

അംബാനി കുടുംബത്തിന്‍റെ ഗണേശ ചതുർഥി ആഘോഷത്തിൽ ബോളിവുഡ് താരങ്ങളുടെ വൻനിര
മുംബൈയിലെ അത്യാഡംബര വസതിയായ ആന്‍റിലിയയിൽ ഗണേശ ചതുർഥി ആഘോഷിച്ച് അംബാനി കുടുംബം. ‘ആന്‍റിലിയ ചാ രാജ’ പേരിൽ ഗണപതി വിഗ്രഹം ഒരുക്കി പരമ്പരാഗത ആചാരങ്ങളോടെയാണ് ആഘോഷം ഒരുക്കിയത്. ബോളിവുഡിലെ സൂപ്പർതാരങ്ങളുടെ വൻപടയായിരുന്നു ആഘോഷത്തിന്‍റെ ശ്രദ്ധാകേന്ദ്രം.
സൽമാൻ ഖാൻ, രൺബീർ കപൂർ, ആലിയ ഭട്ട്, കരീന കപൂർ, സെയ്ഫ് അലി ഖാൻ, കിയാര അദ്വാനി, സിദ്ധാർഥ് മൽഹോത്ര, രൺവീർ സിങ്, ജാൻവി കപൂർ, ഖുഷി കപൂർ, അർജുൻ കപൂർ, ദിഷ പട്ടാണി, കൃതി സനൻ, കരിഷ്മ കപൂർ, കരൺ ജോഹർ, കജോൾ, ബൊമ്മൻ ഇറാനി, അനിൽ കപൂർ, സഞ്ജയ് ദത്ത്, ജാക്കി ഷ്റോഫ്, രേഖ, വരുൺ ധവാൻ, ഭാര്യ നതാഷ ദലാൽ, റിതേഷ് ദേശ്മുഖ്, ജനീലിയ ഡിസൂസ, അനന്യ പാണ്ഡെ തുടങ്ങിയവർ ആഘോഷത്തിൽ പങ്കാളികളായി.
മക്കളായ തൈമൂർ, ജേ എന്നിവർക്കൊപ്പമാണ് കരീനയും സെയ്ഫും എത്തിയത്. ഭർത്താവ് ശ്രീരാം നെനയ്ക്ക് ഒപ്പമാണ് ബോളിവുഡിലെ പഴയകാല സൂപ്പർതാരമായ മാധുരി ദീക്ഷിത് പങ്കെടുത്തത്. മക്കളായ നൈസ ദേവ്ഗൺ, യുവ് ദേവ്ഗൺ എന്നിവർക്കൊപ്പമാണ് കജോൾ എത്തിയത്. ഷാരൂഖ് ഖാന്‍റെ ഭാര്യ ഗൗരി ഖാനും പങ്കെടുത്തു. സംവിധായകൻ ആറ്റ്ലി, ഭാര്യ പ്രിയ ആറ്റ്ലി എന്നിവരും എത്തിയിരുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ മുൻ താരങ്ങളായ സച്ചിൻ തെൻഡുൽക്കർ, ഹർഭജൻ സിങ് എന്നിവരും ആഘോഷത്തിൽ പങ്കുചേരാനെത്തി.
ആഡംബരത്തിൽ മുങ്ങി ആന്‍റിലിയ
ആന്‍റിലിയയുടെ പ്രവേശന കവാടവും പരിസരവും ആയിരക്കണക്കിന് ലൈറ്റുകളാൽ അലങ്കരിച്ചിരുന്നു. മേൽക്കൂരകളിൽ വെള്ളച്ചാട്ടം പോലെ ക്രമീകരിച്ച ഫെയറി ലൈറ്റുകളും പൂക്കളുടെ രൂപത്തിലുള്ള പരമ്പരാഗാത അലങ്കാരങ്ങളും ഒരുക്കിയിരുന്നു. ഇന്ത്യൻ ക്ഷേത്ര വാസ്തുശൈലിയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട അലങ്കാരങ്ങളും അകത്തളങ്ങളിൽ ശ്രദ്ധേയമായി. പൂക്കളുടെ രൂപങ്ങളുള്ള അലങ്കരിച്ച തൂണുകൾ, കൊത്തുപണികളുള്ള കമാനങ്ങൾ, വിവിധ പാളികളായ പശ്ചാത്തല അലങ്കാരങ്ങൾ എന്നിവ ആഡംബര ഭാവം സമ്മാനിച്ചു.
സ്വർണനിറത്തിലുള്ള പശ്ചാത്തലം ഒരുക്കിയാണ് ഗണപതി വിഗ്രഹം സ്ഥാപിച്ചിരുന്നത്. വിഗ്രഹത്തിന് സമീപം പരമ്പരാഗത പിച്ചള വിളക്കുകളും ദീപങ്ങളും ഒരുക്കിയിരുന്നു. കുടുംബാംഗങ്ങൾക്കും അതിഥികൾക്കുമായി അലങ്കരിച്ച തടി കസേരകളും ഐവറി നിറത്തിലുള്ള ഇരിപ്പിടങ്ങളുമാണ് ഒരുക്കിയിരുന്നത്.
ഗണേശ ചതുർഥി ആഘോഷത്തിൽ അംബാനി കുടുംബത്തിൽ നിന്ന് മുകേഷ് അംബാനി, നിത അംബാനി, അനന്ത് അംബാനി, രാധിക മർച്ചന്‍റ് തുടങ്ങിയവർ പങ്കെടുത്തു. ചുവപ്പ് നിറത്തിലുള്ള പരമ്പരാഗത വേഷത്തിൽ നിത അംബാനി എത്തിയപ്പോൾ, ഓറഞ്ച് നിറത്തിലുള്ള എംബ്രോയ്ഡറി ചെയ്ത വേഷത്തിലാണ് രാധിക മർച്ചന്‍റ് ചടങ്ങിൽ പങ്കെടുത്തത്. പരമ്പരാഗത ആഭരണങ്ങളും ഇരുവരുടെയും വേഷത്തിന് മാറ്റുകൂട്ടി.