Madhu birthday
മധു

വെള്ളിത്തിരയിലെ മധുമന്ദഹാസം

മലയാള സിനിമയുടെ കാരണവരായ മാധവൻ നായർ എന്ന മധുവിന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ

പി.ബി. ബിച്ചു

പകർന്നാട്ടങ്ങളിലൂടെ ആസ്വാദക മനസിൽ ഇടംനേടിയ മഹാനടന്, മലയാള സിനിമയുടെ കാരണവരായ മാധവൻ നായർ എന്ന മധുവിന് തൊണ്ണൂറ്റിയൊന്നാം പിറന്നാൾ. നായകനായും പ്രതിനായകനായും മലയാളത്തെ വിസ്മയിപ്പിച്ച നാട്യവിസ്മയം പ്രേക്ഷക മനസിൽ ചിരപ്രതിഷ്ഠ നേടിയിട്ട് ആറു പതിറ്റാണ്ട് പിന്നിടുമ്പോഴും തനിക്ക് പാകമായ വേഷങ്ങളെത്തിയാൽ ഇപ്പോഴും ഒരു കൈ നോക്കാമെന്ന് ചെറു മന്ദഹാസത്തോടെ അദ്ദേഹം പറയും. തിരുവനന്തപുരം കണ്ണമ്മൂലയിലെ ശിവഭവനത്തിൽ കഴിയുന്ന പ്രിയ താരത്തിന് ജന്മദിനത്തിൽ പ്രത്യേക ആഘോഷ പരിപാടികളൊന്നും തീരുമാനിച്ചിട്ടില്ലെങ്കിലും ചലച്ചിത്രരംഗത്തെ വിവിധ മേഖലകളിൽ 61 വർഷത്തെ അദ്ദേഹത്തിന്‍റെ സംഭാവനകൾ സമഗ്രമായി വിവരിച്ചുകൊണ്ടുള്ള www.madhutheactor.com എന്ന വെബ്സൈറ്റ്, ജനങ്ങളിലേക്കെത്തുന്നതാണ് തൊണ്ണൂറ്റിയൊന്നാം പിറന്നാളിന്‍റെ പ്രത്യേകത.

അദ്ദേഹത്തിന്‍റെ മകൾ ഉമയും മരുമകൻ കൃഷ്ണകുമാറും ചേർന്നാണ് വെബ് സൈറ്റ് ഒരുക്കിയിരിക്കുന്നത്. മധുവിന്‍റെ സിനിമ സഹപ്രവർത്തകർ, കലാ, സാംസ്കാരിക, സാഹിത്യ രംഗത്തെ പ്രഗത്ഭർ, സുഹൃത്തുക്കൾ തുടങ്ങിയവർ സമൂഹ്യ മാധ്യമങ്ങളിലൂടെ വെബ് സൈറ്റ് ജനങ്ങൾക്ക് സമർപ്പിക്കുന്നു.

450 ലധികം ചിത്രങ്ങൾ, 150 ഹിറ്റ് ഗാനങ്ങൾ, മധുവിന്‍റെ ജീവചരിത്രം, അഭിമുഖങ്ങൾ, അമിതാഭ് ബച്ചൻ, മമ്മൂട്ടി, മോഹൻലാൽ, കമൽഹാസൻ, ശ്രീകുമാരൻ തമ്പി, എം.ടി.വാസുദേവൻ നായർ, അടൂർ ഗോപാലകൃഷ്ണൻ, ഷീല, ശാരദ, സത്യൻ അന്തിക്കാട് ഉൾപ്പടെ പ്രശസ്ത വ്യക്തികൾ മധുവിനെ കുറിച്ച് എഴുതിയ ലേഖനങ്ങൾ തുടങ്ങി ഒട്ടേറെ വിശേഷങ്ങൾ ഉൾപെടുന്ന ഈ വെബ്സൈറ്റ് പിറന്നാൾ‌ ദിവസം അദ്ദേഹത്തിനുള്ള ഒരു സമർപ്പണമായാണ് ഒരുക്കിയിരിക്കുന്നത്.

