

അഭിരാമി സുരേഷും ഫാമിലിയും
തങ്ങളുടെ അച്ഛനെ അവസാന കാലത്ത് സംരക്ഷിച്ചില്ലെന്ന സോഷ്യൽ മീഡിയ പ്രചരണത്തിനെതിരേ പ്രതികരണവുമായി ഗായിക അഭിരാമി സുരേഷ്. ഒരു വ്യക്തി പറഞ്ഞ കാര്യം വളച്ചൊടിച്ച് പലരും വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്നുവെന്നും സത്യം അറിയാതെ കല്ലെറയുകയാണെന്നും അഭിരാമി പങ്കുവച്ച് വീഡിയോയിൽ പറയുന്നു.
മരിക്കുന്നതിന് കുറച്ച് കാലം മുമ്പ് വരെ ഗായിക അമൃത സുരേഷിന്റെ പിതാവ് തന്റെ സ്ഥാപനത്തിൽ ഉണ്ടായിരുന്നുവെന്ന് എറണാകുളത്ത് പ്രവർത്തിക്കുന്ന ചാരിറ്റബിൾ ട്രസ്റ്റിലെ ഭാരവാഹി പറഞ്ഞ വാക്കുകളാണ് വിമർശനങ്ങൾക്ക് വഴിവച്ചത്.
മരിച്ചവരെയോ പ്രായമായവരെയോ പോലും വേട്ടയാടുന്ന സോഷ്യൽ മീഡിയ വെറുതെ വിടില്ല എന്ന കാര്യം വളരെ വേദാജനകമാണ്. ഒരു കുടുംബം എത്ര മാത്രമാണ് സൈബർ ബുള്ളിയിങ്ങിന് ഇരകളാകുന്നത്? ഇതിന് ഒരു പരിധിയുണ്ടാകേണ്ടതില്ലേ? ഇത്തവണ അത് എല്ലാ പരിധികളും ലംഘിച്ചു. ഞങ്ങളുടെ ജീവിതം, കുടുംബം, മരിച്ചുപോയ എന്റെ അച്ഛനെപ്പോലും വിവാദത്തിലേക്ക് വലിച്ചിഴച്ചു.
ഞങ്ങളുടെ ജീവിതം ഒരിക്കലും നിങ്ങളിൽ നിന്ന് മറച്ചുവച്ചിട്ടില്ല. ഒരുമിച്ച് നിന്ന ഒരു ചെറിയ കുടുംബമാണ് ഞങ്ങളുടേത്. ജീവിതത്തിലെ എല്ലാം ഒന്നിച്ച് നേരിട്ട്, ഒന്നിച്ച് കരഞ്ഞ്, ഒന്നിച്ച് ചിരിച്ച് മുന്നോട്ടു പോയവർ. എന്റെ അച്ഛൻ ആശ്രമങ്ങളുടെയും ട്രസ്റ്റുകളുടെയും പ്രവർത്തനങ്ങളിലും സജീവമായിരുന്നു. സംഗീതത്തോടും കുടുംബ ജീവിതത്തോടുമൊപ്പം ആത്മീയതയോടുള്ള താത്പര്യവും മറ്റുള്ളവർക്കായി സേവനം ചെയ്യാനുള്ള മമസും അദ്ദേഹത്തിനുണ്ടായിരുന്നു. മറ്റുള്ളവരെ സഹായിക്കാൻ അവസരം കിട്ടുമ്പോൾ അദ്ദേഹം ഒരിക്കലും പിന്നോട്ടു പോയിട്ടില്ല. ഞങ്ങളുടെ കുടുംബത്തെ അടുത്തറിയുന്ന എല്ലാവർക്കും ഇതറിയാം.
അച്ഛൻ ഈ ലോകം വിട്ടുപോയിട്ടും ആളുകൾ അദ്ദേഹത്തിന് സമാധാനം കൊടുക്കുന്നില്ല. സത്യം അറിയാതെ ആളുകളെ കല്ലെറിയുന്നത് നിർത്തൂ. പകുതി കഥ കേട്ട് ആരുടെയെങ്കിലും പ്രതിച്ഛായ തകർക്കരുത്. എന്‍റെ അമ്മയെക്കുറിച്ചെങ്കിലും ഒരിക്കലെങ്കിലും ചിന്തിക്കൂ'', അഭിരാമി പറയുന്നു