
അല്ലു അർജുൻ ചിത്രം പുഷ്പ 2: ദി റൂളിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകർ. കോൽക്കത്ത, മുംബൈ, ഡൽഹി, ബംഗളൂരു എന്നീ നഗരങ്ങളിലെല്ലാം സിനിമയുടെ അഡ്വാൻസ് ബുക്കിങ് ആരംഭിച്ചു. വൻ വിലയ്ക്കാണ് ടിക്കറ്റ് വിറ്റഴിയുന്നത്. മുംബൈയിലെ ജിയോ വേൾഡ് ഡ്രൈവ് മെയ്സൺ പിവിആറിൽ ഹിന്ദി വേർഷന്‍റെ ടിക്കറ്റിന് 3000 രൂപയാണ് വില. ഡൽഹിയിൽ പിവിആർ ഡയറക്റ്റേഴ്സ് കട്ടിൽ 2400 രൂപയും കോൽക്കത്തയിലെ ഇനോക്സ് ക്വസ്റ്റ് മാളിൽ 1680 രൂപയുമാമാണ് വില. ബംഗളൂരുവിൽ 1400 രൂപ വരെയാണ് ടിക്കറ്റിന്. പുഷ്പയുടെ ഹിന്ദി വേർഷന്‍റെ ടിക്കറ്റിനാണ് ഏറ്റവും വില.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ.
ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.