

വിജീഷ് വിജയൻ
മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണർ ജ്ഞാനേഷ് കുമാറിന്‍റെ രാജി ആവശ്യപ്പെട്ടുകൊണ്ട് രാജ്യതലസ്ഥാനത്ത് നടക്കുന്ന പ്രതിഷേധത്തിന് പിന്തുണയുമായി നടൻ വിജീഷ് വിജയൻ (നൂലുണ്ട). ജനാധിപത്യത്തിന്‍റെ അർഥം എന്താണ് എന്നാണ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച വിഡിയോയിൽ വിജീഷ് ചോദിക്കുന്നത്. സ്വന്തം ജീവിതത്തിലെ രസകരമായ അനുഭവം പങ്കുവച്ചുകൊണ്ടാണ് നടൻ നിലപാട് വ്യക്തമാക്കിയത്.
ഖത്തറിൽ എനിക്കൊരു ബിസിനസുണ്ടായിരുന്നു. അത് സാമ്പത്തികമായി നഷ്ടത്തിലാണ് പോയിക്കൊണ്ടിരുന്നത്. ഞാൻ എന്‍റെ സുഹൃത്തുക്കളോട് തനിക്ക് ഭയങ്കര കടമാണെന്നും ബുദ്ധിമുട്ടിലാണെന്നും പറയാറുണ്ട്. ഒരിക്കൽ ഞങ്ങൾ കമ്പനിയിലെ പഴിയ ആറ് ഏഴ് വണ്ടികൾ കൊടുത്ത് പകരം രണ്ട് പുതുപുത്തൻ വണ്ടി വാങ്ങി. സാമ്പത്തിക ബാധ്യത കുറക്കുന്നതിനു വേണ്ടിയായിരുന്നു ഇങ്ങനെ ചെയ്തത്. എന്‍റെ സുഹൃത്ത് വന്നപ്പോൾ അവനോട് പുതിയ വണ്ടി വാങ്ങിയ കാര്യം പറഞ്ഞു. ഇത് കേട്ടപ്പോൾ അവൻ എന്നോട് ചോദിക്കുകയാണ്- ഈ കട ബാധ്യത എന്നതിന്‍റെ അർഥം എന്താണെന്ന്. ഞാൻ എപ്പോഴും കഷ്ടപ്പാട് പറഞ്ഞിട്ടും രണ്ട് പുതിയ വണ്ടി വാങ്ങിയത് കണ്ടിട്ടാണ് അവൻ അങ്ങനെ ചോദിച്ചത്.
അതുപോലെയാണ് ഇപ്പോഴത്തെ അവസ്ഥ. ഈ ജനാധിപത്യത്തിന്‍റെ അർഥം എന്താണ്. ആര് വോട്ട് ചെയ്യണം എന്ന് നമ്മൾ തന്നെ തീരുമാനിച്ചിട്ടാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. അപ്പോൾ ഈ ജനാധിപത്യം എന്ന് പറയുന്നതിന്‍റെ അർഥം ഞാൻ ഉദ്ദേശിച്ചതു തന്നെയല്ലേ എന്നാണ് എന്‍റെ സംശയം. സിസ്റ്റം ശരിയല്ല എന്ന് തോന്നുന്നു. - വിജീഷ് വിഡിയോയിൽ പറയുന്നു. താരത്തെ പിന്തുണച്ചുകൊണ്ട് നിരവധി പേരാണ് എത്തുന്നത്.