
ഈ വർഷം ഏവരും ഏറെ ആകാംക്ഷയോടെ കാണാൻ കാത്തിരിക്കുന്ന അല്ലു അര്‍ജുന്‍ ചിത്രമാണ് പുഷ്പ 2. ചിത്രത്തിന്‍റെ റിലീസ് തീയതി ഡിസംബർ 5 ഇങ്ങെത്താറായതോടെ അല്ലു അര്‍ജുന്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പുത്തന്‍ പുറത്ത് വന്നിരിക്കുകയാണ്.
ചിത്രത്തിന്‍റെ റൺ ടൈം അഥവ ദൈർഘ്യവുമായി ബന്ധപ്പെട്ടതാണ് ഈ പുതിയ അപ്‌ഡേറ്റ്. 3 മണിക്കൂര്‍ 21 മിനിറ്റാണ് ചിത്രത്തിന്‍റെ ദൈര്‍ഘ്യമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയാണെങ്കില്‍ ഇന്ത്യന്‍ സിനിമയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ചിത്രമാകും പുഷ്പ 2. എന്നാല്‍ ചിത്രത്തിന്‍റെ ദൈര്‍ഘ്യം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ വന്നിട്ടില്ല. ഇന്‍റര്‍വെല്‍ കൂട്ടി മൂന്നര മണിക്കൂറോളമാകും പ്രേക്ഷകർ തിയറ്ററില്‍ ഇരിക്കേണ്ടിവരിക. ഇങ്ങനെ വന്നാല്‍ ദിവസേനയുള്ള പ്രദര്‍ശനങ്ങളില്‍ കുറവു വരും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ചിത്രം ഇതിനകം 1000 കോടി രൂപയുടെ പ്രീ-റിലീസ് ബിസിനസ് നേടിക്കഴിഞ്ഞുവെന്നാണ് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടിരിക്കുന്ന റിപ്പോർട്ട്. ചിത്രത്തിന് ഇപ്പോൾ തന്നെ ലഭിച്ചിരിക്കുന്ന വൻ ഹൈപ്പ് കൊണ്ടുതന്നെ ആരാധകരുൾപ്പെടെയുള്ള പ്രേക്ഷക സമൂഹം ആകാംക്ഷയോടെയാണ് സിനിമയ്ക്കുവേണ്ടി കാത്തിരിക്കുന്നത്.
സുകുമാർ സംവിധാനം ചെയ്ത 'പുഷ്പ ദ റൈസ്' ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളും നേടിയിരുന്നു. 'പുഷ്പ 2 ദ റൂൾ' ഇതിന്‍റെ തുടർച്ചയായെത്തുമ്പോൾ സകല റെക്കോർഡുകളും കടപുഴകുമെന്നാണ് ആരാധകരുടെ കണക്ക്കൂട്ടൽ.
ചിത്രത്തിൽ അല്ലു അർജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്. രണ്ടാം ഭാഗത്തിൽ എന്തൊക്കെ ട്വിസ്റ്റും ടേണും സംഭവിക്കുമെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. ഇ 4 എന്‍റർടെയ്ൻമെന്‍റ്സ് ആണ് സിനിമയുടെ കേരളത്തിലെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത്.