ഇതിനോടകം 450ൽ പരം സിനിമകളിൽ അഭിനയിച്ച അദ്ദേഹം 12 സിനിമകൾ സംവിധാനം ചെയ്യുകയും 15 സിനിമകൾ നിർമ്മിക്കുകയും ചെയ്തു. മലയാള സിനിമ മേഖലയ്ക്കു നൽകിയ സമഗ്ര സംഭാവനകൾക്ക് 2004-ൽ കേരള സർക്കാർ ജെ.സി.ഡാനിയേൽ അവാർഡ് നൽകി അദ്ദേഹത്തെ ആദരിച്ചു. കലാരംഗത്തെ സംഭാവനകൾക്ക് 2013ൽ ഇന്ത്യാ ഗവൺമെന്‍റ് അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചു. നടൻ എന്നതിനൊപ്പം നിലവിൽ ഇപ്റ്റ (ഇന്ത്യൻ പീപ്പിൾസ് തിയറ്റർ അസോസിയേഷൻ) സംസ്ഥാന പ്രസിഡന്‍റായി സാംസ്കാരിക രംഗത്തും മധു നിറഞ്ഞു നിൽക്കുന്നു.

നാടകം മോഹിച്ച് സിനിമയിൽ

തിരുവനന്തപുരം മേയറായിരുന്ന പരമേശ്വരൻ പിള്ളയുടെയും തങ്കമ്മയുടേയും മൂത്തപുത്രനായി 1933 സെപ്റ്റംബർ 23നാണ് ജനനം. പഠനകാലത്ത് നാടക രംഗത്ത് സജീവമായിരുന്നെങ്കിലും പിന്നീട് കലാപ്രവർത്തനങ്ങൾക്ക് അവധി നൽകി പഠനത്തിൽ ശ്രദ്ധകേന്ദ്രീകരിക്കുകയായിരുന്നു. ബനാറസ് ഹിന്ദു സർവകലാശാലയിൽനിന്ന് ബിരുദവും തുടർന്ന് ബിരുദാനന്തര ബിരുദവും നേടി. 1957 മുതൽ 1959 വരെയുള്ള കാലഘട്ടത്തിൽ നാഗർകോവിലിലെ എസ് ടി ഹിന്ദു കോളെജിലും സ്‌കോട്ട് ക്രിസ്ത്യൻ കോളെജിലും ഹിന്ദി അധ്യാപകൻ ആയും സേവനമനുഷ്ഠിച്ചു.ഒരിക്കൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ പരസ്യം പത്രത്തിൽ കണ്ട അദ്ദേഹം തന്‍റെ പഴയ സിനിമാ മോഹവും ചേർത്തു പിടിച്ച് ഡൽഹിക്ക് വണ്ടി കയറി. 1959 ൽ നാഷണൽ സ്‌കൂൾ ഓഫ് ഡ്രാമയുടെ ആദ്യ ബാച്ചിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ഏക മലയാളിയായ മധു തന്‍റെ ജോലി രാജിവെച്ച് സിനിമയിലേക്ക് പോകുന്നതിൽ വലിയ എതിർപ്പുകളുമുണ്ടായിരുന്നു. ഡൽഹിയിലെ പഠനകാലത്താണ് അടൂർ ഭാസിവഴി രാമു കാര്യാട്ടുമായി അടുപ്പത്തിലാകുന്നത്. ഇത് പിന്നീട് സിനിമാ ബന്ധങ്ങൾക്കും വഴിമരുന്നിട്ടു. ഇടക്ക് ഡൽഹിയിലെ മലയാളി അസോസിയേഷനുമായി ബന്ധപ്പെട്ട് നാടകങ്ങള്‍ അവതരിപ്പിക്കുന്നതില്‍ മധു മുന്നിലുണ്ടായിരുന്നു. ദല്‍ഹി കോര്‍പ്പറേഷന്‍ എല്ലാ വര്‍ഷവും വിവിധ ഭാഷകളില്‍ നിന്നുള്ള നാടകങ്ങള്‍ ഉള്‍പ്പെടുത്തി നാടക മത്സരം നടത്തിയിരുന്നു. 1961 ല്‍ അത്തരത്തില്‍ സംഘടിപ്പിക്കപ്പെട്ട മത്സരത്തില്‍ പതിനാല് ഭാഷകളില്‍ നിന്നുള്ള നാടകങ്ങളെ പിന്‍തള്ളി മധു സംവിധാനം ചെയ്ത "മെഴുകുതിരി' എന്ന നാടകം മികച്ചതായി. പഠനം പൂർത്തിയാക്കിയശേഷം നാടക രംഗത്ത് സജീവമാകാനായിരുന്നു ഉദ്ദേശ്യമെങ്കിലും 1962ൽ മാധവൻ നായർ എന്ന മധു മലയാള ചലച്ചിത്ര ലോകത്തേക്ക് നടന്നുകയറി. ‘നിണമണിഞ്ഞ കാല്‍പാടുകളുടെ ചിത്രീകരണം മദിരാശിയില്‍ നടക്കുമ്പോഴാണ് നിര്‍മ്മാതാവ് ശോഭനാ പരമേശ്വരന്‍നായര്‍ ആ ചിത്രത്തിലേക്ക് മധുവിനെ ക്ഷണിക്കുന്നത്. അത് ആദ്യ സിനിമയായി. ശത്രു സൈന്യത്തിന്‍റെ വെടിയേറ്റ് മരിക്കുന്ന സ്റ്റീഫന്‍ എന്ന കഥാപാത്രമായാണ് മധു അഭിനയിച്ചത്. നസീറിന്‍റെ കൂട്ടുകാരനായ പട്ടാളക്കാരനായി ഏതാനും രംഗങ്ങളില്‍ മാത്രം. സത്യനു വേണ്ടി കരുതിവച്ച റോളിലായിരുന്നു അരങ്ങേറ്റം. ഇതോടൊപ്പം മൂടുപടത്തിലും കഥാപാത്രമായി.സത്യനും പ്രേംനസീറും നിറഞ്ഞു നിൽക്കുന്ന കാലത്താണ് സിനിമയിലേക്കെത്തിയതെങ്കിലും അധികം വൈകാതെ സ്വതസിദ്ധമായ അഭിനയശൈലിയിലൂടെ സ്വന്തമായ ഒരു ഇടം നേടിയെടുക്കാൻ മധുവിനായി. ക്ഷുഭിത യൗവനവും പ്രണയാതുരനായ കാമുകനുമൊക്കെയായി അദ്ദേഹം പ്രേക്ഷകരുടെ മനം കവർന്നു.

