'കൊവിഡ് കൊണ്ടുവന്ന ഭാഗ്യം'; സിനിമാ വിശേഷങ്ങളുമായി അഞ്ജലി സത്യനാഥ്

അവരുടെ നടത്തവും ശൃംഗാര ഭാവങ്ങളും പെരുമാറ്റരീതികളും എല്ലാം കണ്ടു പഠിച്ച് എന്നെ കൊണ്ട് പറ്റും എന്ന് ഞാന്‍ സ്വന്തമായി ആത്മവിശ്വാസം നേടുകയായിരുന്നു.
'കൊവിഡ് കൊണ്ടുവന്ന ഭാഗ്യം'; സിനിമാ വിശേഷങ്ങളുമായി അഞ്ജലി സത്യനാഥ്

ആർദ്ര ഗോപകുമാർ

നിനച്ചിരിക്കാത്ത സമയത്ത് അഭിനയത്തിലേക്ക് എത്തിയ സന്തോഷത്തിലാണ് അഞ്ജലി സത്യനാഥ്. അപ്രതീക്ഷിതമായി സിനിമയിലേക്കെത്തിയതിന്‍റെ അമ്പരപ്പ് മാറും മുമ്പെ കൈ നിറയെ ചിത്രങ്ങള്‍ കിട്ടിയതിന്‍റെ സന്തോഷത്തിലാണ് അഞ്ജലി. ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങില്‍ നിന്ന് സിനിമാ ലോകത്തേക്കുള്ള   കടന്നുവരവ്  തീര്‍ത്തും അപ്രതീക്ഷിതമായിരുന്നുവെന്ന് പറയുമ്പോള്‍  ആ മുഖത്തുണ്ടായ നിറപുഞ്ചിരി ആത്മവിശ്വാസത്തിന്‍റെ അടയാളപ്പെടുത്തലാണ്.

കൊവിഡില്‍ സ്റ്റക്കായി മോളെയും കൂട്ടി ജോലിക്ക് പോകാന്‍ പറ്റാതിരുന്ന സമയത്താണ് സിനിമയിലേക്കെത്തുന്നത്. ഒന്ന് രണ്ട് ഷോര്‍ട് ഫിലിമുകളില്‍ അഭിനയിച്ചിട്ടുണ്ടായിരുന്നുവെന്നത് ഒഴിച്ചു നിര്‍ത്തിയാല്‍ വലിയ അനുഭവപരിചയം ഇല്ലാതിരുന്ന അജ്ഞലി 'സൂഫിയും സുജാത'യും എന്ന ചിത്രത്തിലെ ഒരു കൊച്ചു വേഷത്തില്‍ നിന്ന് 'തെക്കന്‍ തല്ലുകേസി'ലെ 'ചന്ദ്രിക'യായി തിളങ്ങി നില്‍ക്കുകയാണ്. കൈ നിറയെ ചിത്രങ്ങളാണ് ഇപ്പോള്‍ അഞ്ജലിയെ കാത്തിരിക്കുന്നത്. അഞ്ജലി സത്യനാഥ് മെട്രൊ വാര്‍ത്തയോട് തന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്നു. 

തെക്കന്‍ തല്ലുകേസ്

വളരെ അപ്രതീക്ഷിതമായിട്ടാണ് തെക്കന്‍ തല്ലുകേസിലേക്കുള്ള കടന്നു വരവ്.  ഒരു ദിവസം  തെക്കന്‍ തല്ലുകേസിന്‍റെ അസോസിയേറ്റും സുഹൃത്തുമായ സന്‍വിന്‍ സന്തോഷ് എന്നെ ഓഡിഷനു വേണ്ടി കൊടുങ്ങല്ലൂര്‍ക്ക് വിളിക്കുകയായിരുന്നു. അവിടെ ചെന്നിട്ട് റോള്‍ എന്താണ് എന്ന് കേട്ടപ്പോള്‍ ആദ്യം വളരെ ബുദ്ധിമുട്ട് തോന്നി. പിന്നീട് ശ്രീജിത്ത് സാര്‍ എന്‍റെ വേഷത്തെക്കുറിച്ച് കൂടുതല്‍ പറഞ്ഞ് തന്ന് കോണ്‍ഫിഡന്‍സ് തന്നപ്പോള്‍ ആ ക്യാരക്റ്റർ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. സാധാരണ ഒരു വേശ്യ എന്നതിലും വ്യത്യാസമായായിരുന്നു സര്‍ ഈ ക്യാരക്റ്റര്‍-നുവേണ്ടി കൊടുത്തിരുന്ന ഡീറ്റെയില്‍സ്.

അതു കേട്ടപ്പോള്‍ തന്നെ ചെയ്യാം എന്നു തീരുമാനിക്കുകയായിരുന്നു. സിനിമയിലെ റോള്‍ ആദ്യം കേട്ടപ്പോള്‍ അംഗീകരിക്കാന്‍ കുറച്ച് ബുദ്ധിമുട്ടുണ്ടായിരുന്നെങ്കിലും എന്‍റെ ഭാഗത്തു നിന്ന് നല്ല രീതിയില്‍ അത് ചെയ്യാന്‍ ശ്രമിച്ചു.  ആദ്യം നല്ല കുറച്ച് ഷോര്‍ട് ഫിലിമുകള്‍ കണ്ടു നോക്കി. എണ്‍പതുകളിലേയും തൊണ്ണൂറുകളിലേയും സിനിമകള്‍ പരമാവധി കാണാന്‍ ശ്രമിച്ചു. അവരുടെ നടത്തവും ശൃംഗാര ഭാവങ്ങളും പെരുമാറ്റരീതികളും എല്ലാം കണ്ടു പഠിച്ച് എന്നെ കൊണ്ട് പറ്റും എന്ന് ഞാന്‍ സ്വന്തമായി ആത്മവിശ്വാസം നേടുകയായിരുന്നു.

ബിജു മേനോനൊപ്പം

ബിജു മേനോനുമായുള്ള കോമ്പിനേഷന്‍ സീനുകള്‍ വളരെ പേടിച്ച് ടെന്‍ഷന്‍ അടിച്ച ചെയ്തതായിരുന്നു. അതിനുകാരണം, നമ്മള്‍ കാരണം അദ്ദേഹത്തിന് ഒരു ബുദ്ധിമുട്ട് ഉണ്ടാവരുതെന്ന് എനിക്ക് ഉണ്ടായിരുന്നു. 2 സീനുകള്‍ ആയിരുന്നു എനിക്ക് ബിജു ചേട്ടന്‍റെ കൂടെ ഉണ്ടായിരുന്നത്. അതില്‍ ഒന്ന് പബ്ലികിന്‍റെ മുന്നില്‍ നിന്ന് ചെയ്യേണ്ടതായിരുന്നതു കൊണ്ട് നല്ല പേടി തോന്നിയിരുന്നു. എന്‍റെ പേടി അറിഞ്ഞിട്ടാണോ എന്ന് അറിയില്ല ശ്രീജിത്ത് സാര്‍ ആ സീനുകള്‍ ഷൂട്ടിങ്ങിന്‍റെ അവസാന ദിവസം ആയിരുന്നു എടുത്തത്. അപ്പോഴേക്കും ഞാന്‍ സെറ്റില്‍ ഉള്ള എല്ലാവരുമായി കമ്പനി ആയിരുന്നു.

അതുകൊണ്ട് എനിക്ക് പബ്ലിക്കിനെ ഫേസ് ചെയ്യാന്‍ വലിയ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല. ബിജു ചേട്ടന്‍ പക്ഷെ നല്ല സപ്പോര്‍ട്ട് ആയിരുന്നു. അവസാന ദിവസം ഞാന്‍ അദ്ദേഹത്തിന്‍റെ അടുത്ത് പോയി സംസാരിക്കുകയിരുന്നു. 'സര്‍ ഞാന്‍ അഞ്ജലി...'. 'ഓ അറിയാല്ലോ....' എന്നായിരുന്നു അദ്ദേഹത്തിന്‍റെ മറുപടി. അപ്പോഴാണ് അദ്ദേഹം ഇത്ര സിമ്പിള്‍ ആയ ആളാണ് എന്ന് മനസിലാക്കിയത്.

