയ് ഭാസ്കർ. നാട്ടിലെത്തിയ അയാളെ പിന്നെ ആരും വിശ്വസിക്കുന്നില്ല. മൂന്നാമത്തെ തവണ പെണ്ണുകാണാൻ ഒരുങ്ങിയ കുര്യാക്കോസിനെ വേഷം പോലും മാറ്റാൻ സമ്മതിക്കാതെയാണ് വിജയ് ഭാസ്കർ കാറിൽ കയറ്റി കൊണ്ടു പോകുന്നത്. പക്ഷേ അവിടെ വച്ച് അയാൾ മെറ്റിൽഡയെ കാണുന്നു.. കാര്യങ്ങളൊക്കെ ശുഭമായി മാറുന്നുവെന്ന് തോന്നുന്ന നിമിഷം. പക്ഷേ ആ നിമിഷത്തെയും വിജയ് ഭാസ്കർ നശിപ്പിക്കുന്നുണ്ട്. മെറ്റിൽഡയുടെ കോൺവെന്റിൽ പോയി അവരെ എങ്ങനെയെങ്കിലും അങ്ങോട്ട് തിരിച്ചു വിളിപ്പിക്കാൻ ഉള്ള പണി ഒപ്പിക്കാനാണ് ഇത്തവണ നായകൻ ഓഡർ ഇടുന്നത്. പാവം കുര്യാക്കോസ് അതും അനുസരിച്ചു. ഫലമോ അയാളെ കോൺവന്റിലുള്ളവരെ കൈയോടെ പിടിച്ചു. കള്ളനാണെന്നും പറഞ്ഞ് പൊലീസിലും ഏൽപ്പിച്ചു. ഇനി അയാളെ മെറ്റിൽഡ വിശ്വസിക്കുമോ.. ഇങ്ങനൊരു നീതികേട് ആരോടെങ്കിലും ചെയ്യാമോ..
