

ആവേശം നഷ്ടപ്പെടുത്തിയത് അറിവില്ലായ്മകൊണ്ട്, സിനിമ കണ്ടപ്പോൾ സങ്കടം തോന്നി: അഖിൽ
ഫഹദ് ഫാസിലിനെ നായകനാക്കി ജിത്തു മാധവൻ സംവിധാനം ചെയ്ത സൂപ്പർഹിറ്റ് ചിത്രമായിരുന്നു ആവേശം. ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത് ഒരുകൂട്ടം യുവതാരങ്ങളായിരുന്നു. ഇപ്പോൾ ചിത്രത്തിലെ അവസരം നഷ്ടമാക്കിയതിനെക്കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ അഖിൽ എൻആർഡി. തന്‍റെ അറിവില്ലായ്മ കൊണ്ടാണ് ചിത്രം നഷ്ടമാക്കിയത് എന്നാണ് താരം പറഞ്ഞത്. തിയറ്ററിൽ ആവേശം കണ്ടപ്പോൾ ഭയങ്കര സങ്കടം തോന്നിയെന്നും അഖിൽ പറയുന്നു.
‘‘ജീവിതത്തിൽ ചിലപ്പോഴൊക്കെ വലിയ ഭാഗ്യങ്ങൾ നമ്മളെ തേടി വരും, പക്ഷേ പലപ്പോഴും അത് തിരിച്ചറിയാനുള്ള പക്വത നമുക്കുണ്ടാകില്ല. 'ആവേശം' എന്ന സിനിമയുടെ കാര്യത്തിൽ എനിക്കുണ്ടായതും അതുതന്നെയാണ്. എന്റെ അറിവില്ലായ്മ കൊണ്ട് മാത്രമാണ് അത്രയും വലിയൊരു സിനിമ എന്റെ കയ്യിൽ നിന്നും നഷ്ടമായത്. പിന്നീട് സിനിമ തിയെറ്ററിൽ റിലീസ് ചെയ്തപ്പോൾ, ആ ആവേശം നേരിൽ കണ്ടപ്പോൾ എനിക്ക് ഭയങ്കര സങ്കടം തോന്നി. ഇത്രയും വലിയൊരു ചാൻസ് ആയിരുന്നല്ലോ ഞാൻ വേണ്ടെന്ന് വെച്ചത് എന്നോർത്ത് മനസ്സ് വിങ്ങി.- അഖിൽ പറഞ്ഞു.
എന്നാൽ ഇത് തന്നെ തളർത്തിയില്ലെന്നും ഇതിനു ശേഷം അവസരങ്ങൾ ചോദിച്ച് സംവിധായകർക്ക് മെസേജ് അയക്കാൻ തുടങ്ങിയെന്നുമാണ് അഖിൽ പറയുന്നത്. സിനിമയോടുള്ള മോഹം കൊണ്ട് പിന്നീട് ഞാൻ നിരവധി സംവിധായകർക്ക് മെസ്സേജുകൾ അയച്ചു. ആ ശ്രമങ്ങൾക്കൊടുവിലാണ് ജൂഡ് ഏട്ടൻ (ജൂഡ് ആന്തണി ജോസഫ്) എന്നെ വിളിക്കുന്നത്. അങ്ങനെയാണ് 'ആശകൾ ആയിരം' എന്ന സിനിമയിലേക്ക് എനിക്ക് അവസരം ലഭിക്കുന്നത്. ഒരു വലിയ നഷ്ടത്തിൽ നിന്നും പുതിയൊരു തുടക്കത്തിലേക്കുള്ള വഴി എനിക്ക് തുറന്നു കിട്ടിയത് അവിടെ നിന്നാണ്.- അഖിൽ കൂട്ടിച്ചേർത്തു.