
പി.ജി.എസ്. സൂരജ്
''നിങ്ങൾ തേടുന്നതെന്താണോ, അത് നിങ്ങളെയും തേടുന്നു'' എന്ന സൂഫി കവി ജലാലുദ്ദീൻ റൂമിയുടെ വരികൾ പോലെയാണ് തമിഴ് സൂപ്പർ താരം അജിത് കുമാറിന്‍റെ ജീവിതം. 'പുടിച്ചത് സെയ്യറുത് എന്നേക്കുമേ മാസ്' എന്ന വരിയുടെ അർഥമെന്താണെന്ന് ജീവിതം കൊണ്ട് തെളിയിച്ചിരിക്കുകയാണ് ആരാധകരുടെ പ്രിയപ്പെട്ട എകെ. ലക്ഷക്കണക്കിന് ഉടലുകൾക്കും ഉയിരിനും ഒരേ ഒരു 'തല' അങ്ങനെയാണ് തമിഴ്മക്കൾ അജിത്തിനെക്കുറിച്ച് സ്നേഹത്തോടെ പറയുന്നത്. ആ സ്നേഹവാഴ്ത്ത് കേട്ടുകേട്ട് ഒടുവിൽ അജിത് ഒരു പ്രസ്താവനയിറക്കി, ''എന്‍റെ പേര് അജിത് കുമാർ എന്നാണ്. ഒന്നുകിൽ അങ്ങനെ വിളിക്കൂ, അല്ലെങ്കിൽ എകെ എന്ന് വിളിക്കൂ.'' പക്ഷേ, പഠിച്ചതല്ലേ മക്കൾ പാടൂ. തോൽവിയെയും വിജയത്തേയും കുറിച്ചോർത്ത് ആധി പിടിക്കാത്ത എകെയെ നോക്കി വീണ്ടും ഒരു സമൂഹം പാടി. 'കടവുളെ അജിത്തേ' എന്ന്. അതും അരുതെന്ന് ആവർത്തിച്ച അജിത്തിനെ നോക്കി ഫാൻസ് പുതിയൊരു പേര് വിളിച്ചു- 'ഓറ എകെ'.
മെക്കാനിക്കിൽ നിന്ന് അഭിനയലോകത്തേക്ക്, അവിടെനിന്ന് വീണും പിടിച്ചേഴുന്നേറ്റും വീണ്ടും മുന്നോട്ട്. ഇപ്പോഴിതാ 53ാം വയസിൽ രാജ്യത്തിന് തന്നെ അഭിമാനമായി തന്‍റെ എക്കാലത്തെയും സ്വപ്ന പദ്ധതിയായ കാർ റേസിങ് ടീമുമായി 'തല'യുയർത്തി നിൽക്കുന്നു.
ദുബായ് 24എച്ച് കാറോട്ട മത്സരത്തിലാണ് നടൻ അജിത് കുമാറിന്‍റെ ടീം മൂന്നാം സ്ഥാനം സ്വന്തമാക്കിയത്. ഈ വാർത്ത താരത്തിന്‍റെ ആരാധകർ മാത്രമല്ല സോഷ്യൽ മീഡിയ ഒന്നാകെ ഏറ്റെടുത്തു കഴിഞ്ഞു. ദുബായ് ഓട്ടോഡ്രോമിൽ നടന്ന കാർ റേസിങ് കാണാനെത്തിയതും നിരവധി പേരാണ്. 2024 സെപ്റ്റംബറിലാണ് താരം 'അജിത് കുമാർ റേസിങ്' എന്ന ടീം സ്ഥാപിച്ചത്. ടീമിൽ അജിത്തിന് കൂട്ടായി മാത്യു ഡെട്രി, ഫാബിയാൻ ഡഫിയക്‌സ്, കാമറൂൺ മക്ലിയോഡ് എന്നിവരുമുണ്ടായിരുന്നു.
