
തൃശൂർ : പലയിടങ്ങളിലുള്ള താരങ്ങളെയും സംവിധായകരെയും അവരുടെ നാടകപരീക്ഷണങ്ങളെയും അടുത്തറിയാനും പഠിക്കാനുമുള്ള അവസരമാണ് ഓരോ നാടകോത്സവങ്ങളെന്നും എല്ലാം പുതിയ അനുഭവങ്ങളാണെന്നും നടി സുരഭി ലക്ഷ്മി. ഒരു നാടക അഭിനേത്രി എന്ന നിലയില്‍, തൃശൂരിൽ തുടരുന്ന അന്താരാഷ്ട്ര നാടകോത്സവത്തിന്‍റെ വൈബ് ആസ്വദിക്കുന്ന തിരക്കിലാണ് സുരഭി. പല ഫെസ്റ്റിവലുകളുടെയും ഭാഗമായിട്ടുണ്ടെങ്കിലും രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം എത്തിയ ഇറ്റ്‌ഫോക്കിന്‍റെ പുതിയ രീതികള്‍ എങ്ങനെയായിരിക്കുമെന്ന് ഒരു നാടക വിദ്യാര്‍ത്ഥി എന്ന നിലയില്‍ നോക്കി കാണുകയാണെന്നും സുരഭി പറയുന്നു.
അന്താരാഷ്ട്ര നാടകോത്സവത്തില്‍ അഞ്ചാം തവണയാണ് താരം എത്തുന്നത്. അതിഥിയേക്കാളെറെ പലതവണ അരങ്ങിലെത്തിയ നടി എന്ന നിലയിലും സുരഭി ഇറ്റ്‌ഫോക്കിന് സുപരിചിതയാണ്. വിവിധ വര്‍ഷങ്ങളില്‍ നാടകോത്സവത്തിന് തെരഞ്ഞെടുത്ത അതിര്‍ത്തികള്‍, യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും, ബോംബെ ടെയ്‌ലേഴ്‌സ് തുടങ്ങിയ നാടകങ്ങളുടെ ഭാഗമായിരുന്നു താരം. ഇവയില്‍ യക്ഷിക്കഥകളും നാട്ടുവര്‍ത്തമാനങ്ങളും എന്ന നാടകത്തിലെ അഭിനയത്തിന് 2010ലും ബോംബെ ടെയ്‌ലേഴ്‌സ് എന്ന നാടകത്തിലെ അഭിനയത്തിന് 2016ലും മികച്ച നടിക്കുള്ള കേരള സംഗീത നാടക അക്കാദമി പുരസ്‌കാരവും സുരഭിയെ തേടി എത്തിയിട്ടുണ്ട്.