മധുവിലേക്ക് മാറിയ പി. മാധവൻ നായർ

1963 ഫെബ്രുവരി 22ന് എൻ.എൻ. പിഷാരടി സംവിധാനം ചെയ്ത "നിണമണിഞ്ഞ കാൽപാടുകൾ' എന്ന ചിത്രത്തിന്‍റെ റിലീസ് ദിവസം തിരുവനന്തപുരത്തെ പഴയ ചിത്ര തിയറ്ററിൽ എത്തിയ മധു ചിത്രത്തിന്‍റെ സ്ക്രീനിൽ തന്‍റെ പേര് കാണാതെ വിഷമിച്ചു. നിർമാതാവ് പരമേശ്വരൻ നായരോട് വിഷമത്തോടെ അന്വേഷിച്ചപ്പോഴാണ് പി. മാധവൻ നായർ എന്ന പേരിലല്ല, പകരം മധു എന്ന പേരായിരുന്നു സ്ക്രീനിൽ തെളിഞ്ഞതെന്ന് അറിയാൻ കഴിഞ്ഞത്. സിനിമയിൽ ഇപ്പോൾ ഒരു വഞ്ചിയൂർ മാധവൻ നായരുണ്ട്.അതുകൊണ്ട് പി. ഭാസ്കരൻ മാഷാണ് താങ്കളുടെ പേര് മധു എന്നാക്കിയതെന്നും പരമേശ്വരൻ നായർ വ്യക്തമാക്കിയതോടെ മധുവിനും ആ പേര് ഇഷ്ടമായി.രണ്ടു മാസം കഴിഞ്ഞ് 1963 ഏപ്രിൽ പന്ത്രണ്ടാം തീയതി "മൂടുപടം' പുറത്തു വന്നു. ഇതിലും മധു വ്യത്യസ്തനായിരുന്നു. ആദ്യത്തെ ചിത്രത്തിൽ പ്രേംനസീറിനോടൊപ്പം രണ്ടാമത്തെ ചിത്രത്തിൽ സത്യനോടൊപ്പം മധു ശ്രദ്ധേയനായി കഴിഞ്ഞിരുന്നു. ഉപനായകനായി അഭിനയിക്കുന്ന മധുവിനെ എന്തുകൊണ്ട് നായകനാക്കികൂടാ എന്ന ചിന്ത നിർമ്മാതാക്കളുടെ ഹൃദങ്ങളിലും പ്രേക്ഷക മനസgകളിലും ഒരുപോലെ ഉയർന്നു വന്നു. ആ ചിന്തയിൽ നിന്നാണ് അതുവരെ തിളങ്ങി നിന്ന രണ്ട് നായകനടന്മാരുടെ സ്ഥാനത്തേക്ക് മൂന്നാമനായി മധു അവരോധിക്കപ്പെടുന്നത്. പിന്നാലെതകഴി, ബഷീര്‍, എം.ടി, തോപ്പില്‍ഭാസി, ഉറൂബ്, കേശവദേവ്, മലയാറ്റൂര്‍ തുടങ്ങി പ്രമുഖ എഴുത്തുകാരുടെ രചനകളില്‍ പിറവികൊണ്ട കരുത്തുറ്റ ആണ്‍ജീവിതത്തിന് അഭ്രപാളിയില്‍ ഭാവംപകരാനുള്ള നിയോഗം ഏറെയും കൈവന്നത് മധുവിനായിരുന്നു. ചെമ്മീനിലെ പരീക്കുട്ടി, ഭാര്‍ഗവീനിലയത്തിലെ സാഹിത്യകാരന്‍, ഉമ്മാച്ചുവിലെ മായന്‍, ഓളവും തീരത്തിലെ ബാപ്പുട്ടി, നാടന്‍പ്രേമത്തിലെ ഇക്കോരന്‍, വിത്തുകളിലെ ഉണ്ണി, ഏണിപ്പടികളിലെ കേശവപ്പിള്ള, കള്ളിച്ചെല്ലമ്മയിലെ അത്രാം കണ്ണ് തലമുറകളും തരംഗങ്ങളും മാറിമറിഞ്ഞപ്പോഴും അതിലൊന്നും നിരാശനാകാതെ തനിക്കു ലഭിക്കുന്ന വേഷങ്ങള്‍ ആടിത്തീര്‍ക്കുകയാണ് മധു. 2022ൽ പുറത്തിറങ്ങിയ പി.കെ റോസിയിലെ കഥാപാത്രമായാണ് അവസാനമായി വെള്ളിത്തിരയിലേക്കെത്തിയതെങ്കിലും സിനിമയും വിശേഷങ്ങളും വായനയും വിടാതെയുള്ള ജീവിതമാണ് നവതിപിന്നിടുമ്പോഴും മധുവിന്‍റെ ഹൈലേറ്റ്.

