"എന്‍റെ വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട ആവശ്യമില്ല, ക്ലീവേജ് കാണിച്ചാൽ സംസ്കാരമില്ലെന്നല്ല അർഥം"; ഐശ്വര്യ ലക്ഷ്മി

വസ്ത്രധാരണത്തിന്‍റെ പേരിൽ പലപ്പോഴും വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി
aishwarya lekshmi responds to those criticizing her outfit

ഐശ്വര്യ ലക്ഷ്മി

Updated on

പലപ്പോഴും വസ്ത്രധാരണത്തിന്‍റെ പേരിൽ വിമർശനങ്ങൾ ഏറ്റുവാങ്ങുന്ന നടിയാണ് ഐശ്വര്യ ലക്ഷ്മി. ഇത് വലിയ ട്രോളുകൾക്കും വഴിവയ്ക്കാറുണ്ട്. ഇപ്പോഴിതാ വസ്ത്രത്തിന്‍റെ പേരിൽ ഉയർന്ന വിമർശനങ്ങളോട് പ്രതികരിക്കുകയാണ് ഐശ്വര്യ ലക്ഷ്മി. രഞ്ജിനി ​ഹരിദാസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഐശ്വര്യ.

ഇഷ്ടമുള്ള വസ്ത്രങ്ങൾ ധരിക്കാൻ തനിക്ക് ആരുടെയും അനുവാദം ആവശ്യമില്ലെന്നാണ് ഐശ്വര്യയുടെ പ്രതികരണം. സംസ്‌കാരം എന്നത് വസ്ത്രത്തിന്‍റെ നീളത്തിലോ ക്ലീവേജിലോ അല്ല ഇരിക്കുന്നതെന്നും താനിടുന്ന വസ്ത്രത്തെക്കുറിച്ച് തനിക്കാരോടും വിശദീകരിക്കാനില്ലെന്നും നടി വ്യക്തമാക്കി.

"കുറച്ച് നെറ്റും കുറച്ച് അധികം സമയവുമുണ്ടെങ്കിൽ എവിടെയെങ്കിലും പോയിരുന്ന് ആർക്കും ആരെയും ട്രോളാം. അത് എല്ലായ്പ്പോഴും വളരെ മോശമായ കാര്യമാണ്. ഞാൻ നെ​ഗറ്റീവ് കമന്‍റുകളോ അല്ലെങ്കിൽ അത്തരം കാര്യങ്ങളിലൊന്നും ബോധവതിയല്ല. എനിക്ക് ഇഷ്ടമുള്ള വസ്ത്രം ഞാൻ ധരിക്കും. ഇത് വസ്ത്രധാരണവുമായി ബന്ധപ്പെട്ട വിശദീകരണമല്ല. ഞാൻ തെരഞ്ഞെടുക്കുന്ന വസ്ത്രത്തെക്കുറിച്ച് ആരോടും വിശദീകരിക്കേണ്ട കാര്യമുണ്ടെന്ന് കരുതുന്നില്ല.

സത്യത്തിൽ എന്താണ് സംഭവിച്ചതെന്ന് ഞാൻ പറയാം. അത് പക്ഷേ ഭയങ്കര രസമായിരുന്നു. ഞാൻ ആ വസ്ത്രം ഫിറ്റ് ചെയ്തിട്ടില്ലായിരുന്നു. ഏഴ് എട്ട് ദിവസത്തെ നൈറ്റ് ഷൂട്ട് കഴിഞ്ഞിട്ട് വരുമ്പോൾ എന്തെങ്കിലുമാകട്ടെ എന്നൊരു ചിന്തയിലായിരുന്നുന ഞാൻ. 'കുളിച്ചോണ്ടിരുന്നതിന്‍റെ ഇടയിൽ വന്ന് ഉദ്​ഘാടനം ചെയ്തിട്ട് പോയി' എന്നായിരുന്നു അതിനുവന്ന പ്രധാന കമന്‍റ്. അത് കറക്ടാണ്. സ്റ്റൈലിസ്റ്റ് എന്നോട് പറയുന്നുണ്ട്, 'നമുക്ക് മുടി അഴിച്ചിടാം അല്ലെങ്കിൽ ഒരു ചോക്കർ ഇട്ടു നോക്കാം' എന്നൊക്കെ. ഇത് ശരിക്കും കുളിക്കുന്ന ഡ്രസ് ആണ്.

