ഇന്‍ഷുറന്‍സില്ലാതെ 26 ഡോളറിന് ഇന്ത്യയില്‍നിന്ന് കണ്ണട വാങ്ങി; അതിശയം പ്രകടിപ്പിച്ച് അമെരിക്കന്‍ യുവതി

അമെരിക്കയിലായിരുന്നെങ്കില്‍ ഇത് സാധ്യമാകില്ലായിരുന്നെന്നും കാരണം താന്‍ ഒരു തരത്തിലുള്ള ഇന്‍ഷുറന്‍സും ഉപയോഗിക്കുന്നില്ലെന്നും യുവതി വ്യക്തമാക്കി
US GIRL

ഇന്ത്യയില്‍നിന്ന് വാങ്ങിയ കണ്ണടയുമായി അമെരിക്കന്‍ യുവതി ഐവി മൂണ്‍

Updated on

ഇന്ത്യയിലെ ആരോഗ്യസേവനങ്ങളെ പുകഴ്ത്തി അമെരിക്കന്‍ യുവതി. ഇന്‍ഷുറന്‍സോ അപ്പോയിന്‍മെന്റോ ഇല്ലാതെ 26 ഡോളറിനു (2452 രൂപ) കണ്ണട വാങ്ങാന്‍ സാധിച്ചതോടെയാണ് അതിശയം പ്രകടിപ്പിച്ച് ഐവി മൂൺ എന്ന യുവതി എത്തിയത്. അപ്പോയിന്‍മെന്റില്ലാതെ ഇന്ത്യയില്‍നിന്ന് കണ്ണട വാങ്ങി എന്ന പേരില്‍ യുവതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ അതിവേഗം വൈറലാവുകയും ചെയ്തു.

''ഞാന്‍ ഇന്ത്യയിലെ ഒരു കണ്ണട കടയില്‍ പോയി ഇന്‍ഷുറന്‍സില്ലാതെ 26 അമെരിക്കന്‍ ഡോളറിനു കണ്ണട വാങ്ങി. അമെരിക്ക, ദയവായി ഇതു ശ്രദ്ധിക്കൂ''- യുവതി വീഡിയോയില്‍ പറയുന്നു. ഒരു മാളിലെ കടയിലാണ് കണ്ണട വാങ്ങാന്‍ യുവതി പോയത്. കണ്ണടയ്ക്കുള്ള കുറിപ്പ് നല്‍കുക മാത്രമാണ് ചെയ്തത്. മുന്‍കൂട്ടി അപ്പോയിന്‍മെന്റോ ഇന്‍ഷുറന്‍സോ എടുക്കേണ്ടി വന്നില്ല. കൂടുതല്‍ കണ്ണടകള്‍ വാങ്ങുകയാണെങ്കില്‍ ഡിസ്‌കൗണ്ട് തരാമെന്ന് കടക്കാര്‍ വാഗ്ദാനം ചെയ്‌തെന്നും എന്നാല്‍ തത്കാലം ഒന്നുമാത്രം മതിയെന്ന് താന്‍ തീരുമാനിക്കുകയായിരുന്നെന്നും യുവതി പറയുന്നു. പറഞ്ഞ സമയത്തിനകം തന്നെ തനിക്ക് കണ്ണട ലഭിച്ചുവെന്നും യുവതി കൂട്ടിച്ചേര്‍ത്തു. അമെരിക്കയിലായിരുന്നെങ്കില്‍ ഇത് സാധ്യമാകില്ലായിരുന്നെന്നും കാരണം താന്‍ ഒരു തരത്തിലുള്ള ഇന്‍ഷുറന്‍സും ഉപയോഗിക്കുന്നില്ലെന്നും യുവതി വ്യക്തമാക്കി.

യുവതിയുടെ പസ്റ്റ് വൈറലായതോടെ ഇന്ത്യക്കാരായ നിരവധിപേര്‍ പ്രതികരണവുമായി രംഗത്തെത്തി. അമെരിക്കയില്‍ കണ്ണട വാങ്ങാന്‍ ഇന്‍ഷുറന്‍സ് വേണമോയെന്നാണ് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പ്രധാനമായും ആരാഞ്ഞത്. മറ്റു രാജ്യങ്ങളില്‍ കണ്ണട വാങ്ങാന്‍ എന്തിനാണ് ഇന്‍ഷുറന്‍സും അപ്പോയിന്‍മെന്റുമെന്ന് ഒരാള്‍ കുറിച്ചു.

logo
Metro Vaartha
www.metrovaartha.com