സംവിധായകനും നിർമാതാവും

മധുവിന്‍റെ സംവിധാനത്തിൽ ആദ്യമെത്തിയത് സി.രാധാകൃഷ്ണന്‍റെ തേവിടിശി നോവലിനെ അടിസ്ഥാനപ്പെടുത്തിയെത്തിയ "പ്രിയ' ആയിരുന്നു. ചിത്രത്തില്‍ നെഗറ്റീവ് ഇമേജുള്ള ഗോപന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് പ്രേക്ഷക ശ്രദ്ധനേടിയ അദ്ദേഹം 1970ലെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്ഥാന പുരസ്‌കാരവും നേടിയെടുത്തു. യൂസഫലി കേച്ചേരി തിരക്കഥയെഴുതി നിര്‍മ്മിച്ച സിന്ദൂരച്ചെപ്പാണ് രണ്ടാമത്തെ സംവിധാന സംരംഭം. 1971 ലെമികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള പുരസ്‌കാരം ഈ ചിത്രം കരസ്ഥമാക്കി. 12 ചിത്രങ്ങള്‍ മധു സംവിധാനം ചെയതു. മിക്കതും പ്രമുഖ സാഹിത്യകാരന്മാരുടെ കൃതികളായിരുന്നു. ജി.ശങ്കരപ്പിള്ളയുടെ "പൂജാമുറി'യെന്ന നാടകത്തിന്‍റെ ചലച്ചിത്രാവിഷ്‌കാരമായിരുന്നു സതി സിനിമ. കൈനിക്കര കുമാരപിള്ളയുടെ "മാതൃകാമനുഷ്യന്‍' നാടകം "മാന്യശ്രീ വിശ്വാമിത്രന്‍' എന്ന പേരിലും ഒഎന്‍വി കുറുപ്പിന്‍റെ "നീലക്കണ്ണുകള്‍' ഖണ്ഡകാവ്യം അതേപേരിലും പി.ആര്‍.ചന്ദ്രന്‍റെ രണ്ടു നാടകങ്ങള്‍ "അക്കല്‍ദാമ', "കാമം ക്രോധം മോഹം' എന്നീ പേരുകളിലും ചേരിയുടെ തിരക്കഥയില്‍ "ധീരസമീരേ യമുനാ തീരേ'യും ജി.വിവേകാനന്ദന്‍റെ 'ഇലകൊഴിഞ്ഞ മരം' എന്ന നോവല്‍ "ഒരു യുഗസന്ധ്യ' എന്ന പേരിലും സുലോചനാ റാണിയുടെ തെലുങ്ക് നോവല്‍ "ആരാധന’ എന്നപേരിലും കൂടാതെ "തീക്കനല്‍', "ഉദയം പടിഞ്ഞാറ്" എന്നിവയുമാണ് മധുവിന്‍റെ സിനിമകള്‍. "ആരാധന’യ്‌ക്ക് തിരക്കഥയൊരുക്കി സാഹിത്യകാരൻ ജോർജ് ഓണക്കൂറും സിനിമയിലേക്കെത്തിയതും ഇക്കാലത്താണ്. ‘സതി’ എന്ന ചിത്രത്തിലൂടെയാണ് മധു നിര്‍മ്മാതാവാകുന്നത്. 1972 ലായിരുന്നു അത്. തുടര്‍ന്ന് നിരവധി ചിത്രങ്ങള്‍ അദ്ദേഹം നിര്‍മ്മിച്ചു.

