''വലി, കുടി, ആദ്യം തരിക്കും, പിന്നെ കുത്തിത്തരിക്കും...'', രസകരമായ ട്രെയിലറുമായി ആപ് കൈസേ ഹോ
വലി, കുടി, ആദ്യം തരിക്കും. പിന്നെ കുറ്റിത്തരിക്കും, എന്നിട്ട് എല്ലാം മാറ്റിമറിക്കും... ഇന്നെന്‍റെ ബാച്ചിലേഴ്സ് പാർട്ടിയായിരുന്നു. അടുത്തയാഴ്ച്ച എന്‍റെ കല്യാണമാണ്....
ക്രിസ്റ്റിയുടെ ബാച്ചിലേഴ്സ് പാർട്ടിക്കിടയിലെ സംഭവവികാസങ്ങളുമായി ആപ് കൈസേ ഹോ എന്ന ചിത്രത്തിന്‍റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. ധ്യാൻ ശ്രീനിവാസന്‍റെ തിരക്കഥയിൽ നവാഗതനായ വിനയ് ജോസ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ പ്രധാന പശ്ചാത്തലവും ഈ ബാച്ചിലേഴ്സ് പാർട്ടിയാണ്.
പൂർണമായും നർമ മുഹൂർത്തങ്ങളിലൂടെ അവതരിപ്പിക്കുന്ന ഈ ചിത്രം ഒരു സംഘം ചെറുപ്പക്കാരന്‍റെ സൗഹൃദത്തിന്‍റെ കഥയാണ് പറയുന്നത്. അജൂസ് എബൗ വേൾഡ് എന്‍റർടെയ്ൻമെന്‍റിന്‍റെ ബാനറിൽ മാനുവൽ ക്രൂസ് ഡാർവിൻ, അംജിത് എന്നിവരാണ് ഈ ചിത്രം നിർമിക്കുന്നത്.
ഫെബ്രുവരി ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നതിന്‍റെ മുന്നോടിയായാണ് ട്രെയിലർ പുറത്തുവിട്ടിരിക്കുന്നത്. ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, സൈജു കുറുപ്പ്, ദിവ്യദർശൻ, തൻവി റാം, സുരഭി സന്തോഷ്, ധർമജൻ ബോൾഗാട്ടി, രമേഷ് പിഷാരടി, സുധീഷ്, ഇടവേള ബാബു, ജീവ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. ഇവർക്കൊപ്പം ശ്രീനിവാസനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.
സ്വാതി ദാസിന്‍റെ ഗാനങ്ങൾക്ക് ഡോൺ വിൻസന്‍റ് സംഗീതവും പശ്ചാത്തല സംഗീതവും പകരുന്നു. അഖിൽ ജോർജ് ഛായാഗ്രഹണവും ഒരെതിൻ രാധാകൃഷ്ണൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
