പരമശിവനായി അക്ഷയ്‌കുമാർ: മാറ്റം വേണമെന്ന് സെൻസർ ബോർഡ്, ട്രെയ്‌ലറിന് U/A | Video
ന്യൂഡൽഹി: അക്ഷയ്‌കുമാർ പരമശിവന്‍റെ വേഷത്തിലെത്തുന്ന ഒഎംജി 2 (OMG 2) എന്ന സിനിമയുടെ ട്രെയ്‌ലറിന് സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ യു/എ (U/A) സർട്ടിഫിക്കറ്റ് നൽകി. ചിത്രത്തിലെ ചില ഭാഗങ്ങൾ നീക്കം ചെയ്യണമെന്നും, അക്ഷയ്കുമാറിന്‍റെ കഥാപാത്രത്തിൽ മാറ്റം വരുത്തണമെന്നും സെൻസർ ബോർഡ് നിർദേശിച്ചു.
സിനിമ ഓഗസ്റ്റ് 11ന് റിലീസ് ചെയ്യാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ, മാറ്റം വരുത്താനുള്ള നിർദേശത്തിനെതിരേ അപ്പീൽ നൽകാൻ ഉദ്ദേശിക്കുന്ന സാഹചര്യത്തിൽ ഇതു നീട്ടിവയ്ക്കാനാണ് ആലോചന.
ഇപ്പോഴത്തെ അവസ്ഥയിൽ, സിനിമയുടെ റിലീസിന് ഒരാഴ്ച മുൻപ് മാത്രമാണ് ട്രെയ്‌ലർ റിലീസ് ചെയ്യാൻ സാധിക്കുക. നേരത്തെ സിനിമയുടെ ടീസർ റിലീസ് ചെയ്തപ്പോൾ തന്നെ വിവാദമായിരുന്നു. 'സർട്ടിഫിക്കേഷൻ പ്രതീക്ഷിക്കുന്നു' (Awaiting Certification) എന്ന മുന്നറിയിപ്പോടെയാണ് തിയെറ്ററുകളിൽ ടീസർ പ്രദർശിപ്പിച്ചത്.
സ്കൂളുകളിലെ ലൈംഗിക വിദ്യാഭ്യാസത്തെക്കുറിച്ചാണ് സിനിമ പ്രധാനമായും ചർച്ച ചെയ്യുന്നത്. സ്വയംഭോഗ രംഗവും ചിത്രത്തിലുണ്ട്.
പങ്കജ് ത്രിപാഠി, അരുൺ ഗോവിൽ (രാമായണം ഫെയിം), ഗോവിന്ദ് നാംദേവ്, യാനി ഗൗതം തുടങ്ങിയവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സെൻസർ ബോർഡ് ആവശ്യപ്പെടുന്ന രീതിയിൽ സീനുകൾ മുറിച്ചു മാറ്റിയാൽ അത് സിനിമയുടെ സത്തയെ ആകെ ബാധിക്കുമെന്നാണ് അണിയറ പ്രവർത്തകർ പറയുന്നത്. ലൈംഗികത എന്ന വിഷയം എല്ലാ പ്രായക്കാരും കാണേണ്ടതു തന്നെയാണെന്നും ഇവർ വാദിക്കുന്നു.
സൂപ്പർ ഹിറ്റായിരുന്ന സറ്റയറിക്കൽ കോമഡി ഒഎംജിയുടെ (OMG) രണ്ടാം ഭാഗമായാണ് ഒഎംജി 2 സംവിധായകൻ അമിത് റായ് ഒരുക്കിയിട്ടുള്ളത്.