"അമ്മാ.. ഞങ്ങള് കല്യാണം കഴിച്ചാലോന്ന് ആലോചിക്കുന്നുണ്ട്"; ഷാജിപ്പാപ്പന്‍റെ റേയ്ച്ചലിന് കല്യാണം, കുറിപ്പുമായി അമ്മ

പാലക്കാട് സ്വദേശിയായ ആനന്ദ് ആണ് വരൻ
Aadu actress Athira Patel to marry, mother’s emotional note

ആതിര പട്ടേലും ആനന്ദും

Updated on

ആട് സിനിമയിലൂടെ ശ്രദ്ധേയയായ നടി ആതിര പട്ടേൽ വിവാഹിതയാവുന്നു. ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പൻ എന്ന കഥാപാത്രത്തിന്‍റെ സഹോദരന്‍റെ മകൾ റേച്ചലിന്‍റെ വേഷത്തിലൂടെ ശ്രദ്ധനേടിയ നടിയാണ്. ആതിരയുടെ അമ്മ ഹേന സോഷ്യൽ മീഡിയയിലൂടെയാണ് വിവാഹവാർത്ത പങ്കുവച്ചത്. പാലക്കാട് സ്വദേശിയായ ആനന്ദ് ആണ് വരൻ. പ്രണയവിവാഹമാണ്.

‌വിവാഹനിശ്ചയത്തിന്‍റെ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ടാണ് അമ്മയുടെ കുറിപ്പ്. വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നതായി ആതിര തന്നെയാണ് വീട്ടുകാരെ അറിയിച്ചത്. മകൾ വിവാഹത്തേക്കുറിച്ച് പറഞ്ഞ് കേട്ടപ്പോൾ ഞെട്ടിപ്പോയി എന്നാണ് ഹേന കുറിക്കുന്നത്. വിവാഹം പെട്ടെന്ന് ആയിപ്പോയില്ലേ എന്ന് വീട്ടുകാർക്ക് സംശയമുണ്ടായിരുന്നു. എന്നാൽ തങ്ങളുടെ സംശയങ്ങളെല്ലാം ആതിര തീർത്തുകൊടുത്തു എന്നാണ് അമ്മയുടെ കുറിപ്പിൽ പറയുന്നത്.

ഹേനയുടെ കുറിപ്പ് വായിക്കാം

“അമ്മാ.. ഞങ്ങള് കല്യാണം കഴിച്ചാലോ ന്ന് ആലോചിക്കുന്നുണ്ട്..”

ഇന്ദൂന്റെ മോൾടെ കല്യാണത്തലേന്നത്തെ ഫങ്ഷന് പോകുന്ന വഴിയാണ് പാപ്പു ബോംബ് പൊട്ടിച്ചത്.. എന്റെ കിളി പോയി.. റിലേഷൻഷിപ്പിലാണ് എന്നറിയാമായിരുന്നു. അത് അത്യാവശ്യം നന്നായി പോകുന്നുണ്ട് എന്നും അറിയാമായിരുന്നു. പക്ഷേ, ആളെ ഞങ്ങൾ പരിചയപ്പെട്ടിട്ടില്ല.. കണ്ടിട്ടുണ്ട്.. ചിന്തു എന്ന് വിളിക്കുന്ന ആനന്ദ് ആണെന്ന് അറിയാം….

എങ്ങനെയുള്ള ആളാണെന്നറിയില്ല. വീട്ടുകാരെങ്ങനെ എന്നറിയില്ല.. ഒരു ഡീറ്റൈൽസും അറിയില്ല..അതൊക്കെ പോട്ടെ.. ഇത്രേം കാലം കല്യാണം വേണ്ട.. താല്പര്യമില്ല.. എന്നും പറഞ്ഞോണ്ടിരുന്ന പാപ്പൂന്റെ മനസ്സെങ്ങനെ മാറി എന്ന് മനസ്സിലാവുന്നുമില്ല.. എന്റെ കൺഫ്യൂഷൻ അവൾക്ക് കറക്ടായി മനസ്സിലായി.

