
ശ്വേത മേനോൻ
കൊച്ചി: താര സംഘടന അമ്മയുടെ പ്രസിഡന്‍റായി തെരഞ്ഞെടുക്കപെട്ടതിനു പിന്നാലെ പ്രതികരണവുമായി ശ്വേത മേനോൻ. ജയിച്ചതിൽ സന്തോഷമെന്നും ജയം പ്രതീക്ഷിച്ചിരുന്നില്ലെന്നും ശ്വേത പറഞ്ഞു.
''ജയിച്ചതിൽ ഒരുപാട് സന്തോഷം. ഒരിക്കലും ജയം പ്രതീക്ഷിച്ചിരുന്നില്ല. എല്ലാവരെയും ഒരുമിച്ച് കൊണ്ടുപോകും. സ്ത്രീകൾ മത്സരിച്ച് ജയിച്ചിട്ടുണ്ട്. അമ്മ സംഘടനയിൽ നിന്ന് ആരും പിണങ്ങി നിന്നിട്ടില്ല, സംഘടന വിട്ടു പോയവർക്കെല്ലാം തിരിച്ചുവരാം. അവരെല്ലാവരും അമ്മ എന്ന കുടുംബത്തിന്‍റെ ഭാഗമാണ്'', ശ്വേത മേനോൻ പ്രതികരിച്ചു.
അഭിപ്രായ വ്യത്യാസങ്ങളെല്ലാം തുറന്നുപറഞ്ഞ് ഒറ്റക്കെട്ടായി പോകും, ഒരു മേശയ്ക്ക് അപ്പുറവും ഇപ്പുറവും ഇരുന്ന് സംസാരിച്ചാൽ തീരാവുന്ന പ്രശ്നമേ ഉള്ളൂ. കൂടുതൽ തീരുമാനങ്ങൾ ഇനി കൂടാനിരിക്കുന്ന എക്സിക്യൂട്ടിവ് മീറ്റിങ്ങിൽ എടുക്കുമെന്നും അവർ വ്യക്തമാക്കി.
വലിയൊരു ദൗത്യമാണ് ഏറ്റെടുത്തിരിക്കുന്നതെന്നും കാര്യങ്ങളോന്നും നിസാരമായി കാണുന്നില്ലെന്നും ശ്വേത മേനോൻ പറഞ്ഞു.
അമ്മയുടെ ചരിത്രത്തിലെ തന്നെ ആദ്യ വനിതാ പ്രസിഡന്‍റാണ് ശ്വേത. നടന്‍ ദേവനെ തോൽപ്പിച്ചാണ് ശ്വേതയുടെ വിജയം. കുക്കു പരമേശ്വരനെ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തതോടെ സംഘടനയുടെ തലപ്പത്തെ പ്രധാന സ്ഥാനങ്ങളിലെല്ലാം സ്ത്രീകളായി. വൈസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ലക്ഷ്മിപ്രിയ വിജയിച്ചു. ജോയിന്‍റ് സെക്രട്ടറി സ്ഥാനത്തേക്ക് അൻസിബ ഹസൻ നേരത്തെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
ട്രഷറർ സ്ഥാനത്തേക്കു മത്സരിച്ചു ജയിച്ച ഉണ്ണി ശിവപാലാണ് പ്രധാന ഭാരവാഹികളിലെ ഏക പുരുഷൻ. ഇത്തവണ പോളിങ് ശതമാനത്തില്‍ വലിയ ഇടിവ് സംഭവിച്ചിരുന്നു. 233 വനിതാ അംഗങ്ങൾ ഉൾപ്പടെ സംഘടനയിലെ 507 അംഗങ്ങൾക്കാണ് വോട്ടവകാശമുള്ളത്. ഇതിൽ ആകെ 298 പേരാണ് ഇത്തവണ വോട്ട് ചെയ്തത്. കഴിഞ്ഞ തവണ 357 പേരായിരുന്നു വോട്ട് ചെയ്തത്.
കഴിഞ്ഞ തവണ 70% ആയിരുന്നു പോളിങ്. എന്നാൽ, ഇത്തവണ കടുത്ത മത്സരം നടന്നിട്ടും ആകെ 58% ആണ് ഇത്തവണത്തെ പോളിങ് ശതമാനം.