സിനിമാ ലോകത്തെ സ്വപ്നാടകൻ
അനൂപ് മോഹൻ
ആലപ്പുഴക്കാരനായ ഒരു നാടകക്കാരനുണ്ടായിരുന്നു, ആലപ്പി ഉസ്മാൻ. തബലിസ്റ്റായിരുന്ന ഉസ്മാനെ ഒരു ദിവസം കാണാതായി. പലയിടത്തും അന്വേഷിച്ചു, കണ്ടെത്തിയില്ല. യാതൊരുവിധ വിവരവുമില്ല. ലഖ്നൗവിൽ വച്ച് ആരോ കണ്ടുവെന്നൊക്കെ പറഞ്ഞുകേട്ടിരുന്നു. പിന്നീടൊരിക്കലും ഉസ്മാൻ തിരിച്ചുവന്നതുമില്ല.
പ്രൊഡക്ഷൻ മാനെജർ, നിർമാതാവ്, നടൻ എന്നിങ്ങനെ പര്യായങ്ങളേറെയുള്ള പി.എ. ലത്തീഫാണു കെ.ജി. ജോർജിനോട് ഈ കഥ പറഞ്ഞത്. ലത്തീഫ് ഈ കഥ പറയുമ്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല, അതു മലയാള സിനിമയിലെ ഒരു ക്ലാസിക്കിന്‍റെ പിറവിയിലേക്കു നയിക്കുമെന്ന്. ആ യഥാർഥ കഥയിൽ നിന്നാണ് യവനിക എന്ന സിനിമയും തബലിസ്റ്റ് അയ്യപ്പനും പിറക്കുന്നത്.
പ്രൊഫഷണൽ നാടകങ്ങൾക്ക് ഏറെ സ്വീകാര്യതയുണ്ടായിരുന്ന എൺപതുകളുടെ ആദ്യം നാടകപശ്ചാത്തലത്തിൽ ഉയിരെടുത്ത യവനിക എന്ന ചിത്രം മലയാളത്തിലെ എക്കാലത്തെയും ക്ലാസിക്കുകളിൽ ഒന്നാണ്. കൊടിയേറ്റം ഗോപിയിലൂടെ തബലിസ്റ്റ് അയ്യപ്പനെന്ന അനിഷേധ്യനായ ധിക്കാരിയെ അവതരിപ്പിച്ച ചിത്രം. ഒരു പക്ഷേ കെ.ജി. ജോർജ് എന്ന ക്രാഫ്റ്റ്‌സ്മാനു മാത്രം സൃഷ്ടിക്കാൻ കഴിയുന്ന സിനിമയും കഥാപാത്രവും.
സ്വന്തം ചിന്താപ്പെരുക്കങ്ങൾക്കു ദൃശ്യഭാഷ നൽകുന്നതായിരുന്നു ജോർജിന്‍റെ ഓരോ ചിത്രങ്ങളും. ഒരിക്കലെങ്കിലും ഇങ്ങനെയൊരു അവസ്ഥയിലൂടെ കടന്നു പോയിരുന്നല്ലോ എന്നു പലരും ചിന്തിച്ചു പോകുന്ന അവസ്ഥ. കഥാപാത്രത്തിന്‍റെ മാനസിക വ്യാപാരങ്ങളുടെ സൂക്ഷ്മ തലങ്ങളിലേക്കു സഞ്ചരിച്ച് ആത്മാവുള്ളൊരു പാത്രസൃഷ്ടിയുടെ പൂർണത നൽകാൻ എക്കാലത്തും ജോർജിനു കഴിഞ്ഞിരുന്നു. അധികമൊന്നും ആഘോഷിക്കപ്പെടാത പോയ ജോർജിന്‍റെ മിക്ക ചിത്രങ്ങളിലും ഈയൊരു സവിശേഷത കാണാൻ കഴിയും. മാസ്റ്റർപീസെന്ന വിശേഷണം നേടാത്ത ചിത്രങ്ങളിൽ പോലും ജോർജിന്‍റേതായ കൈയൊപ്പ് മായാതെ തന്നെ കിടക്കുന്നുണ്ട്. അധികമാർക്കും അനുകരിക്കാൻ കഴിയാത്ത വിധമുള്ള രേഖപ്പെടുത്തൽ തന്നെയാണിത്.