“പേടിക്കണ്ട. നല്ലപോലെ ആലോചിച്ചിട്ടുതന്നെയാ.. എന്റെ idea of companionship ഉം അവന്റെ idea of marriage ഉം ഒന്നാണ്.. I am still against the typical marriage institution.. അവന്റെ കൂടെയുള്ള ലൈഫ് അങ്ങനെ ആവില്ല എന്ന് അവൻ ഉറപ്പുതന്നിട്ടുണ്ട്..”

“എന്നാൽ ഓക്കെ.. ”

“എല്ലാം നല്ലപടി പോയാൽ അടുത്ത ഡിസംബറിൽ കല്യാണം ആവാം..”

തിരിച്ചുവരാൻ തുടങ്ങിയ എന്റെ കിളികൾ വീണ്ടും പറന്നുപോയി.. ബാക്കിയുണ്ടായിരുന്ന കുഞ്ഞിക്കിളികളും കൂടെ പോയി..

“ഡിസംബറോ? എന്തിനാ അത്രയും നേരത്തേ?”

“അവന്റെ ചേട്ടൻ അപ്പോ ജർമനീന്ന് വരും. അവർക്കും പങ്കെടുക്കാനാ..”

“എന്നാലും അത് വല്ലാതെ നേരത്തെയായില്ലേ?”

“കൊറച്ച്… പക്ഷേ നിവൃത്തിയില്ല.. ”

“ഉം..”

“അവനെയും വീട്ടുകാരെയും പരിചയപ്പെടുമ്പോ അമ്മേടെ ടെൻഷനൊക്കെ മാറിക്കോളും..”

“ഉം...”

പിന്നെ അങ്ങോട്ട് പാറിപ്പറക്കുന്ന കിളികളുമായി രണ്ടുമൂന്ന് ദിവസം.. അതുകഴിഞ്ഞ് ഓക്കെ ആയി.. പിന്നെ അവൾ ഏട്ടനോട് പറഞ്ഞു… ഏട്ടൻ വളരെ കൂളായിരുന്നു.. അച്ചൂന് കാര്യങ്ങൾ മുമ്പേ അറിയാമായിരുന്നു. പക്ഷേ ഡിസംബറിൽ കല്യാണം എന്ന് കേട്ടപ്പോൾ അവൻ അവിശ്വാസമോ വിസമ്മതമോ ടെൻഷനോ ഒക്കെയുള്ള മുഖഭാവവുമായി എന്റെയടുത്തു വന്നു..

“ഡിസംബർ എന്നു പറഞ്ഞാൽ, ഒരു കൊല്ലമേയുള്ളൂ..”

“അറിയാം”

“too soon.. too soon..”

“സാരമില്ലെടാ. നമുക്ക് നോക്കാം..”

ഒരു ദിവസം ചിന്തു വീട്ടിൽ വന്നു.. അതിനു മുമ്പ് കണ്ടിട്ടുണ്ടെങ്കിലും കാര്യമായി സംസാരിച്ചിട്ടില്ലായിരുന്നു.. അന്ന് ഊണുകഴിക്കുമ്പോൾ ഞങ്ങൾ ശരിക്കും പരിചയപ്പെട്ടു.. വളരെ വ്യക്തമായ കാഴ്ചപ്പാടുകളുള്ള, വ്യക്തിയാണ് എന്നത് മനസ്സിലാക്കി.

പിന്നെ അമ്മ, കുട്ടൻ, ഗീതു… അങ്ങനെ ഓരോരുത്തരോടായി കാര്യം പറഞ്ഞു.. അമ്മ വിശ്വസിച്ചതേയില്ല.. അവൾ തമാശ പറയുകയാണെന്നാ കരുതിയത്. ഒടുവിൽ ചിന്തുവിനെ മുന്നിൽ കൊണ്ടുവന്ന് നിർത്തി. അപ്പോഴാണ് അമ്മയ്ക്ക് വിശ്വാസം വന്നത്.. എന്നിട്ടൊരു ചോദ്യം അവനോട്..