വച്ചുനീട്ടുന്ന സ്നേഹത്തെയാകെ ചേർത്ത് പിടിച്ചാണ് ഈ മനുഷ്യൻ ഇഷ്ടങ്ങൾക്ക് പിന്നാലെ പായുന്നത്. മൾട്ടി ടാസ്കിങ് ഇഷ്ടമല്ലാത്ത, പോകുന്ന വഴിയിൽ ആരവവുമായി കൂടെ കൂടുന്നവരോട് ചിരിച്ചുകൊണ്ട് സമയം പാഴാക്കാതെ ഇഷ്ടപ്പെട്ടത് ചെയ്ത് മുന്നേറുകയെന്ന് ആവർത്തിക്കുന്ന എകെ ഒരാവേശമാണ്. പരാജയപ്പെടാനുള്ള സാധ്യതകൾ ഇതൊക്കെയാണെന്ന് ചൂണ്ടിക്കാണിക്കുന്നവരെ നോക്കി ചിരിച്ചുകൊണ്ടാണ് തന്‍റെ 53ാം വയസിലും ആ മനുഷ്യൻ പറഞ്ഞത് 'എന്നം പോൽ വാഴ്കൈ' എന്നാണ്. പ്രായം കുറെയായി, ഇതൊക്കെ എനിക്ക് പറ്റുമോ എന്ന് ചിന്തിക്കുന്ന മനുഷ്യർ പോലും എകെയുടെ വിജയഹാസം പങ്കിട്ടെടുത്തിരിക്കുന്നു.
സ്വന്തമായി ഫാൻസ് അസോസിയേഷനുകളില്ല, സോഷ്യൽ മീഡിയയിൽ സജീവമേയല്ല. അവാർഡ് ഫങ്ഷനുകളിലോ സിനിമയുടെ പ്രമോഷൻ പരിപാടിക്കോ പോകുന്ന പതിവില്ല. പക്ഷേ, അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിലും തല എന്ന പേരിനപ്പുറം വേദിയെ ഇളക്കിമറിക്കുന്ന സാധ്യതകൾ വളരെ കുറവാണെന്ന് അറിഞ്ഞിട്ടും, എന്നെങ്കിലുമൊരിക്കൽ നേരിട്ട് കാണാനാകുമെന്ന പ്രതീക്ഷയിൽ കാത്തിരിക്കുന്ന നിരവധി ആരാധകരുണ്ട്. അജിത് പണ്ടെപ്പോഴോ പറഞ്ഞതുപോലെ, പോയ ജന്മത്തിൽ ചെയ്ത പുണ്യമാണ് ഈ സ്നേഹം. അൺകണ്ടീഷണൽ ലവ്- അതാണ് താരത്തോട് ആരാധകർക്കുള്ളത്. തിരിച്ചും അതങ്ങനെ തന്നെ. ഒന്നും പ്രതീക്ഷിക്കാതെ സ്നേഹിക്കാനാകുമോ എന്ന ചോദ്യത്തിനു മറുപടിയായി, ''എന്‍റെ ആരാധകരേ നോക്കൂ'' എന്ന് എകെ ധൈര്യത്തോടെ പറയുന്നതും അതുകൊണ്ടാണ്.
അജിത് നേടിയെടുത്ത വിജയത്തിന് പിന്നിൽ എത്രയോ തവണ വീണുപോയതിന്‍റെ നീറ്റലൂകളും വിട്ടുകൊടുക്കാൻ മടിയുള്ള മനുഷ്യന്‍റെ വാശിയുടെ തലോടലുമുണ്ടാകുമെന്ന് ആലോചിച്ചിട്ടുണ്ടോ? പറയാനുള്ളത് ആരുടെ മുഖത്ത് നോക്കിയും പറയുന്ന സ്വഭാവമാണ് എകെയുടെത്. 2010ൽ കരുണാനിധി വേദിയിലിരിക്കെ, രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കാൻ അഭിനേതാക്കളെ നിർബന്ധിക്കരുതെന്ന് പറഞ്ഞത് അദ്ദേഹത്തെ ഏറെ സമ്മർദത്തിലാക്കിയിരുന്നു. എങ്കിലും അജിത്തിനെ നെഞ്ചോട് ചേർക്കുന്ന ഓരോരുത്തർക്കും പറയാനുള്ളത്- പ്രിയപ്പെട്ട എകെ വീ ലൗ യൂ അൺകണ്ടീഷണലി എന്നാണ്. അതിന്‍റെ കാരണം തേടിയിറങ്ങിയാൽ വെള്ളിത്തിരയ്ക്ക് അപ്പുറമുള്ള അജിത്തിന്‍റെ ജീവിതകഥകൾ കൂടുതൽ അറിയേണ്ടി വരും.