കൂട്ടുകാരും പറഞ്ഞു. അത് വേണ്ടെന്ന് പക്ഷേ ഞാൻ അത് ഇടാമെന്ന് തീരുമാനിക്കുകയായിരുന്നു. ഞാൻ ഭയങ്കര കോൺഫിഡന്‍റ് ആണ്, ഇതാണ് ഫാഷൻ, നമ്മളെ പഴയകാലത്തിലേക്ക് കൊണ്ടു പോകുന്നു എന്നൊക്കെയുള്ള മട്ടിലായിരുന്നു ഞാൻ പുറപ്പെട്ടത്. അത് അബദ്ധമായെന്ന് എനിക്ക് തോന്നിയത് സ്ഥലത്തെത്തി കാറിൽ നിന്ന് ഇറങ്ങിയപ്പോഴാണ്. അത് ധരിക്കേണ്ടതില്ലായിരുന്നെന്ന് എനിക്കപ്പോഴാണ് മനസിലായത്. അങ്ങനെ മുലക്കച്ച വീണ്ടും ട്രെൻഡിങ് ആയി.

അത് കഴിഞ്ഞാണ് ക്ലീവേജ് കാണുന്ന തരത്തിലുള്ള ആ ഡ്രസ് ഇട്ടത്. അത് ഇടും മുൻപ് തന്നെ ഞാൻ പല സുഹൃത്തുക്കളോടും ചോദിച്ചിരുന്നു. അതെല്ലാവർക്കും ഇഷ്ടപ്പെട്ടു. പക്ഷേ ആ വസ്ത്രത്തിന് അത്രയും വലിയ കീഹോൾ ആയിരിക്കുമെന്ന് ഞാനും വിചാരിച്ചില്ല. തിരുവനന്തപുരത്തായിരുന്നു ആ പരിപാടി. ഇന്‍റർനാഷണൽ‌ ഡയമണ്ട് എക്സിബിഷൻ ആയിരുന്നു പരിപാടി.

അന്ന് രാവിലെ വേറൊരു ഉദ്ഘാടനം കൂടി ഉണ്ടായിരുന്നു എനിക്ക്. അപ്പോൾ അതുവഴി പോയപ്പോൾ ‍ഞാൻ വെറുതെ ഒന്ന് കയറിയതാണ് അവിടെ, അല്ലാതെ അത് പെയ്ഡ് ആയിരുന്നില്ല. എനിക്ക് നല്ല കോൺഫിഡൻസ് ഉണ്ടായിരുന്നു. പക്ഷേ ചെന്നിറങ്ങുന്നത് പഴവങ്ങാടിയിലാണെന്ന കാര്യം പ്ലാൻഡ് ആയിരുന്നില്ല.

ആ ഒരു ദിവസം മുഴുവൻ ഞാൻ‌ ചിരിയായിരുന്നു. വിഡിയോ കോൾ ചെയ്ത് എന്‍റെ സുഹൃത്തുക്കളെയൊക്കെ ഞാൻ ഔട്ട്ഫിറ്റ് കാണിച്ചു. പഴവങ്ങാടി ​ഗണപതി ക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഒരു കടയിലൊക്കെ ഞാൻ പോയി കാണിച്ചു. ആ വസ്ത്രത്തിന് ഒരു പ്രശ്നവും എനിക്ക് ഇന്നും തോന്നുന്നില്ല.

പക്ഷേ ആളുകളുടെ ക്യാമറ പോയതൊക്കെ എന്‍റെ മുഖത്തേക്കായിരുന്നില്ല. ശരീരത്തിലേക്കായിരുന്നു. അത് എന്നെ അസ്വസ്ഥയാക്കി. അത് ബോഡി ലാംഗേജിൽ പ്രകടമായി. സംസ്കാരത്തിന് ചേരാത്ത വസ്ത്രമെന്നൊക്കെ ആളുകൾ വിമർശിച്ചു.

സംസ്കാരത്തിന് ചേരുന്ന ഭാഷയാണോ നിങ്ങൾ ഉപയോ​ഗിക്കുന്നതെന്ന് ഒന്ന് ആലോചിച്ച് നോക്കൂ. സംസ്‌കാരം എന്നത് വസ്ത്രത്തിന്‍റെ നീളത്തിലോ ക്ലീവേജിലോ ആണോ ഇരിക്കുന്നത്?. അല്ല, മറിച്ച് ഒരാൾ എങ്ങനെ പെരുമാറുന്നു എന്നതിലാണ്. അതിനൊന്നും പൊലീസിങ് ഇല്ല, അതിൽ നിയന്ത്രണങ്ങളില്ലാ. ആളുകൾക്ക് തോന്നുന്നത് പറയമെന്ന സ്ഥിതിയാണ്", ഐശ്വര്യ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com