

മസ്താനിയും റോഷനും
നടിയും മോഡലുമായ നന്ദിത ശങ്കര (മസ്താനി) വിവാഹിതയായി. സൗണ്ട് എൻജിനീയറും ഗായകനുമായ റോഷൻ ആണ് വരൻ. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ മസ്താനി തന്നെയാണ് സന്തോഷ വാർത്ത പങ്കുവച്ചത്.
'ഇന്ന് നല്ല തിരക്കുള്ള ദിവസമായിരുന്നു', എന്ന അടിക്കുറിപ്പോടെയാണ് വിവാഹചിത്രം പോസ്റ്റ് ചെയ്തത്. തുളസി മാല അണിഞ്ഞ് നിൽക്കുന്ന മസ്താനിയേയും റോഷനേയുമാണ് ചിത്രത്തിൽ കാണുന്നത്. നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.
ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹജീവിതത്തിലേക്ക് കടന്നത്. റോഷനൊപ്പമുള്ള മനോഹര നിമിഷങ്ങൾ മസ്താനി സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. ആന്‍റണി വർഗീസ് നായകനായെത്തിയ ‘ഓ മേരി ലൈല’യിലൂടെയായിരുന്നു നന്ദിതയുടെ അഭിനയത്തിലെ അരങ്ങേറ്റം. ബസ് യാത്രയ്ക്കിടെ സഹയാത്രികനിൽ നിന്നുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞതോടെയാണ് മസ്താനി ശ്രദ്ധിക്കപ്പെടുന്നത്. വസ്ത്ര ധാരണത്തിന്‍റെ പേരിൽ തനിക്ക് നേരെയുണ്ടായ സൈബർ ആക്രമണങ്ങളെ ശക്തമായാണ് മസ്താനി നേരിട്ടത്.