സൂഫിയും സുജാതയിലേക്ക് 

വളരെ അവിചാരിതമായാണ് ഞാന്‍ സൂഫിയും സുജാതയും എന്ന സിനിമയിലേക്ക് എത്തുന്നത്.  മുന്‍പ് കല്യാണ്‍ സില്‍ക്സ് ന്‍റെ പരസ്യത്തിന്‍റെ ഷൂട്ട്‌ന് പോയപ്പോള്‍ അവിടെ വച്ച ഒരാള്‍ കാസ്റ്റിംഗിന്‍റെ ആളാണെന്ന് പറഞ്ഞ് എന്‍റെ നമ്പര്‍ വാങ്ങിച്ചിരുന്നു. പിന്നീട് മാസങ്ങള്‍ക്കു ശേഷം അയാള്‍ എന്നെ അവിചാരിതമായി വിളിക്കുകയായിരുന്നു.

സിനിമയിലെ ഒരു റോള്‍ ചെയ്യാന്‍ തീരുമാനിച്ചിരുന്ന കുട്ടിക്ക് പനിയായി എന്നും അതിനാല്‍ പെട്ടന്ന് മൈസൂര്‍ എത്തണം എന്നും  പറഞ്ഞ് എന്നെ രാത്രി ഏഴരക്ക് വിളിക്കുകയായിരുന്നു. അത് അറിഞ്ഞപ്പോള്‍ തന്നെ വെളുപ്പിനെ 4 മണിയോടെ ബാംഗ്ലൂര്‍ നിന്നും മൈസൂരിലേക്ക് പോവുകയായിരുന്നു. അതായിരുന്നു എന്‍റെ ആദ്യ ചിത്രം.

അഭിനയിച്ച സിനിമകളിലെ സംവിധായകരെക്കുറിച്ച്

ഞാന്‍ അഭിനയിച്ച സിനിമകളിലെ എല്ലാ സംവിധായകരും വളരെ അധികം പിന്തുണ നല്‍കിയിരുന്നു. എങ്കിലും എനിക്ക് ഏറ്റവും കംഫോട്ടബിള്‍ ആയി തോന്നിയത് 'സൂഫി-സുജാത'യുടെ സംവിധായകന്‍ ഷാനവാസ് നരണിപ്പുഴ ആയിരുന്നു. നമ്മളെ ടെന്‍ഷന്‍ ഫ്രീ ആയി എങ്ങനെ കാമറക്ക് മുന്നില്‍ നിര്‍ത്താം എന്ന് സാറിന് കൃത്യമായി അറിയാം. വളരെ സ്വീറ്റ് ആയിട്ടാണ് നമ്മളോട് ഓരോ കാര്യവും പറഞ്ഞു തരുന്നത്.

'ഡിയര്‍ ഫ്രണ്ട്' ലെ വിനീത് സാര്‍ അതേപോലെ തന്നെ നല്ല സപ്പോര്‍ട്ട് ആയിരുന്നു. കൂടെ ബേസില്‍, ടോവിനോ, ദര്‍ശന പോലെ വലിയ ആളുകള്‍ അഭിനയിക്കുന്നത് കൊണ്ട് നല്ല ടെന്‍ഷന്‍ ഉണ്ടായിരുന്നു. ഞാന്‍ 3/4 ടേക്ക് പോയപ്പോഴും സാര്‍ കൂളായി തന്നെ നിന്നു. അതുപോലെ തന്നെ സിമ്പിളായിട്ടുള്ള ആളാണ് 'വിശുദ്ദ മെജോ' അസോസിയേറ്റ് ഡയറക്ടര്‍ ഫിലിപ്പ് സാര്‍. 'തെക്കന്‍ തല്ലുകേസിലെ' ശ്രീജിത്തേട്ടൻ കംഫര്‍ട്ട് സോണിന്‍റെ ടോപ്പ് പീക്കാണ്.