ജീവിതമാണല്ലോ ഏറ്റവും വലിയ പാഠപുസ്തകം. ജീവിതം പറയുമ്പോൾ, ആഗ്രഹങ്ങൾ സാധിച്ചു തരാനൊരു അമ്മയുണ്ടായതാണ് ഏറ്റവും വലിയ അനുഗ്രഹമെന്നു പലവട്ടം ജോർജ് ആവർത്തിച്ചിട്ടുണ്ട്. ജീവിതത്തെ മദ്യത്തിൽ അലിയിക്കാവുന്ന വലിയൊരു തമാശയായി കണ്ട അച്ഛന്‍റെ മകനായിട്ടാണു ജോർജ് ജനിച്ചത്. സൈൻ ബോർഡ് ആർട്ടിസ്റ്റ് എന്നതാണ് ആദ്യത്തെ ജീവിതവേഷം. വിധിയെഴുതുന്ന ചുവരെഴുത്തുകൾ മായ്ക്കാൻ കഴിയാതെ വാടകവീടുകളിൽ നിന്നും വാടകവീടുകളിലേക്കു ചേക്കേറിയ ബാല്യം.
ചിത്രകാരൻ എന്ന ആദ്യ വിശേഷണത്തിന്‍റെ തണലിലേക്ക് മാത്രം ഒതുങ്ങിയില്ല ആ ജീവിതം. സിനിമ കണ്ടും, പുസ്തകങ്ങൾ വായിച്ചും സർഗജീവിതത്തിന്‍റെ ഊർജം നിറച്ചു കൊണ്ടേയിരുന്നു. പക വീട്ടുന്നതു കാലത്തോടും സാഹചര്യങ്ങളോടുമായിരുന്നു. എസ്എസ്എൽസി പരീക്ഷയ്ക്ക് ഇംഗ്ലിഷിനു തോറ്റ ജോർജ്, വാശിയോടെ പഠിച്ചു പാസായി. ഭൂതകാലത്തെ വാശിയോടെ തോൽപ്പിച്ച വർത്തമാനകാലം ജോർജ് എന്ന പേര് രേഖപ്പെടുത്തുക തന്നെ ചെയ്തു.
ആട് കാട്ടിൽ കയറിയ അവസ്ഥ... ഇതായിരുന്നു ജോർജിന്‍റെ വായനാലോകം. എല്ലാ ഇലയും കടിച്ചു നോക്കി. കൈയിൽ കിട്ടിയതെല്ലാം വായിച്ചു. ഡിറ്റക്ടീവ് നോവലുകളും, കഥകളുമൊക്കെ വായിച്ചറിഞ്ഞു. അരവിന്ദന്‍റെ ചെറിയ ലോകവും വലിയ മനുഷ്യരുമൊക്കെ വല്ലാതെ സ്വാധീനിച്ചു. സ്വയം താരതമ്യപ്പെടുത്താനൊരു കഥാപാത്രമൊക്കെ മുമ്പിൽ വന്നു നിൽക്കുന്ന അനുഭവം. മുഖ്യകഥാപാത്രമായ രാമുവിൽ സ്വയം തിരിച്ചറിയാൻ കഴിഞ്ഞിരുന്നു അദ്ദേഹത്തിന്.
സിനിമാക്കാഴ്ചകളുടെ വസന്തം വിരിയുന്നതു ചങ്ങനാശേരിയിലും തിരുവല്ലയിലുമൊക്കെയാണ്. ഹോളിവുഡ്, യൂറോപ്യൻ സിനിമകളുടെ വസന്തം വിരിഞ്ഞ കൗമാരം.
സ്വയം രൂപപ്പെടുത്തിയെടുത്ത പശ്ചാത്തലത്തിൽ നിന്നു മോഹങ്ങളുടെ പ്രമോഷൻ ലഭിക്കുന്നതു ഫിലിം അപ്രീസിയേഷൻ കോഴ്‌സ് ചെയ്തതോടെയാണ്. സിനിമ പഠിക്കണമെന്ന മോഹം കലശലായി. ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കണമെന്ന ആഗ്രഹം നിറഞ്ഞു തന്നെ നിന്നു. ഒടുക്കം പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ പ്രവേശന പരീക്ഷയെഴുതി. എൻട്രൻസ് ടെസ്റ്റ് എഴുതാൻ ജോര്ജ് മദ്രാസിൽ ചെല്ലുമ്പോൾ ഒരു മലയാളിയെ പരിചയപ്പെട്ടൂ, രാമചന്ദ്രബാബു. പരീക്ഷ കഴിഞ്ഞു ചോദ്യങ്ങളെക്കുറിച്ചു ചര്‍ച്ച ചെയ്യുമ്പോള്‍ വിദേശ സിനിമകളുടെ വിജ്ഞാനം വിളമ്പിയ ജോര്‍ജ് അന്നേ രാമചന്ദ്രബാബുവിന് അത്ഭുതമായിരുന്നു. പിന്നീടു സ്വപ്നാടനം എന്ന ആദ്യസിനിമ പിറക്കുമ്പോൾ രാമചന്ദ്രബാബു ക്യാമറയ്ക്കു പിന്നിലുണ്ടായിരുന്നു. അന്നു തുടങ്ങിയ സൗഹൃദത്തിന്‍റെ നിയോഗം.
