നടി സൗന്ദര്യയുടേത് കൊലപാതകമോ? മരിക്കുമ്പോൾ ഗർഭിണി; പ്രതികരിച്ച് ഭർത്താവ്
വർഷങ്ങൾ നീണ്ട നിശബ്ദതയ്ക്കു ശേഷം, നടി സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട് പുതിയ ആരോപണം ഉയർന്നിരിക്കുകയാണ്. നടിയെ കൊലപ്പെടുത്തുകയായിരുന്നുവെന്ന് ആരോപിച്ച് നടൻ മോഹൻ ബാബുവിനെതിരേ ആന്ധ്രപ്രദേശ് സ്വദേശിയാണ് പരാതി നൽകിയിരിക്കുന്നത്. എന്നാൽ ഇതു വെറും ആരോപണം മാത്രമാണെന്നാണ് നടിയുടെ ഭർത്താവ് ജി.എസ്. രഘു പ്രതികരിക്കുന്നത്. അടിസ്ഥാനരഹിതമായ ആരോപണമാണിത്. പരാതിയിൽ ഉന്നയിക്കും വിധമുള്ള യാതൊരു ഭൂമി ഇടപാടുകളെക്കുറിച്ചും തനിക്ക് അറിയില്ലെന്നും രഘു പറയുന്നു.
തെന്നിന്ത്യൻ ചിത്രങ്ങളിൽ നിറഞ്ഞു നിന്നിരുന്ന സൗന്ദര്യയുടെ അകാലമരണം ആരാധകർക്ക് ഇനിയും വിശ്വസിക്കാനായിട്ടില്ല. മരിക്കുമ്പോൾ 32 വയസായിരുന്ന താരം ഗർഭിണിയായിരുന്നു. 2004 ഏപ്രിൽ 17നാണ് വിമാനാപകടത്തിൽ നടി മരിച്ചത്.
സഹോദരൻ അമർനാഥിനൊപ്പം ബിജെപിയുടെ തെരഞ്ഞെടുപ്പു പ്രചാരണത്തിനായി ആന്ധ്രപ്രദേശിലെ കരിംനഗറിലേക്ക് പറക്കുന്നതിനിടെയാണ് സൗന്ദര്യ സഞ്ചരിച്ചിരുന്ന വിമാനം അപകടത്തിൽപ്പെട്ടത്. ടേക് ഓഫ് ചെയ്തതിനു പിന്നാലെ വിമാനം 150 അടി താഴേക്ക് വീഴുകയായിരുന്നു.
വിമാനത്തിലുണ്ടായിരുന്ന നാലു പേരും കൊല്ലപ്പെട്ടു. ദേഹം മുഴുവൻ പൊള്ളിയടർന്ന നിലയിൽ തിരിച്ചറിയാൻ പറ്റാത്ത അവസ്ഥയിലായിരുന്നു സൗന്ദര്യയുടെ മൃതദേഹം കണ്ടെടുത്തത്. പ്രാഥമിക അന്വേഷണത്തിൽ, പൈലറ്റിന്‍റെ പിഴവ് കാരണമാണ് വിമാനാപകടമുണ്ടായത് എന്നാണ് കണ്ടെത്തിയത്.
പക്ഷേ, 20 വർഷത്തിനു ശേഷം സംഭവം കൊലപാതകമാണെന്ന ആരോപണം ഉയരുകയായിരുന്നു. തെലുങ്കു താരം മോഹൻ ബാബുവുമായുള്ള സ്വത്ത് തർക്കമാണ് വിമാനാപകത്തിലേക്ക് നയിച്ചതെന്നാണ് ചിട്ടിമല്ലു എന്നയാൾ പരാതിപ്പെട്ടിരിക്കുന്നത്. പരാതിയിൽ ഔദ്യോഗികമായി അന്വേഷണം ഉണ്ടാകുമോ എന്നതിൽ ഇനിയും വ്യക്തതയില്ല.
