
റോഷ്ന ആൻ റോയ്, കിച്ചു ടെല്ലാസ്
തിരക്കഥാകൃത്തും നടനുമായ കിച്ചു ടെല്ലാസുമായി പിരിയുന്നുവെന്ന് പ്രഖ്യാപിച്ച് നടി റോഷ്ന ആൻ റോയ്. അഞ്ച് വർഷം നീണ്ട വിവാഹബന്ധം അവസാനിപ്പിക്കുകയാണെന്ന് സമൂഹമാധ്യമങ്ങളിലൂടെയാണ് താരം വെളിപ്പെടുത്തിയത്. അജഗജാന്തരത്തിന്‍റെ തിരക്കഥാകൃത്തു കൂടിയാണ് കിച്ചു ടെല്ലാസ്. സമൂഹമാധ്യമങ്ങൾക്ക് ആഘോഷിക്കാൻ വേണ്ടിയല്ല , ഇതാണ് വെളിപ്പെടുത്തേണ്ട ശരിയായ സമയം എന്നു തോന്നിയതു കൊണ്ടാണ് ഇപ്പോഴിത് പറയുന്നത്. ഞങ്ങൾ രണ്ടു പേരും സമാധാനത്തോടെ ജീവിക്കാൻ അർഹരാണ്, പക്ഷേ രണ്ട് പാതകളിലാണെന്ന് മാത്രം. രക്തത്തിനു തന്നെയാണ് വെള്ളത്തേക്കാൾ കട്ടി.
അതുകൊണ്ടു തന്നെയാണ് ഞാൻ മാറി നിന്ന് നിങ്ങൾക്കാവശ്യമായ ഇടം നൽകുന്നത്. ഞാൻ സ്വതന്ത്രയാകുന്നു, അവനും സ്വതന്ത്രനാകുന്നു. എല്ലാവർക്കും സമാധാനമാകട്ടേയെന്ന് ആശംസിക്കുന്നു. എനിക്കിതിൽ നിന്ന് പുറത്തു വന്നേ മതിയാകുമായിരുന്നുള്ളൂ, പക്ഷേ അതൊട്ടും എളുപ്പമല്ല. ചിലർക്കെല്ലാം സന്തോഷമാകുമായിരിക്കും, അവരുടെ സന്തോഷം തുടരട്ടേയെന്ന് ആത്മാർഥമായി പ്രാർഥിക്കുന്നു. ഞങ്ങൾ വളരെ അടുത്ത സുഹൃത്തുക്കളായിരുന്നു, ചില രീതിയിൽ ഇപ്പോഴും ആണ്. ഒരിക്കൽ ഒന്നിച്ചു, ഇപ്പോൾ പിരിയുന്നു. ജീവിതം മുന്നോട്ടു പോകേണ്ടതുണ്ട്. സ്വകാര്യതയെ മാനിച്ച് മുന്നോട്ടു പോകാൻ ഞങ്ങളെ സഹായിക്കണമെന്നും നടി കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഒമർ ലുലുവിന്‍റെ അടാർ ലൗവിലൂടെയാണ് റോഷ്ന സിനിമയിൽ ശ്രദ്ധ പിടിച്ചു പറ്റിയത്. സുൽ ധമാക്ക, പാപം ചെയ്യാത്തവർ കല്ലെറിയട്ടെ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. അങ്കമാലി ഡയറീസ്, തണ്ണീർ മത്തൻ ദിനങ്ങൾ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ നടനാണ് കിച്ചു ടെല്ലാസ്. വർണ്യത്തിൽ ആശങ്ക എന്ന ചിത്രത്തിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു.