നടൻ മിഥുൻ രമേശിന് ബെൽസ് പാൾസി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്
നടൻ മിഥുൻ രമേശിന് ബെൽസ് പാൾസി; ആശുപത്രിയിൽ പ്രവേശിപ്പിച്ചു

നടനും റേഡിയോ ജോക്കിയും അവതാരകനുമായ മിഥുൻ രമേശ് ആശുപത്രിയിൽ. ബെൽസ് പാൾസി (Bell's palsy) എന്ന അസുഖത്തെ തുടർന്നാണ് മിഥുനിനെ തിരുവന്തപുരത്തെ അനന്തപുരി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. ആശുപത്രിയിൽ അഡ്മിറ്റ് ആയ വിവരം മിഥുൻ തന്നെയാണ് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചത്.

ചിരിക്കുന്ന സമയം മുഖത്തിൻ്റെ ഒരു സൈഡ് അനക്കാന്‍ കഴിയില്ലെന്നും കണ്ണുകള്‍ താനേ അടഞ്ഞു പോവുകയും ഒരു കണ്ണ് അടയ്ക്കുമ്പോൾ മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക എന്നും മിഥുൻ പങ്കുവച്ച വീഡിയോയിൽ പറയുന്നു.

‘അങ്ങനെ വിജയകരമായി ആശുപത്രിയില്‍ കയറി. കഴിഞ്ഞകുറച്ചു ദിവസങ്ങളായി യാത്രകളിലായിരുന്നു. നിങ്ങള്‍ക്ക് കാണാൻ കഴിയുന്നുണ്ടോ എന്ന് എനിക്കറിയില്ല. എനിക്ക് ബെല്‍സ് പാള്‍സി ചെറുതായി ബാധിച്ചിട്ടുണ്ട്. ജസ്റ്റിന്‍ ബീബറിനൊക്കെ ബാധിച്ച അസുഖമാണ്. ചിരിക്കുന്ന സമയം മുഖത്തിൻ്റെ ഒരു സൈഡ് അനക്കാന്‍ കഴിയില്ല, കണ്ണുകള്‍ താനേ അടഞ്ഞു പോകുന്നു.

‘‘ഒരു കണ്ണ് അടയും. മറ്റേ കണ്ണ് വളരെ ഫോഴ്‌സ് ചെയ്‌താൽ മാത്രമാണ് അടയുക. രണ്ടുകണ്ണും ഒരുമിച്ച് അടയ്ക്കാൻ കുറച്ചു പാടാണ്. മുഖത്തിന്റെ ഒരു സൈഡ്‌ പാർഷ്യൽ പാരാലിസിസ് എന്ന രീതിയിലെത്തിയിട്ടുണ്ട്. അസുഖം മാറും എന്നാണ് പറഞ്ഞത്. തിരുവനന്തപുരം അനന്തപുരി ആശുപത്രിയിൽ അഡ്മിറ്റാണ്.’’– മിഥുൻ പങ്കുവെച്ച വിഡിയോയിൽ പറഞ്ഞു.

ബീന ആന്‍റണിയുടെ ഭർത്താവ് മനോജിനും മുൻപ് ഈ അസുഖം ബാധിച്ചിരുന്നു. കൊവിഡ് ബാധിതരിൽ ഈ അസുഖം കണ്ടു വരുന്നുണ്ടെന്ന് ഡോക്ടര്‍മാർ നേരത്തെ വെളിപ്പെടുത്തിയിരുന്നു.

ബെൽസ് പാൾസിയെക്കുറിച്ച് കൂടുതലറിയാം

പേശികൾക്കുണ്ടാകുന്ന ബലക്ഷയമാണ് ബെൽസ് പാൾസി. മിക്കവരിലും അനുഭവപ്പെടുന്ന ബലക്ഷയം താത്കാലികമായിരിക്കും. ദിവസങ്ങൾക്കുള്ളിലോ ആഴ്ചകൾക്കുള്ളിലോ അസുഖം ഗണ്യമായി മെച്ചപ്പെടാറുണ്ട്. ബലക്ഷയമുള്ളതിനാൽ മുഖത്തിൻ്റെ ഭാഗങ്ങൾ തൂങ്ങിക്കിടക്കുന്നതായി അനുഭവപ്പെടാം. അസുഖം ബാധിക്കുന്ന ഭാഗത്തെ കണ്ണ് അടയ്ക്കുന്നതിന് ബുദ്ധിമുട്ടുകൾ ഉണ്ടാവും. ചിരിക്കുന്നത് ഒരു വശം മാത്രമായിരിക്കും.

Trending

No stories found.

Latest News

No stories found.