ആദ്യ 'സിങ്ക്-സൗണ്ട്' അനുഭവം

സൂഫി സുജാതയ്ക്ക് ശേഷം എനിക്ക് ലോങ്ങ് ഗാപ് ഉണ്ടായി. ആ സമയത്ത് ഷോര്‍ട്ട് ഫിലിമുകളോ സിനിമകളോ ഒന്നും ചെയ്തില്ലായിരുന്നു. അതുകൊണ്ടു തന്നെ ഡിയര്‍ ഫ്രണ്ട് ലേക്ക് വിളിച്ചപ്പോള്‍ നല്ല ടെന്‍ഷന്‍ തോന്നിയിരുന്നു. കൂടാതെ എനിക്കുള്ള റോള്‍ ആണെങ്കിൽ സിങ്ക-സൗണ്ടും'. അത് ആദ്യമായി ചെയ്യുന്നതു കൊണ്ട് ഒരുപാട് ടേക്കുകള്‍ പോയി. 'സിങ്ക്-സൗണ്ട്' മുന്‍പ് ചെയ്ത പരിചയം ഇല്ലാത്തതു കൊണ്ട് എനിക്ക് നല്ല ടെന്‍ഷന്‍ തോന്നി.

അപ്പോള്‍ ദർശന രാജേന്ദ്രൻ അടുത്ത് വന്ന് എന്നോട് വളരെ കാര്യമായി സംസാരിച്ചു. അഞ്ജലി നന്നായി ചെയ്യുന്നുണ്ട് എന്നു പറഞ്ഞ് എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ട് എനിക്ക് ഓരോരോ ഐഡിയകള്‍ പറഞ്ഞു തന്നു. അത് വളരെ സഹായകരമായി. ഒരുപാട് നാളായി അടുപ്പമുള്ള ഒരു സുഹൃത്ത് എന്ന പോലെ എന്‍റെ അടുത്ത വന്ന് സംസാരിച്ചപ്പോള്‍ ഏറെ ആശ്വാസമായി. എന്നിരുന്നാലും ഞാന്‍ ഒട്ടും ആത്മവിശ്വാസം ഇല്ലാതെ ചെയ്ത ഒരു ക്യാരക്റ്റർ ആയിരുന്നു അത്. ഒട്ടും ആത്മസംതൃപ്തിയില്ലാതെ ആയിരുന്നു ഞാന്‍ ആ ക്യാരക്റ്റർ ചെയ്തത്.

ഏറ്റവും വലിയ വെല്ലുവിളി

പബ്ലിക്കിനെ ഫേസ് ചെയ്യുക എന്നതാണ് എനിക്കുള്ള ഏറ്റവും വലിയ വെല്ലുവിളി. കാരണം ഞാന്‍ അങ്ങനെ അഭിനയിച്ച ശീലം ഇല്ലാത്ത ആള്‍ ആണ്. 3/4 ഷോര്‍ട് ഫിലിമുകള്‍ ചെയ്തിട്ടുണ്ട് എങ്കിലും അവിടെ ഉള്ളവര്‍ എല്ലാവരും നമ്മുടെ തന്നെ പരിചയത്തില്‍ ഉള്ളവരായിരിക്കും. അപ്പോള്‍ പക്കാ സ്‌ക്രിപ്റ്റ് ഒന്നും കാണില്ല. ചെല്ലുന്നു, കാര്യം മനസിലാക്കി നമ്മള്‍ റെഡിയാവുകയാണ്.