ഓരോ സിനിമയുടെയും ഷൂട്ടിങ് തീർത്ത് ട്രിപ്പ് പ്ലാൻ ചെയ്യുന്ന താരങ്ങളിൽ നിന്ന് വേറിട്ട് നിൽക്കുന്നു അജിത്തിന്‍റെ രീതികള്‍. ഏത് സാഹസിക ഷോട്ടിനും ഡബിൾ ഓക്കെ പറയുന്ന, ഫൈറ്റ്, റേസിങ് സീനുകളിൽ ജീവൻ വരെ പണയം വച്ച് അഭിനയിക്കുന്ന നടനാണ് എകെ. സാഹസങ്ങൾക്കൊടുവിൽ ഉണ്ടാകുന്ന മുറിപ്പാടുകളുമായി മിക്ക വെക്കേഷനും ഏതെങ്കിലും ആശുപത്രിയിലെ ഓപ്പറേഷൻ തിയെറ്ററിലായിരിക്കും. 'തൻനമ്പിക്കൈ' (ആത്മവിശ്വാസം) എന്ന വാക്കിന് ഉദാഹരണമായി തമിഴ് മക്കൾ വിരൽചൂണ്ടുന്നവരുടെ ലിസ്റ്റിൽ അജിത് ഇടം നേടിയതും അങ്ങനെയാണ്.
ഗോഡ്ഫാദറില്ലാതെ തമിഴ് സിനിമയിലേക്ക് നടന്നു കയറിയ താരമാണ് അജിത്. അഭിമുഖങ്ങളില്ല, തുടർച്ചയായി സിനിമകളില്ല, വൻ പ്രതിഫലം വാങ്ങാറില്ല, സിക്സ് പാക്കില്ല... എന്തിനേറെ പറയുന്നു പ്രൊമോഷൻ പരിപാടികളിൽ പോലും തല കാണിക്കാറില്ല. പക്ഷേ, തല പോലെ വരുമാ എന്ന് ആവർത്തിച്ച് ചോദിച്ച്, അദ്ദേഹത്തിന്‍റെ അസാന്നിധ്യത്തിൽ പോലും ആ പേര് ആഘോഷമാക്കുന്ന അനവധി പേർക്ക് അജിത് ഒരു വികാരമാണ്.
ആത്മവിശ്വാസമാണ് അജിത്തിന്‍റെ മുതൽക്കൂട്ട്. അടുത്ത സുഹൃത്തുക്കൾക്കിടയിലെ അജിത്തിന്‍റെ വിളിപ്പേര് തന്നെ അതിന് തെളിവാണ്- 'ഫീനിക്‌സ്'. ഇനിയില്ലെന്ന് തോന്നിയ നിമിഷങ്ങളിലൊക്കെ ഒരു ചിരിയോടെ ഉയർത്തേഴുന്നേറ്റ് വരുന്ന മനുഷ്യൻ. അജിത്തിന്‍റെ സിനിമാജീവിതത്തിലെ ഏറ്റവും വലിയ ഫ്ലോപ്പുകളിൽ ഒന്നായി ഇന്നും പലരും വിശേഷിപ്പിക്കുന്ന 'ജന' ബോക്‌സ് ഓഫിസിൽ പൊട്ടിപ്പൊളിഞ്ഞതോടെ സിനിമാലോകം അജിത്തിന്‍റെ പേരുവെട്ടിയ കാലമുണ്ടായിരുന്നു. പക്ഷേ, 'അട്ടഹാസം' എന്ന ചിത്രത്തിലൂടെ ആ പേര് വീണ്ടും എഴുതിച്ചേർത്തു എകെ. അട്ടഹാസ’ത്തിൽ ഒരു രൂപ പോലും പ്രതിഫലം വാങ്ങാതെയാണ് അജിത് അഭിനയിച്ചതെന്നായിരുന്നു അന്നത്തെ റിപ്പോർട്ടുകൾ.