1968 മുതൽ 71 വരെയുള്ള ഇൻസ്റ്റിറ്റ്യൂട്ട് പഠനം സംഭവബഹുലമായിരുന്നു. ജയഭാദുരി, രവി മേനോൻ, ഡാനി, ക്യാമറമാൻ രാംചന്ദ്ര, കബീര്‍ റാവുത്തര്‍ തുടങ്ങിയവരൊക്കെ പഠനകാലത്തെ സമകാലികര്‍. സീനിയേഴ്‌സായി ബാലു മഹേന്ദ്രയും ജോണ്‍ എബ്രഹാമും. ഔപചാരിക സിനിമാപഠനത്തിന്‍റെ നാളുകൾക്കു ശേഷം രാമു കാര്യാട്ടിന്‍റെ സംവിധാന സഹായിയായി കെ. ജി. ജോർജ്. മായ, നെല്ല് തുടങ്ങിയ ചിത്രങ്ങളിൽ സഹായിയായി. പഠിച്ചതിന്‍റെ പ്രായോഗിക തലത്തിലുള്ള പരിശീലനമായിരുന്നു രാമു കാര്യാട്ടിനൊപ്പമുള്ള കാലം.
ആദ്യസിനിമയായ സ്വപ്നാടനത്തിന്‍റെ വഴി തുറക്കുന്നതു സുഹൃത്തായ പി. എ. ലത്തീഫ് വഴിയാണ്. കെ. ആർ. ഇന്‍റർനാഷണലിന്‍റെ ബാനറിൽ ബോംബെ മലയാളിയായ മുഹമ്മദ് ബാപ്പു കെ. ആർ ആണ് സ്വപ്‌നാടനം നിർമിച്ചത്. കടൽത്തീരത്ത് മണലിൽ മുഖം പൂഴ്ത്തിക്കിടക്കുന്ന നായകനിൽ നിന്നു തുടങ്ങിയ സ്വപ്‌നാടനം മലയാള സിനിമയിലെ വ്യത്യസ്ത കാഴ്ചാനുഭവം തന്നെയായിരുന്നു. സൈക്കോ മുഹമ്മദ് പറഞ്ഞ ഒരു കഥയിൽ നിന്നാണ് ജോർജ് സ്വപ്‌നാടനമെന്ന സിനിമ സ്വപ്‌നം കണ്ടു തുടങ്ങിയത്. സ്വപ്‌നാടനത്തിലെ മുഖ്യകഥാപാത്രത്തിനു നൽകിയതു സ്വന്തം സ്വഭാവ സവിശേഷതകളും മാനറിസങ്ങളും തന്നെയായിരുന്നു. ആ കഥാപാത്രത്തിനു ശബ്ദം നൽകിയതും കെ. ജി. ജോർജ് തന്നെ.
പിന്നീടങ്ങോട്ട് ജോർജിന്‍റെ ചിന്തകൾക്കു ദൃശ്യഭാഷ നൽകി നിരവധി സിനിമകളുണ്ടായി. ആ കാലത്ത് ശ്രദ്ധിക്കപ്പെടാതെ പോയ ചിത്രങ്ങൾ. ബോക്‌സോഫിസിൽ പരാജയമറിഞ്ഞപ്പോഴും പിന്നെയും സിനിമ എടുത്തു കൊണ്ടേയിരുന്നു. ഉൾക്കടലും, കോലങ്ങളുമൊക്കെ ശ്രദ്ധിക്കപ്പെട്ടു. പൊക്കം കുറഞ്ഞയാളെ നായകനാക്കി മേള അഭ്രപാളിയിലെത്തി. സർക്കസിലെ കോമാളി ജീവിതത്തിലും കോമാളിയാവുന്നതു കണ്ടു വേദനിച്ചു പലരും. മമ്മൂട്ടിക്ക് ആദ്യമായൊരു പ്രധാന കഥാപാത്രത്തെ ലഭിച്ച സിനിമയായിരുന്നു മേള. അതിനുശേഷമാണു വെള്ളിത്തിരയിൽ ജോർജിന്‍റെ "യവനിക' ഉയരുന്നത്.
