

നടൻ വിജയ്‌യുടെ വിവാഹമോചനക്കേസ് ഒത്തുതീർപ്പിലേക്കെന്ന് സൂചന
ചെന്നൈ: തമിഴ് സൂപ്പർ താരം വിജയ് യും ഭാര്യ സംഗീതയും 27 വർഷത്തെ ദാമ്പത്യം അവസാനിപ്പിച്ച് വേർപിരിയുന്നുവെന്ന വാർത്ത തമിഴ് സിനിമലോകത്തെ ഞെട്ടിച്ചിരുന്നു. വിജയ് യുടെ ഭാര്യ സംഗീതയാണ് വിവാഹമോചന ഹർജിയുമായി കോടതിയെ സമീപിച്ചത്. എന്നാൽ ഈ വിഷയം കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കാനുള്ള ശ്രമമാണ് വിജയ് നടത്തുന്നതെന്നാണ് വിവരം.
2021 മുതലാണ് പ്രശ്നങ്ങൾ ആരംഭിച്ചതെന്നും, ഒരു നടിയുമായുള്ള വിജയിന്‍റെ ബന്ധമാണ് പ്രശ്നങ്ങൾക്ക് കാരണമെന്നും സംഗീത ഹർജിയിൽ ചൂണ്ടിക്കാണിച്ചിരുന്നു. പരസ്പര സമ്മതത്തോടെയുള്ള വിവാഹമോചനമാണ് സംഗീത ആഗ്രഹിച്ചിരുന്നത്. എന്നാൽ ഇതിനെ ആദ്യം വിജയ് എതിർത്തതായാണ് വിവരം. തന്‍റെ രാഷ്ട്രീയ ഭാവി തകരുമെന്ന ഭയത്തിലാണ് വിവാഹമോചനത്തിന് സമ്മതിക്കാതിരുന്നതെന്നും വിവരമുണ്ട്.
തുടർന്ന് നടന്ന ചർച്ച പരാജയപ്പെട്ടതോടെയാണ് സംഗീത കോടതിയുടെ മുന്നിലെത്തിയത്. പ്രശ്നപരിഹാരത്തിന് സംഗീതയ്ക്കും മക്കളായ ജെയ്സൺ സഞ്ജയ്, ദിവ്യ സാഷ എന്നിവർക്കുമായി 250 കോടി രൂപയുടെ നഷ്ടപരിഹാരത്തുക വാഗ്ദാനം ചെയ്തതായാണ് വിവരം. കോടതി നടപടിയിലേക്ക് നീങ്ങാതെ പ്രശ്നം പരിഹരിക്കണമെന്നാണ് വിജയ് യുടെ ആവശ്യം. ഇക്കാര്യത്തിൽ ഭാര്യ സംഗീതയുടെ അന്തിമ തീരുമാനം പുറത്തുവന്നിട്ടില്ല.