ബംഗാളി സംവിധായകൻ അഭിജിത്ത് ആദ്യയുടെ മലയാള സിനിമ; 'ആദ്രിക'യ്ക്ക് ഐറിഷ് - ബോളിവുഡ് താരനിര

ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്
adrika movie
adrika movie
Updated on

ദി റൈസ്, ഗുരുദക്ഷിണ, ഹേമ മാലിനി, ജിവാൻസ തുടങ്ങി സിനിമകളിലൂടെ ശ്രദ്ദേയനായ ബംഗാളി സംവിധായകനും, നിർമ്മാതാവും, പ്രശ്സ്ത ഫോട്ടോഗ്രാഫറുമായ അഭിജിത്ത് ആദ്യയുടെ പ്രഥമ മലയാള ചിത്രമാണ് 'ആദ്രിക'. ഒരു മലയാള ചിത്രം ബംഗാളി സംവിധായകൻ ചെയ്യുന്നു എന്നതിനേക്കാൾ അദ്ദേഹത്തിനൊപ്പം ഒരു പറ്റം അഭിനേതാക്കളും അണിയറ പ്രവർത്തകരും അന്യഭാഷയിൽ നിന്നുള്ളവരാണെന്നതാണ് സിനിമയുടെ പ്രത്യേകത.

ചിത്രത്തിലെ ആദ്രിക എന്ന ടൈറ്റിൽ കഥാപാത്രമായെത്തുന്നത് പ്രശസ്ത ബോളിവുഡ് താരം നിഹാരിക റൈസാദയാണ്. ഐ.ബി 71, സൂര്യവൻഷി, വാറിയർ സാവിത്രി, ടോട്ടൽ ധമാൽ തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് നിഹാരിക. ഉസ്താദ് സുൽത്താൻ ഖാൻ, കെ. എസ് ചിത്ര എന്നിവർ ആലപിച്ച് ഹിന്ദിയിൽ ഏറെ ഹിറ്റായ 'പിയ ബസന്ദി' എന്ന ആൽബത്തിലൂടെ എത്തിയ ഐറിഷ് താരം ഡൊണോവൻ വോഡ്ഹൗസ് ആണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ഐറിഷിലെ പ്രമുഖ ഛായാഗ്രാഹനും, ചലച്ചിത്ര നിർമ്മാതാവും കൂടിയാണ് ഡൊണോവൻ. പ്രമുഖ മോഡലും മലയാളിയുമായ അജുമൽന ആസാദ് ആണ് ചിത്രത്തിലെ മറ്റൊരു നായിക.

ദി ഗാരേജ് ഹൗസ് പ്രൊഡക്ഷൻ,യു.കെയോടൊപ്പം മാർഗരറ്റ് എസ്.എ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. സംവിധായകൻ അഭിജിത്ത് തന്നെയാണ് ഈ സർവൈവൽ ത്രില്ലർ ചിത്രത്തിൻ്റെ കഥയും തിരക്കഥയും തയ്യാറാക്കിയിരിക്കുന്നത്. ഒറ്റപ്പെട്ട വീട്ടിൽ കഴിയേണ്ടി വന്ന ഗർഭിണിയായ ആദ്രിക. അവൾ നേരിടേണ്ടി വരുന്ന ചില സാഹചര്യങ്ങളും, അതിൽ നിന്ന് രക്ഷപ്പെടാനുള്ള അവളുടെ പ്രവർത്തികളുമാണ് ചിത്രം പറയുന്നത്. പൂർണ്ണമായും കോട്ടയത്തും പരിസര പ്രദേശങ്ങളിലുമാണ് ചിത്രീകരണം നടക്കുന്നത്.

വസന്ത മുല്ലൈ, പൊയ്ക്കാൽ കുതിരൈ തുടങ്ങിയ തമിഴ് ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ജയകുമാർ തങ്കവേലാണ് ചിത്രത്തിൻ്റെ ഛായാഗ്രാഹകൻ. അശോകൻ പി.കെ ആണ് ചിത്രത്തിൻ്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറും പ്രൊജക്ട് ഡിസൈനറും. എഡിറ്റർ : മെഹറലി പോയ്ലുങ്ങൽ ഇസ്മയിൽ, അസോസിയേറ്റ് ഡയറക്ടർ: കപിൽ ജെയിംസ് സിങ്, അസിസ്റ്റന്റ് ഡയറക്ടർസ് സുജീഷ് ശ്രീധർ, ജാൻവി ബിശ്വാസ്. മ്യൂസിക്: സർത്തക് കല്യാണി, ആർട്ട്: വേണു തോപ്പിൽ, മേക്കപ്പ്: സുധീർ കുട്ടായി, ഡയലോഗ്സ്: വിനോദ് നാരായണൻ, കളറിസ്റ്റ്: രാജീവ് രാജകുമാരൻ, സൗണ്ട് ഡിസൈൻ: ദിവാകർ ജോജോ, മാർക്കറ്റിംങ്ങ്: ബി.സി ക്രിയേറ്റീവ്സ്, പി.ആർ.ഒ: പി.ശിവപ്രസാദ് എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com