

സന്ദീപ വിർക്
ന്യൂഡൽഹി: ജയിലിൽ ആയിരുന്ന കാലത്ത് മരിച്ചാൽ മതിയെന്ന് പ്രാർഥിച്ചിരുന്നുവെന്ന് ബോളിവുഡ് നടിയും ഇൻഫ്ലുവൻസറുമായ സന്ദീപ വിർക്. കള്ളപ്പണക്കേസിൽ അറസ്റ്റിലായ സന്ദീപയ്ക്ക് 2025 ഡിസംബറിലാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്. തിഹാർ ജയിലിലാണ് സന്ദീപ തടവു ശിക്ഷ അനുഭവിച്ചത്. എന്‍റെ ശത്രുക്കൾക്കു പോലും തിഹാറിൽ പോകേണ്ട അവസ്ഥ ഉണ്ടാകരുതെന്നാണ് ഞാനാഗ്രഹിക്കുന്നത്. അവിടെയെത്തിയ ആദ്യ ദിവസം തന്നെ അതിനു മാത്രം തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് ഞാൻ ദൈവത്തോട് പറഞ്ഞിരുന്നു. ചിലർ കർമയെക്കുറിച്ച് പറയാറുണ്ട്.. ചിലപ്പോൾ അറിയാതെ ചെയ്ത തെറ്റിന്‍റെയോ കഴിഞ്ഞ ജന്മത്തിലെ തെറ്റിന്‍റെയോ കർമയായിരിക്കാം ഞാൻ അനുഭവിക്കുന്നത്.. എങ്കിൽ പോലും ഞാനത് അർഹിച്ചിരുന്നില്ല.
അക്കാലത്ത് നിത്യേനയെന്നോണം ഞാൻ മരിക്കാൻ വേണ്ടി പ്രാർഥിച്ചിരുന്നു. നിങ്ങളുടെ മാതാപിതാക്കൾ നിങ്ങളെ ജയിലിൽ വന്നു കാണേണ്ടി വരുന്ന സാഹചര്യമാണ് ഏറ്റവും മോശം അനുഭവം. ഞാനവരോട് എപ്പോഴും ക്ഷമ പറയുമായിരുന്നു. പക്ഷേ എന്‍റെ മാതാപിതാക്കളും സഹോദരങ്ങളും എനിക്കൊപ്പം ഉറച്ചു നിന്നു , കാരണം അവർക്കെന്നെ നന്നായി അറിയാമായിരുന്നു.
ജയിലിൽ 500 പേർക്കൊപ്പം കഴിയുന്നതിനെക്കുറിച്ച് ചിന്തിച്ചു നോക്കൂ. എന്‍റെ ആരോഗ്യം മോശമായിക്കൊണ്ടിരുന്നു. ആരുടെയെങ്കിലും സഹായമില്ലാതെ എഴുന്നേറ്റു നിൽക്കാൻ വയ്യാത്ത അവസ്ഥ. ഇപ്പോൾ പോലും അതേക്കുറിച്ച് ചിന്തിക്കുമ്പോൾ എനിക്ക് കരച്ചിൽ വരും, എന്തിനാണ് എനിക്കീ ഗതി വന്നത്?
ജയിലിലെ ശുചിമുറികൾ വൃത്തികേടായിരുന്നു. നിലത്തു കിടന്നുറങ്ങണം. സെല്ലുകൾ പുലർച്ചെ ആറു മണിക്ക് തുറക്കും ഉച്ചക്ക് 12 മണിക്ക് അടയ്ക്കും, വീണ്ടും വൈകിട്ട് 3 മണിക്ക് തുറക്കും പിന്നീട് ആറു മണിയോടെ അടയ്ക്കും. ഭക്ഷണം വളരെ മോശമായിരുന്നു. എല്ലാ ദിവസവും നാലു റൊട്ടിയും ചോറും ഒരേ കറികളും. കഴിക്കുകയാണെന്നു പോലും തോന്നുകയില്ല. ജയിലിലെ ചില പൊലീസുകാരികൾ ദയവുള്ളവരായിരുന്നു. പക്ഷേ ചിലർ അവരുടെ മറ്റ് സംഘർഷങ്ങൾ ജയിൽപുള്ളികളോട് തീർക്കും.
കള്ളപ്പണക്കേസിൽ അറസ്റ്റിലായെന്ന് വാർത്തകൾ വന്നതിനു തൊട്ടു പുറകേ എല്ലാവരും താൻ കുറ്റം ചെയ്തുവെന്ന് വിധിയെഴുതിയെന്നും നടി പറയുന്നു. കൊലപാതകം ചെയ്തവരോടു പോലും ലോകം ഇതിലും കൂടുതൽ കനിവ് കാണിക്കും. ചെയ്യാത്ത കുറ്റത്തിന് തട്ടിപ്പുകാരിയെന്ന് പേര് കേൾക്കേണ്ടി വന്നുവെന്നും സന്ദീപ. ആറു കോടി രൂപയുടെ തട്ടിപ്പു നടത്തിയ കേസിൽ നാലു മാസമാണ് സന്ദീപ ജയിലിൽ കഴിഞ്ഞത്.