പൊതുവേ അന്തർമുഖനും ആൾക്കൂട്ടങ്ങളിൽ നിന്ന് അകന്നു നിൽക്കാൻ താത്പര്യപ്പെടുന്ന ആളുമായി അജിത് മാറിയിട്ട് പല വർഷങ്ങളായിരിക്കുന്നു. മങ്കാത്തയുടെ റീലിസിന് മുന്നോടിയായി 2011ൽ ഫാൻസ് അസോസിയേഷൻ പിരിച്ചുവിട്ട് തെന്നിന്ത്യയെ ഞെട്ടിച്ചതിനു പിന്നാലെ അജിത് അപ്രത്യക്ഷനായി തുടങ്ങി. സ്വന്തം ചിത്രങ്ങളുടെ പ്രൊമോഷൻ പരിപാടികളിൽ പോലും പങ്കെടുക്കാറില്ല. എങ്കിലും നേരിട്ട് കണ്ടവർക്കും അജിത്തിനെ പരിചയമുള്ളവർക്കും പറയാനുള്ളത് ഒറ്റക്കാര്യമാണ് ''കടവുൾ സാർ അവര്''.
മുന്നിലേക്ക് വരുന്ന അതിഥിയെ എഴുന്നേറ്റ് നിന്ന് വരവേറ്റാണ് അജിത്തിന് ശീലം. അതിന് വലുപ്പചെറുപ്പമോ, പ്രായഭേദമോ ഇല്ല. ഭക്ഷണത്തിനു മുന്നിലാണെങ്കിലും വേദിയിലായാലും അതങ്ങനെ തന്നെ. തലയ്ക്ക് തലയുടെ വലുപ്പമറിയില്ല എന്ന് പറയും പോലെയാണ് അദ്ദേഹത്തിന്‍റെ പെരുമാറ്റം. ഒരിക്കൽ സംവിധായകൻ രാജമൗലിയുടെ കുടുംബത്തെ പരിചയപ്പെടുമ്പോൾ ഹായ്, ഐ ആം അജിത്തെന്ന് സ്വയം പരിചയപ്പെടുത്തിയത് അതിനൊരു ഉദാഹരണം മാത്രം. അത്രമാത്രം മണ്ണിൽ ചവിട്ടി നിന്നേ മനുഷ്യരോട് എകെ സംസാരിച്ചിട്ടുള്ളൂ.
1971 മേയ് ഒന്നിന് ഹൈദരാബാദിലാണ് ജനനം. 1986ൽ പഠനം അവസാനിപ്പിച്ചു. വെറും 15ാം വയസിൽ പഠിത്തം നിർത്തുമ്പോൾ കൈമുതലായുണ്ടായിരുന്നത് ആത്മവിശ്വാസവും സ്വപ്നങ്ങളും മാത്രമായിരുന്നു. ഷോളാവരത്ത് റേസ് കാണാൻ അച്ഛൻ കൊണ്ടുപോയിരുന്ന കാലം തൊട്ടുള്ള ആവേശമാണ് എകെയെ ബൈക്ക്, കാർ റേസിങ്ങിലെത്തിച്ചത്. 18 വയസ് പൂർത്തിയായി ഡ്രൈവിങ് ലൈസൻസ് സ്വന്തമാക്കിയതോടെ എകെ മത്സരയോട്ടങ്ങളിൽ അദ്ഭുതം സൃഷ്ടിച്ചു. വൈകാതെ സിനിമയിലും. ബൈക്ക് റേസിൽ നിന്നു കാർ റേസിലേക്കു ചുവട് മാറി. 2003 ഫോർമുല ഏഷ്യ ബിഎംഡബ്ല്യു ചാംപ്യൻഷിപ്പിലും 2010 ഫോർമുല 2 ചാംപ്യൻഷിപ്പിലും പങ്കെടുത്തു. പരിശീലനങ്ങൾക്കിടെ പരുക്കേറ്റ് പത്തിലേറെ തവണ ശസ്ത്രക്രിയകൾക്കു വിധേയനായി. ഇതിനിടയിൽ ഒന്നര വർഷത്തോളം കിടപ്പിലായി. പക്ഷേ, അതിലൊന്നും അജിത് വീണുപോയില്ല. രാജ്യാന്തര ഫോർമുല 3 റേസിൽ പങ്കെടുത്ത മൂന്നാമത്തെ ഇന്ത്യക്കാരൻ എന്ന റെക്കോഡുമായി അദ്ദേഹം വീഴ്ചകളെ നോക്കി പൊട്ടിച്ചിരിച്ചു. ഇതിനിടയിൽ പൈലറ്റ് ലൈസൻസും സ്വന്തമാക്കി. പാചകം, ഫോട്ടൊഗ്രഫി, യാത്രകൾ അങ്ങനെ തന്‍റെ ഇഷ്ടങ്ങളെ എല്ലാം ചേർത്തുപിടിക്കാൻ സിനിമകളുടെ എണ്ണം പോലും കുറച്ച താരമാണ് അജിത്.
