

ഐശ്വര്യ രാജേഷ്
കരിയറിന്‍റെ തുടക്കത്തിൽ തനിക്കുണ്ടായ മോശം അനുഭവം തുറന്നു പറഞ്ഞ് നടി ഐശ്വര്യ രാജേഷ്. ഫോട്ടോഷൂട്ടിനായി വിളിച്ചുവരുത്തിയ ഫോട്ടോഗ്രാഫർ തന്നെ അടിവസ്ത്രം ധരിക്കാൻ നിർബന്ധിച്ചു. തന്‍റെ ശരീരം കാണണമെന്ന് പറഞ്ഞുവെന്നുമാണ് നടി വെളിപ്പെടുത്തിയത്. യൂട്യൂബർ നിഖിൽ വിജയേന്ദ്ര സിംഹയുടെ പോഡ്കാസ്റ്റിലായിരുന്നു ഐശ്വര്യയുടെ തുറന്നുപറച്ചിൽ.
"ഞാൻ ചെറുപ്പമായിരുന്നു. സഹോദരനോടൊപ്പമാണ് അവിടെ പോയത്. ഫോട്ടോഗ്രാഫർ അവനോട് പുറത്തിരിക്കാൻ ആവശ്യപ്പെട്ടു. എന്നെ അകത്തേക്കുകൊണ്ടുപോയി. ധരിക്കാൻ അടിവസ്ത്രം തന്നു. 'എനിക്ക് നിന്‍റെ ശരീരം കാണണം' എന്നു പറഞ്ഞു. ആ പ്രായത്തിൽ, സിനിമാ മേഖലയിലെ രീതികൾ എങ്ങനെയാണ് അറിവില്ലായിരുന്നു. ഇങ്ങനെയൊക്കെയായിരിക്കും കാര്യങ്ങളെന്ന് കരുതി. ഏറെക്കുറേ ഞാനതിൽ വീഴാനിരുന്നതാണ്. രണ്ടുമിനിറ്റുകൂടെ അദ്ദേഹം സംസാരിച്ചിരുന്നെങ്കിൽ, അനുസരിച്ചേനേ. പക്ഷേ, എനിക്ക് എന്തോ സംശയം തോന്നി. സഹോദരന്‍റെ അനുവാദം വാങ്ങണമെന്ന് പറഞ്ഞ് അവിടെ നിന്ന് ഇറങ്ങി. എന്നാൽ ഇതേക്കുറിച്ച് എന്‍റെ സഹോദരനോട് പറഞ്ഞില്ല."- ഐശ്വര്യ പറഞ്ഞു. സിനിമ സ്വപ്നം കാണുന്ന എത്രയോ പെൺകുട്ടികൾ ഇയാളുടെ കെണിയിൽ വീണിട്ടുണ്ടാകുമെന്നും താൻ ചിന്തിച്ചെന്നും നടി പറഞ്ഞു.
സിനിമയിലെത്തിയ സമയത്ത് ഒരു സംവിധായകനിൽ നിന്നും തനിക്കുണ്ടായ മോശം അനുഭവത്തേക്കുറിച്ചും ഐശ്വര്യ വെളിപ്പെടുത്തി. ഒരു സംവിധായകൻ തന്നെ പരസ്യമായി അപമാനിച്ചിട്ടുണ്ടെന്നാണ് നടി പറയുന്നത്. കുറച്ച് നേരം വൈകി സെറ്റിൽ എത്തിയതിന് ജൂനിയർ ആർട്ടിസ്റ്റുമാരുടെ മുന്നിൽവെച്ച് തന്നെ വഴക്കു പറഞ്ഞു. വഴക്കു പറഞ്ഞതായിരുന്നില്ല പ്രശ്നം. മറ്റുള്ള നടിമാരുമായി തന്നെ താരതമ്യം ചെയ്തു. ഒരു തെറ്റുവരുത്തിയാൽ പരസ്യമായി ചീത്തപറയാൻ ചീത്തപറയുകയല്ലല്ലോ വേണ്ടതെന്നും ഐശ്വര്യ ചോദിച്ചു.