"ഞാൻ ഭാഗ്യമില്ലാത്തവളാണ്, വിജയ്ക്കൊപ്പമുള്ള എന്‍റെ രംഗങ്ങൾ വെട്ടി": പൊട്ടിക്കരഞ്ഞ് നടി

നേരത്തെ സൂര്യ നായകനായി എത്തിയ കറുപ്പ് സിനിമയിൽ നിന്നും ആനന്ദി അഭിനയിച്ച രംഗങ്ങൾ വെട്ടിമാറ്റിയിരുന്നു
actress ananthi ajay disappointed about deleted scenes in jana nayakan

ആനന്ദി അജയ്

Updated on

ഏറെ കാത്തിരിപ്പുകൾക്കൊടുവിലാണ് തമിഴ്നാട് മുഖ്യമന്ത്രി വിജയ് നായകനായി എത്തിയ അവസാന ചിത്രം ജനനായകൻ തിയറ്ററിൽ എത്തിയത്. വിജയ് ആരാധകർ ഒന്നടങ്കം ആഘോഷമാക്കുകയാണ് ചിത്രം. എന്നാൽ ജനനായകനിൽ അഭിനയിച്ച ആനന്ദി അജയ്ക്ക് പറയാനുള്ളത് മറ്റൊരു കഥയാണ്. ചിത്രത്തിൽ വിജയ്ക്കൊപ്പം അഭിനയിക്കാൻ ആനന്ദിക്ക് സാധിച്ചെങ്കിലും അവസാന എഡിറ്റിങ്ങിൽ ഈ രംഗങ്ങൾ പൂർണമായി നീക്കം ചെയ്യുകയായിരുന്നു. തിയറ്ററിൽ എത്തി സിനിമ കണ്ടതിനു പിന്നാലെ ഹൃദയം തകർന്ന് വിഡിയോ പങ്കുവച്ചിരിക്കുകയാണ് ആനന്ദി.

എഡിറ്റിങ്ങിൽ അഭിനയിച്ച രംഗങ്ങൾ വെട്ടിമാറ്റുന്നത് പതിവാണെങ്കിലും വിജയ്ക്കൊപ്പമുള്ള അവസാന ചിത്രത്തിലെ ഭാഗങ്ങൾ നഷ്ടമായതാണ് തനിക്ക് താങ്ങാനാവാത്ത സങ്കടമുണ്ടാക്കിയത് എന്നാണ് ആനന്ദി പറഞ്ഞത്. തന്‍റെ രംഗങ്ങൾ വരും എന്ന പ്രതീക്ഷയോടെയാണ് തിയറ്ററിൽ സിനിമ കാണാൻ ഇരുന്നത്. എന്നാൽ നിരാശയായിരുന്നു ഫലം. സിനിമയിൽ എത്തിയതിന്‍റെ പ്രധാന ലക്ഷ്യങ്ങളിൽ ഒന്ന് വിജയ്ക്കൊപ്പം അഭിനയിക്കുക എന്നതായിരുന്നെന്നും താരം കൂട്ടിച്ചേർത്തു. നേരത്തെ സൂര്യ നായകനായി എത്തിയ കറുപ്പ് സിനിമയിൽ നിന്നും ആനന്ദി അഭിനയിച്ച രംഗങ്ങൾ വെട്ടിമാറ്റിയിരുന്നു.

ആനന്ദിയുടെ വാക്കുകൾ

ഞാൻ ഒരുപാട് സിനിമകളിൽ അഭിനയിക്കുന്നുണ്ട്, പക്ഷേ അതിൽ പലതും എഡിറ്റിങിൽ വെട്ടിപ്പോകും. അതിലൊന്നും എനിക്ക് സങ്കടം തോന്നിയിട്ടില്ല. പക്ഷേ 'ജനനായകൻ' സിനിമയിൽ ഞാൻ അഭിനയിച്ച രംഗങ്ങൾ എഡിറ്റ് ചെയ്ത് മാറ്റിയതിൽ എനിക്ക് വലിയ വിഷമമുണ്ട്. കാരണം, ഞാൻ ആദ്യമായി കമ്മിറ്റ് ചെയ്ത സിനിമയാണിത്. സിനിമയിലേക്ക് തിരിച്ചുവരുമ്പോൾ, ഈ ചിത്രത്തിന്റെ റിലീസിനായി ഞാൻ ഒന്നര വർഷത്തോളമായി കാത്തിരിക്കുകയായിരുന്നു. അതും വിജയ് സാറിന്റെ കൂടെയുള്ള കോമ്പിനേഷൻ സീനുകൾക്കായി.

ഞാൻ സിനിമയിൽ അഭിനയിക്കാൻ വന്നതിന്റെ പ്രധാന കാരണം തന്നെ സാറിന്റെ കൂടെ അഭിനയിക്കണം, അദ്ദേഹത്തോടൊപ്പം ഒരു കോമ്പിനേഷൻ സീൻ ചെയ്യണം എന്നുള്ള വലിയൊരു സ്വപ്നം ഉള്ളതുകൊണ്ടാണ്. സിനിമ വളരെ മികച്ചതായിട്ടുണ്ട്, എല്ലാവരും തിയറ്ററിൽ പോയി കാണണം. മികച്ചൊരു വുമൻ എംപവർമെന്റ് ചിത്രമാണിത്. ഇനിയും അദ്ദേഹം സിനിമയിൽ അഭിനയിക്കുകയാണെങ്കിൽ നമുക്ക് ശ്രമിച്ചു നോക്കാമായിരുന്നു. പക്ഷേ ഇത് അദ്ദേഹത്തിന്റെ അവസാന ചിത്രമാണ്. വളരെ സന്തോഷത്തോടെയാണ് ഞാൻ തിയേറ്ററിലേക്ക് സിനിമ കാണാൻ പോയത്. ‘ഓക്കെ, നമ്മുടെ സീൻ വരും... ദളപതിക്കൊപ്പമുള്ള സീൻ വരും’ എന്ന് വിചാരിച്ചാണ് പോയത്, പക്ഷേ ഇങ്ങനെ സംഭവിക്കുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചില്ല. ഏറെ നിർഭാഗ്യവതിയായി തോന്നുന്നു..’’

logo
Metro Vaartha
www.metrovaartha.com