“നല്ലോണം ആലോചിച്ചിട്ടാണല്ലോ അല്ലേ?” ന്ന്..

“അതെ” എന്ന് അവൻ..

ഇതേ ചോദ്യം അവൻ പലരിൽനിന്നും കേട്ടു.. അപ്പോഴൊക്കെ ചിരിച്ചുകൊണ്ട് ഉറച്ചസ്വരത്തിൽ അവൻ പറഞ്ഞു..

“എനിക്ക് എന്നെ വിശ്വാസമാണ്.. ”

അത് വളരെ ആഴമുള്ള വാചകമാണ്.. അതിനേക്കാൾ വലിയ ഉറപ്പൊന്നും ഞങ്ങൾക്ക് ആവശ്യമില്ലായിരുന്നു..പിന്നെ അവന്റെ അമ്മയെയും അച്ഛനെയും കണ്ടു.. കുറേക്കാലം കഴിഞ്ഞു കാണുന്ന ഏതോ ബന്ധുക്കളെ കാണുന്ന പോലെ കലപില വർത്താനം പറഞ്ഞു..അവരുടെ വീട്ടിൽ ഞങ്ങൾ പോയി..അവർ ഇങ്ങോട്ട് വന്നു.. ഫുഡടിച്ച് പാട്ടൊക്കെ പാടി ഏതാണ്ട് ഓണത്തിന് ഞങ്ങൾ കൂടുന്നതിന്റെ ഒരു വിപുലീകരിച്ച വെർഷൻ പോലെ ആയിരുന്നു ആ വിസിറ്റുകൾ…

അവരുടെ വീട്ടുകാർ അത്യാവശ്യം റിലീജിയസ് ആണെന്ന് കേട്ടപ്പോൾ ഒരു ടെൻഷനുണ്ടായിരുന്നു. ഞങ്ങൾ അതല്ല.. പാപ്പു ഒട്ടുമല്ല.. അത് എങ്ങനെ അഡ്ജസ്റ്റ് ആവുമെന്ന ടെൻഷൻ…

ഭൂരിപക്ഷം ആൾക്കാരും റിലീജിയസ്സായ സമൂഹത്തിൽ നോൺ റിലീജിയസ് ആൾക്കാരുടെ ജീവിതം മൊത്തം അഡ്ജസ്റ്റ്മെന്റ് ആണെങ്കിലും, അത് എല്ലാവരും പ്രതീക്ഷിക്കുന്നതാണല്ലോ.. റിലീജിയസ് ആൾക്കാർ പൊതുവെ അത്ര ഫ്ലെക്സിബിളാവുന്നത് പലപ്പോഴും കുറവായതിനാൽ അത്തരക്കാരെ കാണുന്നത് വളരെ സന്തോഷമാണ്.. ചിന്തുവിന്റെ വീട്ടുകാർ അങ്ങനെ ആണ്..

“നമ്മള് വളർന്ന പോലെ അല്ലല്ലോ ഇപ്പോ… കുട്ടികളുടെ ഇഷ്ടം എന്താച്ചാ ആയിക്കോട്ടെ..” എന്നും പറഞ്ഞ് പാപ്പൂന്റെ ഇഷ്ടങ്ങൾ പരിഗണിക്കുന്നത് കാണുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസം..

അവൾ അവരോട് സംസാരിക്കുന്നതോ പെരുമാറുന്നതോ കാണുമ്പോൾ ആദ്യമൊക്കെ ചെറിയ പേടിയുണ്ടായിരുന്നു. പക്ഷേ ആ കാര്യത്തിൽ അവൾ ക്ലിയറായിരുന്നു...

