

ഗൗരി കിഷൻ
file image
ചെന്നൈ: വാർത്താ സമ്മേളനത്തിൽ ബോഡി ഷെയിമിങ് നടത്തിയ വ്ലോഗർക്ക് രൂക്ഷമായ ഭാഷയിൽ മറുപടി നൽകി നടി ഗൗരി കിഷൻ. ഭാരം എത്രയെന്ന ചോദ്യത്തിനാണ് ഗൗരിയുടെ പ്രതികരണം. സിനിമയുടെ പ്രമോഷന്‍റെ ഭാഗമായി നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം.
ശരീര ഭാരത്തെക്കുറിച്ചുള്ള ചോദ്യം വിഡ്ഢിത്തരമാണെന്നു പറഞ്ഞ ഗൗരി നായികമാരെല്ലാം മെലിഞ്ഞിരിക്കണോ എന്നും ചോദിച്ചു. ഉയരം കുറഞ്ഞ ഇവരെ എന്തിനാണ് കാസ്റ്റു ചെയ്തതെന്നും വ്ലോഗർ സംവിധായകനോട് ചോദിച്ചു. തന്‍റെ ഭാരവും സിനിമയും തമ്മിൽ എന്തു ബന്ധമാണെന്നും നടന്മാരോട് ഇത്തരം ചോദ്യം ചോദിക്കുമോയെന്നും നടി ചോദിച്ചു.
ചോദ്യത്തെ ന്യായീകരിക്കാൻ വ്ലോഗർ ശ്രമിച്ചെങ്കിലും ഗൗരി മോശം ചോദ്യമെന്ന് ആവർത്തിക്കുകയായിരുന്നു. വ്ലോഗർ മാപ്പു പറയണമെന്നും ആവശ്യപ്പെട്ടു. എന്നാൽ ചോദ്യത്തോട് രൂക്ഷമായി പ്രതികരിച്ച നടിയാണ് മാപ്പു പറയേണ്ടതെന്നാണ് വ്ലോഗർ പ്രതികരിച്ചത്.
ജേർണലിസ്റ്റായി വർഷങ്ങളായുള്ള പരിചയമുണ്ടെന്നും ചോദിച്ച ചോദ്യം തെറ്റാണെന്ന് തോന്നുന്നില്ലെന്നും അയാൾ പറഞ്ഞു. താനും ജേർണലിസമാണ് പഠിച്ചത്. ഒരു ഫോണും കൊണ്ട് ഇറങ്ങിയാൽ എന്തും ചോദിക്കാമെന്നാണ് യൂട്യൂബേഴ്‌സ് കരുതുന്നതെന്നും നടി പറഞ്ഞു.
എന്നാൽ, വാര്‍ത്താസമ്മേളനത്തിൽ ഗൗരിക്കൊപ്പമുണ്ടായിരുന്ന സംവിധായകൻ അബിൻ ഹരിഹരനും നായകൻ ആദിത്യ മാധവനും വിഷയത്തിൽ പ്രതികരിച്ചില്ല. ചോദ്യം ചോദിച്ച വ്ലോഗറെ സമാധാനിപ്പിക്കാനും പ്രശ്നമുണ്ടാക്കരുതെന്ന് അപേക്ഷിക്കാനുമാണ് സംവിധായകൻ ശ്രമിച്ചത്.