വീട്ടുജോലിക്കാരിയുമായുള്ള അടുപ്പം വെളിപ്പെടുത്തിയത് വിവാഹത്തലേന്ന്; മരണക്കിടക്കയിൽ വച്ച് ക്ഷമ ചോദിച്ച് നടൻ

ആ നിമിഷത്തിൽ വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ലെന്ന് സീമ പറയുന്നു
Actor revealed affair with domestic helper on the eve of his wedding; sought forgiveness on his deathbed

സീമ കപൂറും ഓം പുരിയും

Updated on

ഒന്നിലധികം പ്രണയ ബന്ധങ്ങൾ നിറഞ്ഞതായിരുന്നു ബോളിവുഡ് താരം ഓംപുരിയുടെ ജീവിതം. സംവിധായികയും എഴുത്തുകാരിയുമായ സീമ കപൂറാണ് ഓംപുരിയുടെ ആദ്യ ഭാര്യ. വിവാഹത്തിന്‍റെ തൊട്ടു തലേന്ന് ഓംപുരി തന്നോട് ചില കാര്യങ്ങൾ വെളിപ്പെടുത്തിയതായി സീമ കപൂർ പറയുന്നു. സംസാരിക്കാനുണ്ടെന്ന് പറഞ്ഞ് ഒരു നദിയുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ടു പോയ ശേഷം താൻ വീട്ടുജോലിക്കാരിയുമായി അടുപ്പത്തിലാണെന്നാണ് ഓംപുരി വെളിപ്പെടുത്തിയത്. വിവാഹത്തിന് ഒരു ദിവസം മാത്രമേ ബാക്കിയുള്ളൂ, എല്ലാ ഒരുക്കങ്ങളും പൂർത്തിയാക്കി.

ഒരുപാടു പേരെ വിവാഹം ക്ഷണിച്ചു. ആ നിമിഷത്തിൽ വിവാഹത്തിൽ നിന്ന് പിന്മാറാനുള്ള ധൈര്യം തനിക്കുണ്ടായിരുന്നില്ലെന്ന് സീമ പറയുന്നു. അതുകൊണ്ടു തന്നെ തൊട്ടടുത്ത ദിവസം ഇരുവരുടെയും വിവാഹം നടന്നു. പക്ഷേ, വെറും എട്ടു മാസത്തെ ആയുസേ ആ വിവാഹത്തിന് ഉണ്ടായിരുന്നുള്ളൂ. താൻ മൂന്ന് മാസം ഗർഭിണിയായിരിക്കുന്ന കാലത്താണ് മാധ്യമപ്രവർത്തകയായ നന്ദിതയുമായി ഓംപുരി പ്രണയത്തിലാണെന്ന് കണ്ടെത്തിയത്. ഓംപുരി വീട്ടിലില്ലാത്ത സമയത്ത് അയാളുടെ മേശയിൽ നിന്ന് നന്ദിതയുടെ പ്രേമലേഖനങ്ങൾ കണ്ടെത്തുകയായിരുന്നു. അന്ന് താൻ അക്ഷരാർഥത്തിൽ തകർന്നു പോയെന്ന് സീമ. വൈകാതെ ആ ബന്ധം ഉപേക്ഷിച്ച് സീമ സ്വന്തം വീട്ടിലേക്ക് തിരിച്ച് പോയി.

പക്ഷേ അഞ്ചാം മാസത്തിൽ സീമയ്ക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. വളരെ കഠിനമായിരുന്നു ആ കാലമെന്നും ദുഃഖം സഹിക്കാനാകാതെ കുഞ്ഞിന് കത്തെഴുതാറുണ്ടെന്നും സീമ പറയുന്നു. ചിലപ്പോഴെല്ലാം കുഞ്ഞിന്‍റെ ചിന്തകൾ മനസിൽ കണ്ട് മറുപടിക്കുറിപ്പുകളും എഴുതാറുണ്ട്. അതിനു ശേഷം ഓംപുരി തനിക്ക് മറ്റൊരാൾ മുഖേന 25,000 രൂപ കൊടുത്തയച്ചെന്നും താൻ അത് നിരസിച്ചെന്നും സീമ പറയുന്നു.

1993ൽ ഓംപുരി നന്ദിതയെ വിവാഹം കഴിച്ചു. പക്ഷേ ആ വിവാഹവും ഏറെ കാലം നില നിന്നില്ല. 2013ൽ ഓംപുരിക്കെതിരേ ഗാർഹിക പീഡനത്തിന് നന്ദിത കേസ് കൊടുത്തു. താരം ആരോപണങ്ങളെല്ലാം നിഷേധിച്ചിരുന്നു. വർഷങ്ങൾക്കു ശേഷം ലണ്ടനിൽ വച്ച് ശസ്ത്രക്രിയയ്ക്കു തയാറെടുക്കുന്ന സമയത്ത് ഓംപുരി തന്നെ വിളിച്ചു വരുത്തിയെന്നും തന്നോട് ചെയ്തതിനെല്ലാം മാപ്പ് അപേക്ഷിച്ചെന്നും സീമ പറയുന്നു. 2017ലാണ് ഓംപുരി ഹൃദയാഘാതം മൂലം അന്തരിച്ചത്.

logo
Metro Vaartha
www.metrovaartha.com