പൂർണമായും നാടകപശ്ചാത്തലത്തിലൊരു കുറ്റാന്വേഷണ ചിത്രം. പിൽക്കാല സിനിമാക്കാർക്കൊരു പാഠപുസ്തകം തന്നെയായിരുന്നു യവനിക. പറഞ്ഞു പോകുന്നില്ലെങ്കിൽക്കൂടി ഓരോ കഥാപാത്രത്തിനും പൂർണത നൽകിയുള്ള സൃഷ്ടിയായിരുന്നു യവനിക. സ്ത്രീയും തബലയും മദ്യവുമൊക്കെ ഉന്മാദമാകുന്ന തബലിസ്റ്റ് അയ്യപ്പനെ കാണുന്നതൊക്കെയും ഫ്ലാഷ് ബാക്കിലാണ്. വർത്തമാനകാലത്തിൽ അദ്ദേഹം തിരോധാനം ചെയ്യപ്പെട്ട കഥാപാത്രം മാത്രം. എന്നിട്ടും ശക്തമായ കഥാപാത്രസൃഷ്ടിയുടെ കരുത്തിലും, ഗോപിയുടെ അഭിനയശേഷിയുടെ മികവിലും തബലിസ്റ്റ് അയ്യപ്പൻ എക്കാലത്തെയും മികച്ച കഥാപാത്രമായിത്തന്നെ ഇന്നും മലയാള സിനിമയുടെ പൂമുഖത്തു തന്നെ നിറഞ്ഞു നിൽകുന്നുണ്ട്.
അവാർഡ് സിനിമയെന്ന ആവർത്തിക്കുന്ന ഖ്യാതിക്കു ജോർജിന്‍റെ മറുപടിയായിരുന്നു പഞ്ചവടിപ്പാലം. വേളൂർ കൃഷ്ണൻകുട്ടിയുടെ പാലം അപകടത്തിൽ എന്ന കഥയെ ആസ്പദമാക്കിയൊരുക്കിയ പഞ്ചവടിപ്പാലം കാലത്തിനു മുമ്പേ സഞ്ചരിച്ച സിനിമയായിരുന്നു. സമാനമായ പല അവസ്ഥകളും പിൽക്കാലത്തു കേരളം കണ്ടു. ബലക്ഷയം കാരണം പാലാരിട്ടം പാലം പൊളിച്ചു തുടങ്ങിയതു പഞ്ചവടിപ്പാലം റിലീസ് ചെയ്തു മുപ്പത്താറു വർഷം തികയുന്ന ദിവസമായിരുന്നു എന്നൊരു യാദൃച്ഛികതയും കാലം കാത്തുവച്ചിട്ടുണ്ടായിരുന്നു. കേടില്ലാത്തതു കേടു വരുത്തുന്നതാണു ജനാധിപത്യമെന്ന രീതിയിലുള്ള കുറിക്കു കൊള്ളുന്ന സംഭാഷണങ്ങളും പഞ്ചവടിപ്പാലത്തിൽ നിറഞ്ഞിരുന്നു. കാർട്ടൂണിസ്റ്റ് യേശുദാസനുമായി ചേർന്നാണു കെ ജി ജോർജ് പഞ്ചവടിപ്പാലത്തിന്‍റെ രചന നിർവഹിച്ചത്. കഥാപാത്രങ്ങൾക്ക് നൽകിയ പേരുകളിൽ പോലും വ്യത്യസ്തതയുണ്ടായിരുന്നു, ദുശാസനക്കുറുപ്പ്, ശിഖണ്ഡിപ്പിള്ള, ജീമൂതവാഹനൻ, ബറാബാസ്......
ന്യൂ ജനറേഷൻ എന്ന പ്രയോഗം നിറയുന്നതിനു മുമ്പേ നവസിനിമകളുടെ വിത്തു പാകി മുളപ്പിച്ചെടുത്ത സംവിധായകനാണു കെ. ജി. ജോർജ്. മാറിച്ചിന്തിക്കുന്നതിനു പൂർണതയോടെ ദൃശ്യഭാഷ നൽകിയ സിനിമാക്കാരൻ. അദ്ദേഹത്തിന്‍റെ പല സിനിമകളും കാലത്തിനു മുമ്പേ പിറന്നതായിരുന്നു. പല സൃഷ്ടികളും പുറത്തിറങ്ങിയ ആ കാലത്തിന്‍റെ ദൃശ്യശീലങ്ങളോടു പലപ്പോഴും ചേർന്നു നിന്നില്ലെന്നതു സത്യം തന്നെയാണ്. പക്ഷേ സിനിമാക്കാഴ്ച്ചയുടെ സമൃദ്ധിയുണ്ണുന്ന പിൽക്കാലത്ത് ജോർജിന്‍റെ സൃഷ്ടികൾ പ്രേക്ഷകർ തിരിച്ചറിയുക തന്നെ ചെയ്തു. കാലത്തിന്‍റെ സെല്ലുലോയ്ഡിലാണ് കെ. ജി. ജോർജ് എന്ന പ്രതിഭയുടെ കൈയൊപ്പ് പതിഞ്ഞിരിക്കുന്നതെന്നു നിസംശയം പറയാം.