എന്നാല്‍ സിനിമയുടെ കാര്യത്തില്‍ അങ്ങനെ അല്ല. എല്ലാം വളരെ 'സിസ്റ്റമിക്' ആണ്. എല്ലാത്തിനും ഓര്‍ഡര്‍ ഉണ്ട്. പക്ഷേ നമ്മള്‍ ക്യാരക്റ്റർ ആവുമ്പോള്‍, പബ്ലിക്കിനെ കണ്ട് ഒരിക്കലും പേടിക്കാന്‍ പാടില്ല. എല്ലാം മനസിലാക്കി ചെയ്യണം. അതിനു വേണ്ടി മാനസികമായി സ്വയം തയ്യാറാവണം. ഇതെല്ലാമായിരുന്നു എനിക്ക് നേരിടേണ്ടി വന്ന വെല്ലുവിളികള്‍.

റീല്‍സും കവിതകളും

എനിക്ക് സംസാരിക്കാന്‍ ഒരുപാട് ഇഷ്ടമാണ്. പുതിയ ആളുകളെ പരിചയപ്പെടുകയും അവരോട് സംസാരിക്കുന്നതിലൂടെ നമുക്ക് കൂടിതല്‍ കാര്യങ്ങള്‍ പഠിക്കാന്‍ കഴിയുന്നതും ഇഷ്ടമുള്ള കാര്യമാണ്. മുന്‍പ് ബാംഗ്ലൂരില്‍ ജോലിയുണ്ടായിരുന്നപ്പോള്‍ റീല്‍സ് ഒക്കെ ചെയ്ത് ഇടുമായിരുന്നു.  കൂടാതെ ചെറുതായി പാട്ട് പാടും. ഒരുപാട് വായന ശീലം ഇല്ലെങ്കില്‍കൂടിയും കവിതകള്‍ എഴുതാറുണ്ട്. എന്നിരുന്നാലും സിനിമയാണ് ഏറ്റവും ഇഷ്ടമുള്ള മേഖല.

മകൾ എന്‍റെ ശക്തി

എന്‍റെ നാട് തൃശൂര്‍ അന്നമനട ആണ്.  കല്യാണം കഴിഞ്ഞു. ഭര്‍ത്താവ് ശിഖില്‍ നാരായണന്‍. ഡിസൈനറാണ്. 6 വയസ്സുള്ള ഒരു മകളുണ്ട്. ഏറ്റവും വലിയ സപ്പോര്‍ട്ട് മകളാണ് കാരണം ഷൂട്ടിങ്ങിനു വേണ്ടി ഒരുപാട് ദിവസങ്ങള്‍ മാറിനില്‍ക്കേണ്ടി വന്നിട്ടും വാശി പിടിക്കാതെ 'അമ്മ ഹാപ്പിയായി ചെയ്തിട്ട് വരൂ....' എന്നാണ് അവള്‍ പറയാറുള്ളത്.  അതുകൊണ്ട് തന്നെ എന്‍റെ ഏറ്റവും വലിയ സപ്പോര്‍ട്ട് അവള്‍ തന്നെയാണ്. കുടാതെ എന്റേത് ഒരു കൂട്ടുകുടുംബമാണ്. എല്ലാവരും വലിയ സപ്പോര്‍ട്ട് ആണ്

പുതിയ സിനിമകൾ

പുതിയ പ്രൊജക്റ്റ് എന്ന് പറഞ്ഞാല്‍ ഇപ്പോള്‍ 'കൊറോണ ജവാന്‍' ചെയ്തു കഴിഞ്ഞു. അതിനു മുന്‍പായി 'ഫേസ് ഓഫ് ഫേസിലെസ്' എന്ന ഹിന്ദി സിനിമ ചെയ്തു. അതൊരുപാട് ഭാഷകളില്‍ റിലീസ് ചെയ്യുന്നുണ്ട് അതിന്‍റെ ബാക്കി വര്‍ക്കുകള്‍ പൂര്‍ത്തിയാകുന്നതേയുള്ളു. ഇപ്പോള്‍ ഡബ്ബിങ് നടന്നുകൊണ്ടിരിക്കുകയാണ്. ഇതു കൂടാതെ ഒന്നു രണ്ട് പ്രോജക്ടുകള്‍ വരുന്നുണ്ട്

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com