സ്‌കൂൾ പഠനം നിർത്തി ഈറോഡിൽ പാർട്ട് ടൈം ഓട്ടോമൊബൈല്‍ മെക്കാനിക്കും ഫുൾടൈം വസ്‌ത്ര എക്‌സ്‌പോട്ടറുമായി ജോലി ചെയ്യുന്ന സമയത്താണ് മോഡലിങ്ങിൽ ഒരു കൈ നോക്കുന്നത്. ആ വഴി ഒടുവിൽ അജിത്തിനെ ചെന്നൈയിലെ സിനിമാലോകത്ത് കൊണ്ടെത്തിച്ചു. 1992ൽ പുറത്തുവന്ന പ്രേമപുസ്‌തകം എന്ന തെലുങ്കു ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. അടുത്തത് തമിഴ് ചിത്രമായ അമരാവതി. അതിൽ അജിത്തിനു പ്രതിഫലമായി ലഭിച്ചത് 390 രൂപ. പിന്നീട് പവിത്ര എന്ന തമിഴ് ചിത്രവും കഴിഞ്ഞ് 1995ൽ പുറത്തുവന്ന ആശൈ ആണ് അജിത്തിന് പിടിവള്ളിയായത്. 210 ദിവസമാണ് ചൈന്നെയിൽ ഈ ചിത്രം ഓടിയത്. പിന്നാലെ വന്ന വാൻമതി, കല്ലൂരി വാസൽ, കാതൽകോട്ടെ എന്നീ ചിത്രങ്ങൾ അജിത്തിനെ മുൻനിരയിലെത്തിച്ചു.
ഉല്ലാസം എന്ന ചിത്രത്തിന് 50 ലക്ഷം രൂപ പ്രതിഫലം വാങ്ങിയതോടെ മുൻനിരനായകൻമാരുടെ ലിസ്റ്റിൽ ഇടം നേടി. അവിടെ നിന്ന് ആഞ്‌ജനേയ എന്ന ചിത്രത്തിലേക്കെത്തിയപ്പോൾ 3.5 കോടി രൂപയായി പ്രതിഫലം. കാതൽ കോട്ടൈ, അവൾ വരുവാളാ, കാതൽമന്നൻ, വാലി, ദീന, വരലാറ്, ബില്ല തുടങ്ങിയ വൻ ഹിറ്റുകളിലൂടെ തമിഴിന്‍റെ തലയെടുപ്പുള്ള താരപദവിയിലേക്ക്. അമർക്കളത്തിലെ ജോഡിയായ ശാലിനിയെ ജീവിതത്തിലെ നായികയായി കൂടെ കൂട്ടി.
പത്താം ക്ലാസിൽ പഠിപ്പ് നിർത്തിയവൻ, വെറുമൊരു മെക്കാനിക്ക്, ഭാഗ്യമില്ലാത്ത നടൻ... പുച്ഛിക്കാനുള്ള കാരണങ്ങൾക്ക് അദ്ദേഹം മറുപടി കൊടുത്തത് തന്‍റെ വിജയങ്ങളിലൂടെയാണ്. മെക്കാനിക്കിൽ നിന്ന് റേസിങ് ചാംപ്യനിലേക്കുള്ള യാത്രയും അതിന്‍റെ ഭാഗമായിരുന്നു. പരാജയത്തിന്‍റെ പടുകുഴിയിൽ കിടക്കുമ്പോഴും വിജയത്തിന്‍റെ കൊടുമുടിയേറിയപ്പോഴും അജിത്തിനു പിന്നിൽ ഒരുപോലെ നിരന്ന് നിൽക്കുന്ന ആരാധരുണ്ട്. അവർക്ക് എകെ നൽകുന്നതോ മനസ് നിറഞ്ഞ സ്നേഹവും, എങ്ങനെ ജീവിക്കണമെന്ന പാഠവും. വീഴ്ചയുടെ പടുകുഴിയിൽ കൈ നീട്ടിയവർക്ക് അഭിമാനിക്കാൻ എന്തെങ്കിലുമൊന്ന് കരുതിവയ്ക്കാനുള്ള അജിത് കുമാറിന്‍റെ യാത്ര തുടരുകയാണ്.