ബോളിവുഡിലും തമിഴിലും

1969ല്‍ പുറത്തിറങ്ങിയ സാത്ത് ഹിന്ദുസ്ഥാനി എന്ന ചിത്രത്തിലൂടെയാണ് മധു ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് തമിഴിലും ഒരു കൈ നോക്കിയിരുന്നു മധു. ആകെ ആറ് അന്യഭാഷാ ചിത്രങ്ങളില്‍ മധു അഭിനയിച്ചു. മൂന്ന് ഹിന്ദി ചിത്രങ്ങളും മൂന്ന് തമിഴും. പ്രശസ്ത സാഹിത്യകാരന്‍ കെ.എ.അബ്ബാസ് സംവിധാനം ചെയ്ത "സാത്ത് ഹിന്ദുസ്ഥാനി' അമിതാഭ് ബച്ചന്‍റെ ആദ്യ ചിത്രമായിരുന്നു. ചിത്രത്തിന്‍റെ ടൈറ്റില്‍ കാണിക്കുമ്പോള്‍ ആദ്യപേര് മധുവിന്‍റെതായിരുന്നു. ബ്രിജ് എന്ന സംവിധായകന്‍റെ "മേരെ സജ്ന'എന്ന ചിത്രമാണ് രണ്ടാമത്തെ ബോളിവുഡ് ചിത്രം. ചിത്രീകരണം നീണ്ടപ്പോള്‍ മധു ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയെങ്കിലും ചിത്രീകരിച്ച ഭാഗങ്ങള്‍ സംവിധായകന്‍ ഉള്‍പ്പെടുത്തുകയായിരുന്നു. സാജ്പരഞ്ജ് പൈ സംവിധാനം ചെയ്ത "ഛാഡുബാബ'യിലാണ് വീണ്ടും അഭിനയിച്ചത്. എ.സി. ത്രിലോക് സംവിധാനം ചെയ്ത ഭാരത് വിലാസ് എന്ന തമിഴ് ചിത്രത്തില്‍ സിനിമാ നടന്‍ മധുവായി തന്നെ അദ്ദേഹം കഥാപാത്രമായി. രാജശേഖര്‍ സംവിധാനം ചെയ്ത ധര്‍മ്മദുരൈയില്‍ രജനികാന്തിനൊപ്പമായിരുന്നു അഭിനയം. സൂപ്പര്‍ ഹിറ്റായ സിനിമയില്‍ രജനിയുടെ അച്ഛനായാണ് മധു എത്തിയത്. ശിവാജിഗണേശനായിരുന്നു ഈ വേഷത്തിലെത്തേണ്ടിയിരുന്നത്. കൂടാതെ "ഒരു പെണ്‍ പയ്യന്‍' എന്ന ചിത്രത്തില്‍ ഭാനുപ്രിയയുടെ അച്ഛനായും വേഷമിട്ടു.സാത് ഹിന്ദുസ്ഥാനി’യിൽ അഭിനയിക്കുമ്പോൾ നാൽപതിനടുത്ത് പ്രായമുണ്ടായിരുന്നതാണ് ബോഡിവുഡിൽ വെല്ലുവിളിയായതെന്ന് മധു അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. ആ പ്രായത്തിൽ പിന്നീട് നായകനായി അവിടെ തുടരുക പ്രയാസമാണ്. കാരക്ടർ റോളിലേക്കോ വില്ലൻ റോളിലേക്കോ ഒതുങ്ങി പോകും. അവിടെ തുടർന്നിരുന്നെങ്കിൽ 70കളിൽ തന്നെ എന്നിലെ നായകൻ മരിക്കുമായിരുന്നു. മലയാളത്തിൽ ധാരാളം അവസരമുള്ളപ്പോൾ ഹിന്ദിയിൽ പോയി എന്നിലെ നടനെ നശിപ്പിക്കേണ്ട എന്നായിരുന്നു തീരുമാനം. അങ്ങനെ ചെയ്തിരുന്നെങ്കിൽ മലയാളി ആരാധകർ ഒരിക്കലും എനിക്ക് മാപ്പ് തരുമായിരുന്നില്ല.പിന്നെ നിർമാണം, സംവിധാനം, സ്റ്റുഡിയോ തുടങ്ങിയ തിരക്കുകളും കാരണമായി. നമ്മൾ വർഷം 20 സിനിമയൊക്കെ ചെയ്യുന്ന സമയമാണ്. അവിടെ മൂന്ന് നാല് മാസം കൊണ്ടാണ് ഒരു പടം തീരുന്നത്. ‘മേരേ സജ്ന’ നാലു തവണ 20 ദിവസത്തെ ഡേറ്റ് വാങ്ങി അവർ കാൻസൽ ചെയ്തു. അതിലെ ഏതോ പാട്ട് സീനിലോ മറ്റോ എന്നെ കാണിക്കുന്നുണ്ട്. ആർട്ടിസ്റ്റിന്‍റെ സമയത്തിന് അവിടെ ഒരു വിലയുമില്ല എന്ന് തോന്നിയിട്ടുണ്ടെന്നും മധു ബോളിവുഡിനെക്കുറിച്ച് പറയുന്നു.

വേഷം തേടി അലയാതെ...