“ഞാൻ എന്താണോ അതുതന്നെയേ അവരുടെ മുന്നിൽ പ്രെസെന്റ് ചെയ്യാൻ വിചാരിച്ചിട്ടുള്ളൂ.. അല്ലാതെ കല്യാണം കഴിയാൻ വേണ്ടി അഭിനയിക്കാൻ എന്നെ കിട്ടില്ല.. എന്റെ പ്ലസ്സും മൈനസും എല്ലാം അറിഞ്ഞിട്ട് അവരെന്നെ സ്വീകരിച്ചാൽ മതി.. എനിക്ക് എന്റെ വീട്ടിൽ നില്ക്കുന്ന പോലെ ഫ്രീയായി അവിടെ പെരുമാറാൻ പറ്റണം.. അതിന് ഞാൻ ഞാനായിരിക്കണം.. അതവർക്ക് മനസ്സിലാക്കാനും പറ്റണം..”

അവൾ പറഞ്ഞതാണ് ശരിയെന്ന് തോന്നി.. ഇനിയിപ്പോ അവളുടെ സ്വഭാവങ്ങളെല്ലാം മനസ്സിലായിക്കിയിട്ട് ഇത് ശരിയാവില്ല എന്ന് അവർ പറഞ്ഞാലും അത് നല്ലതിനാണ്.. കല്യാണം കഴിഞ്ഞിട്ടുണ്ടാവുന്ന പ്രശ്നങ്ങളേക്കാൾ നല്ലതാണല്ലോ…

പക്ഷേ അവിടെയും അവരെന്നെ അമ്പരപ്പിച്ചു.. അവളെന്താണോ അങ്ങനെ ഉൾക്കൊള്ളാൻ അവർ തയ്യാറായി.. ഇഷ്ടപ്പെടാത്തതുണ്ടെങ്കിൽ തുറന്നുപറയുമെന്നും വഴക്കുകൂടുമെന്നും, എന്നാലും അവളെ മാറ്റിയെടുക്കാൻ ശ്രമിക്കില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു..

എന്തിനധികം പറയുന്നു… ഈ കഴിഞ്ഞ ഞായറാഴ്ച്ച ഞങ്ങളതങ്ങ് ഒഫിഷ്യലാക്കി… വീട്ടിൽ വെച്ചു നടന്ന ചെറുതാക്കണമെന്ന് ആഗ്രഹിച്ച് അത്ര ചെറുതല്ലാതെ നടന്ന പരിപാടിയിൽവെച്ച് കുട്ടികളും അച്ഛനമ്മമാരും ഒപ്പിട്ട് കാര്യങ്ങൾ ഉറപ്പിച്ചു..

(ചിന്തു, വീട്ടുകാര് എന്നൊക്കെ പറഞ്ഞേ ഉള്ളൂ ല്ലേ.. പേര് പറയാൻ വിട്ടു..പാലക്കാട് പട്ടഞ്ചേരിയിലാണ് വീട്.. ചിന്തു എന്ന ആനന്ദ് - ഇപ്പോ കൊച്ചിയിൽ ഒരു സ്കിൻ കെയർ ബ്രാൻഡിന്റെ ഡിജിറ്റൽ മാർക്കറ്റിങ് സ്ട്രാറ്റജിസ്റ്റ് ആയി വർക്ക് ചെയ്യുന്നു.. അമ്മ സയീ സുമതി മ്യൂസിക് ടീച്ചറായിരുന്നു. അച്ഛൻ എട്ടിരൻകണ്ടത്ത് മുരളീധരൻ നേവിയിലായിരുന്നു. ചേട്ടൻ വിനീത് - ഭാര്യ മേഘ്ന - രണ്ടുപേരും ജർമ്മനിയിലാണ്. )

പിള്ളേരടെ കയ്യും കാലും പിടിച്ച് കിട്ടിയ കുറച്ച് ഫോട്ടോസ് ചേർക്കുന്നു. കല്യാണം ആവുമ്പോഴേക്കും മുഴുവൻ ഫോട്ടോസും കാണാൻ പറ്റുമായിരിക്കും.. എന്നാ ശരി.. ഈ അമ്മായിയമ്മ-to-be പോയിട്ട് വരാം.’’

logo
Metro Vaartha
www.metrovaartha.com