56 കോടി രൂപ കടം: സണ്ണി ഡിയോളിനെ ജപ്തിയിൽ നിന്നു രക്ഷിച്ചത് അക്ഷയ് കുമാർ?

ജൂഹുവിലെ വീട് ലേലം ചെയ്യാൻ ബാങ്ക് നൽകിയ നോട്ടീസ് ഒറ്റ ദിവസത്തിനുള്ളിൽ പിൻവലിച്ചു
അക്ഷയ് കുമാർ, സണ്ണി ഡിയോൾ.
അക്ഷയ് കുമാർ, സണ്ണി ഡിയോൾ.
Updated on

മുംബൈ: ബോളിവുഡ് താരം സണ്ണി ഡിയോളിന്‍റെ ജൂഹുവിലെ വീട് ജപ്തി ചെയ്യാനുള്ള ബാങ്ക് നോട്ടീസ് പിൻവലിക്കപ്പെട്ടതിനെക്കുറിച്ച് നിരവധി അഭ്യൂഹങ്ങൾ ഉയരുന്നു.

ഓഗസ്റ്റ് 19ന് സണ്ണി വില്ല എന്ന വീട് ഇ-ലേലം നടത്തുമെന്നാണ് ബാങ്ക് ശനിയാഴ്ച പുറപ്പെടുവിച്ച നോട്ടീസിൽ പറഞ്ഞിരുന്നത്. എന്നാൽ, ഞായറാഴ്ചത്തെ പത്രത്തിൽ ഇതിനു നൽകിയ തിരുത്ത് പ്രകാരം, നോട്ടീസ് പിൻവലിച്ചിരിക്കുകയാണ്. സാങ്കേതിക കാരണങ്ങളാൽ എന്നാണ് വിശദീകരണം. ടൈംസ് ഓഫ് ഇന്ത്യ ദിനപത്രത്തിന്‍റെ മുംബൈ എഡിഷന്‍റെ മൂന്നാം പേജിലായിരുന്നു നോട്ടീസ്.

ശ്രീ അജയ് സിങ് ഡിയോൾ എന്ന ശ്രീ സണ്ണി ഡിയോളിന്‍റെ പേരിൽ നൽകിയിരുന്ന നോട്ടീസ് ഇതിനാൽ പിൻവലിക്കുന്നു എന്നു വ്യക്തമാക്കിയ ശേഷം, സണ്ണി വില്ലയുടെ ജൂഹുവിലെ വിലാസവും നൽകിയിട്ടുണ്ട്.

സണ്ണി ഡിയോളിന്‍റെ ജൂഹുവിലെ വീട്.
സണ്ണി ഡിയോളിന്‍റെ ജൂഹുവിലെ വീട്.

ബാങ്കിന് പണം നൽകി ജപ്തി ഒഴിവാക്കാൻ സണ്ണിയെ സഹായിച്ചത് മറ്റൊരു താരം അക്ഷയ് കുമാറാണെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളാണ് ഇതിനിടെ പുറത്തുവന്നത്. 30-40 കോടി രൂപ കടമായി നൽകി അക്കി സഹായിച്ചു എന്നാണ് ബോളിവുഡ് വൃത്തങ്ങൾ അവകാശപ്പെടുന്നത്. ഇതിനിടെ, രാഷ്‌ട്രീയ ഇടപെടലിലൂടെയാണ് സണ്ണി ജപ്തി ഒഴിവാക്കിയതെന്ന ആരോപണങ്ങളും ഉയരുന്നുണ്ട്.

എന്നാൽ, ഇതിനൊന്നും സ്ഥിരീകരണമില്ല. ഈ വാർത്ത അക്ഷയ് കുമാറിന്‍റെയും സണ്ണി ഡിയോളിന്‍റെയും പ്രതിനിധികൾ നിരാകരിക്കുകയും ചെയ്തിരുന്നു.

സണ്ണി ഡിയോളിന്‍റെ ഗദ്ദർ 2 ഇപ്പോൾ ബോക്സ് ഓഫിസിൽ വൻ വിജയം നേടി മുന്നേറുകയാണ്. ഇതു റിലീസ് ചെയ്ത ഓഗസ്റ്റ് 11നു തന്നെ തിയെറ്ററുകളിലെത്തിയ അക്ഷയ് കുമാറിന്‍റെ ഒഎംജി 2 പ്രതീക്ഷിച്ച വിജയം നേടിയിട്ടുമില്ല.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com