തനിക്കൊരു വേഷം തരണമെന്ന് മധു ആരോടും പറഞ്ഞിട്ടില്ലെന്ന് സാക്ഷാൽ എം.ടി വാസുദേവൻ നായർ തന്നെ പലയിടത്തും പറഞ്ഞിട്ടുണ്ട്. അത് വല്ലാത്തൊരു തന്‍റേടമാണ്. സിനിമയിൽ വന്നതുമുതൽ അദ്ദേഹത്തിന് മികച്ച വേഷങ്ങൾ ലഭിച്ചു തുടങ്ങി. തന്‍റെ പല സ്ക്രിപ്റ്റിലും മധു അഭിനയിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചിട്ടുണ്ട്. മുറപ്പെണ്ണ്, നഗരമേ നന്ദി, ഓളവും തീരവും, മാപ്പു സാക്ഷി, വിത്തുകൾ ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വെള്ളം തുടങ്ങിയ സിനിമകൾ എന്‍റെ രചനയിൽ മധുവിലെ നടൻ ആടിത്തിമിർത്ത വേഷങ്ങളാണ്. എം.ടി യുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് വല്ലാത്തൊരു അനുഭവമായിരുന്നുവെന്ന് മധു പലപ്പോഴും പറഞ്ഞിട്ടുണ്ട്.സ്ക്രിപ്റ്റ് വായിച്ചുകഴിഞ്ഞാൽ ആ കഥാപാത്രമായി മധുവിന്‍റെ മനസ്സും ശരീരവും പെട്ടെന്ന് പാകപ്പെടുമായിരുന്നു. എത്ര പിരിമുറുക്കമുള്ള സീനാണെങ്കിലും വളരെ ഈസിയായി അഭിനയിക്കാൻ കഴിഞ്ഞിരുന്നു. മധുവിലെ നടന്‍റെ വളർച്ച അദ്ഭുതത്തോടെയും അഭിമാനത്തോടെയുമാണ് ഞങ്ങൾ കണ്ടത്. കെ.എ. അബ്ബാസിന്‍റെ സാത്ത് ഹിന്ദുസ്ഥാനിയിൽ അഭിനയിക്കാൻ മധുവിന് ക്ഷണം ലഭിച്ചപ്പോൾ സുഹൃത്തുക്കളെല്ലാവരും അതിലേറെ അഭിമാനിച്ചിരുന്നു. സാത്ത് ഹിന്ദുസ്ഥാനി ഒരു കമേഴ്സ്യൽ പടമായിരുന്നില്ല. എങ്കിലും മലയാളത്തിലെ ഒരു നടൻ ബോളിവുഡിൽ ശ്രദ്ധേയനാകാൻ പോകുന്നു എന്ന കാര്യത്തിൽ വലിയ സന്തോഷമുണ്ടായിരുന്നു. മധുവിനൊപ്പം ഉത്പൽദത്ത്, ഇർഷാദലി ജലാൽ ആഗ്ര, അൻവർ അലി, ഷഹ്നാസ്, അമിതാഭ് ബച്ചൻ തുടങ്ങിയ വരൊക്കെ ആ സിനിമയിൽ അഭിനയിച്ചിരുന്നു. ബച്ചന്‍റെ ആദ്യ സിനിമയുമായിരുന്നു അത്. സാത്ത് ഹിന്ദുസ്ഥാനികൊണ്ട് നേട്ടമുണ്ടായത് ബച്ചനാണ്. ബച്ചൻ പിന്നീട് ബോളിവുഡിന്‍റെ കൊടുമുടിയിലേക്ക് കയറിപ്പോയി, മധു പിന്നീട് ഹിന്ദിയിലേയ്ക്ക് പോയതുമില്ല. അതിൽ ഞങ്ങൾക്കല്പം വിഷമവുമുണ്ടായിരുന്നു. അരനൂറ്റണ്ടാിലേറെ നീണ്ട സൗഹൃദത്തിൽ ഞാൻ മധുവിൽ കണ്ട ഏറ്റവും വലിയ സവിശേഷത അദ്ദേഹത്തിന്‍റെ വ്യക്തിത്വം തന്നെയാണെന്നും എം.ടി വിശേഷിപ്പിക്കുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com