വലിയ രീതിയിൽ ആക്രമിക്കപ്പെട്ടപ്പോഴും 'അമ്മ'യിലെ ഒരാൾ പോലും പിന്തുണച്ചില്ല: ഇടവേള ബാബു

പെയ്ഡ് സെക്രട്ടറിയെന്ന് പരിഹസിക്കപ്പെട്ടപ്പോൾ അതിനെതിരേ അമ്മയിലെ അംഗങ്ങൾ ആരും പ്രതികരിച്ചില്ല.
ഇടവേള ബാബു
ഇടവേള ബാബു

കൊച്ചി: സമൂഹമാധ്യമങ്ങളിലൂടെ വലിയ രീതിയിൽ ആക്രമിക്കപ്പെട്ടപ്പോഴും അമ്മയിലെ ഒരാൾ പോലും തന്നെ പിന്തുണച്ചില്ലെന്ന് ഇടവേള ബാബു. നീണ്ട ഇരുപത്തിയഞ്ച് വർഷം അമ്മയുടെ ജനറൽ സെക്രട്ടറിയായിരുന്നു ഇടവേള ബാബു. പദവിയൊഴിയുന്നതിനു മുന്നോടിയായി അംഗങ്ങളെ അഭിസംബോധന ചെയ്തപ്പോഴാണ് താരം താൻ നേരിട്ട പ്രതിസന്ധികളെക്കുറിച്ച് തുറന്നു പറഞ്ഞത്. സംഘടനയുടെ പ്രവർത്തനങ്ങളിൽ മമ്മൂട്ടിയും മോഹൻലാലും ഇന്നസെന്‍റും അടക്കമുള്ളവർ വലിയ പിന്തുണ നൽകിയിരുന്നു. എന്നാൽ സംഘടന വലിയ പ്രതിസന്ധിയിലൂടെ കടന്നു പോയപ്പോൾ പലരും തന്നെ ബലിയാടാക്കി. പെയ്ഡ് സെക്രട്ടറിയെന്ന് പരിഹസിക്കപ്പെട്ടപ്പോൾ അതിനെതിരേ അമ്മയിലെ അംഗങ്ങൾ ആരും പ്രതികരിച്ചില്ല. പദവിയിലിരിക്കേ അത്തരം ആരോപണങ്ങളോട് പ്രതികരിക്കുന്നത് ബുദ്ധിമുട്ടാണ്. എന്നാൽ പദവിയിലുള്ളവർക്കു വേണ്ടി മറ്റുള്ളവർക്ക് സംസാരിക്കാമായിരുന്നു. അടുത്ത ഭരണസമിതിയിലുള്ളവർ ഇത്തരം പ്രശ്നങ്ങളിലൂടെ കടന്നു പോകുമ്പോൾ പിന്തുണ നൽകണമെന്നും ഇടവേള ബാബു പറഞ്ഞു.

ജഗതി ശ്രീകുമാറാണ് ജനറൽ സെക്രട്ടറിക്ക് പ്രതിഫലം നൽകണമെന്ന് ആദ്യമായി ആവശ്യപ്പെട്ടത്. അതു കഴിഞ്ഞ് 9 വർഷങ്ങൾക്കു ശേഷമാണ് 30,000 രൂപ വീതം അലവൻസ് നൽകാൻ തുടങ്ങിയത്. കഴിഞ്ഞ ഭരണസമിതി അത് 50,000 രൂപയായി ഉയർത്തി.

അതിൽ 20,000 രൂപ ഡ്രൈവർക്കും 20,000 രൂപ ഫ്ലാറ്റിനുമാണ് നൽകുന്നത്. ബാക്കി പതിനായിരം രൂപ മാത്രമാണ് സ്വന്തം ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത്. താൻ ജനറൽ സെക്രട്ടറിയായിരുന്ന കാലത്ത് ഒരു ദിവസം പോലും സിനിമാ ഷൂട്ടിങ് മുടങ്ങിയിട്ടില്ല. അതു മാത്രമല്ല ആറര കോടി രൂപ സംഘടനയ്ക്കായി ബാക്കി വച്ചിട്ടാണ് താൻ പടിയിറങ്ങുന്നതെന്നും ഇടവേള ബാബു വ്യക്തമാക്കി.

Trending

No stories found.

Latest News

No stories found.