

'പൊക്കം കുറഞ്ഞവരെ കാഴ്ചവസ്തുക്കളാക്കി'; അഹാനയ്ക്കെതിരേ വിമർശനം, മറുപടിയുമായി താരം
നടി അഹാന കൃഷ്ണയുടേയും ഛായാഗ്രാഹകൻ നിമിഷ് രവിയുടേയും വിവാഹ ആഘോഷത്തിന്‍റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. കാർണിവൽ തീമിൽ ഒരുക്കിയ പ്രീ വെഡ്ഡിങ് ഇവന്‍റിന്‍റെ ചിത്രങ്ങളാണ് അവസാനമായി പുറത്തുവന്നത്. കാർണിവൽ സ്റ്റൈലിലായിരുന്നു ആഘോഷങ്ങൾ. അതിനിടെ പൊക്കം കുറഞ്ഞവർ ജോക്കർ വേഷത്തിൽ നിൽക്കുന്നതിന്‍റെ ചിത്രങ്ങളുമുണ്ടായിരുന്നു. പിന്നാലെ പൊക്കം കുറഞ്ഞവരെ അലങ്കാരവസ്തുക്കളാക്കി എന്ന തരത്തിൽ വിമർശനം ഉയർന്നു. ഇപ്പോൾ അതിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് അഹാന.
ജോക്കറിന്‍റെ വേഷം കെട്ടി നിൽക്കുന്ന ഡ്വാർഫിസമുള്ള ആളുകൾക്കിടയിലൂടെ ഡാൻസ് ചെയ്ത് നടന്നു വരുന്ന അഹാനയുടേയും നിമിഷിന്‍റേയും ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതിനു താഴെയാണ് വിമർശം ഉയർന്നത്. പൊക്കം കുറഞ്ഞ മനുഷ്യരെ അലങ്കാരവസ്തുക്കളായി ഉപയോഗിക്കുന്നതു കാണുമ്പോൾ സത്യം പറഞ്ഞാൽ വലിയ അസ്വസ്ഥത തോന്നുന്നു എന്നായിരുന്നു കമന്‍റുകൾ.
പിന്നാലെ കമന്‍റുമായി അഹാന രംഗത്തെത്തി. ഒരു ഏജൻസി വഴിയാണ് താൻ ജഗ്ഗ്ലർമാരേയും കാർണിവൽ കലാകാരന്മാരേയും ബുക്ക് ചെയ്തത്. ഉയരവും ലിംഗഭേദവും ശരീരപ്രകൃതിയും നോക്കി ആരെയും ആവശ്യപ്പെട്ടിട്ടില്ലെന്നും പ്രൊഫഷണലായ കലാകാരന്മാരെയാണ് ആവശ്യപ്പെട്ടത് എന്നുമാണ് അഹാന കുറിച്ചത്. അവർ ചെയ്യുന്നത് പ്രൊഫഷണലും മാന്യവുമായ ജോലിയാണെന്നും നടി കൂട്ടിച്ചേർത്തു. അവർ ഇവിടെ സന്തോഷവാന്മാരായിരുന്നു. ഞങ്ങൾ എല്ലാവരും നന്നായി ആസ്വദിച്ചു. അവർ കലാകാരന്മാരാണ് അല്ലാതെ അലങ്കാരവസ്തുക്കളായിരുന്നില്ല. കാര്യം അറിയാതെ ആളുകളെ വിധിക്കരുത് എന്നാണ് അഹാന കുറിച്ചത്. പിന്നാലെ അഹാനയെ പിന്തുണച്ചുകൊണ്ട് നിരവധി പേർ എത്തി. അവർ കലാകാരന്മാരാണെന്നും അവരുടെ ഉപജീവനമാർഗമാണ് ഇതെന്നുമാണ് പലരും കുറിച്ചത്.