
ആദ്യ സംവിധാന സംരംഭം തന്നെ സൂപ്പർ ഹിറ്റാക്കിയ റോഷൻ ആൻഡ്രൂസ്, ഒരുപാട് ട്രോളുകൾക്ക് ഊർജം പകർന്ന ആ സിനിമ വീണ്ടും റിലീസ് ചെയ്യുന്നു. മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ജോടിയായ മോഹൻലാൽ - ശ്രീനിവാസൻ കോംബോയുടെ അഴിഞ്ഞാട്ടം കണ്ട ഉദയനാണു താരം വീണ്ടും റിലീസിനെത്തിന്നത് 2025 ഫെബ്രുവരിയിൽ.
സിനിമയ്ക്കുള്ളിലെ സിനിമയുടെ കഥ പറഞ്ഞ ചിത്രം കാൾട്ടൺ ഫിലിംസിന്‍റെ ബാനറിൽ സി. കരുണാകരനാണ് നിർമിച്ചത്. ഉദയഭാനുവിന്‍റെയും സരോജ്‌കുമാറായി മാറിയ രാജപ്പന്‍റെയും കഥ പ്രേക്ഷകർ ഏറ്റെടുത്തതിനൊപ്പം, പല വിവാദങ്ങൾക്കും ചിത്രം വളമിട്ടിരുന്നു. ബോക്സ് ഓഫീസിൽ മികച്ച വിജയം നേടിയ സിനിമ 20 വർഷത്തിനു ശേഷമാണ് 4കെ ദൃശ്യമികവോടെ റീ റിലീസ് ചെയ്യുന്നത്.
ദീപക് ദേവിന്‍റെ സംഗീതത്തിൽ വിനീത് ശ്രീനിവാസൻ പാടിയ "കരളേ, കരളിന്‍റെ കരളേ.." എന്ന ഗാനം ഉൾപ്പടെ ചിത്രത്തിലെ ഗാനങ്ങളും ഏറെ പ്രേക്ഷകശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മികച്ച നവാഗത സംവിധായകന്‍, മികച്ച നൃത്തസംവിധാനം എന്നീ വിഭാഗങ്ങളിൽ സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിനും സിനിമ അർഹമായിരുന്നു.
മോഹൻലാൽ തന്നെ നായകനായ സ്ഫടികമാണ് മലയാളത്തിൽ റീറിലീസ് ട്രെൻഡിനു തുടക്കം കുറിച്ചത്. പിന്നീട് വന്ന ദേവദൂതൻ ആദ്യ റിലീസിലെ പരാജയം മറികടക്കുന്ന വിജയം നേടി. മണിച്ചിത്രത്താഴും സമാനമായി പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
ശ്രീനിവാസനാണ് ഉദയനാണു താരത്തിന്‍റെ തിരക്കഥയൊരുക്കിയിരിക്കുന്നത്. സിനിമയിൽ ജഗതി ശ്രീകുമാർ അവതരിപ്പിച്ച പച്ചാളം ഭാസി എന്ന കഥാപാത്രത്തിനും കൾട്ട് പ്രതിച്ഛായ ലഭിച്ചിട്ടുണ്ട്.
മോഹൻലാലിന്‍റെ നായികയായി മീന എത്തിയപ്പോൾ മുകേഷ്, സലിംകുമാര്‍, ഇന്ദ്രൻസ്, ഭാവന എന്നിവരും പ്രധാന വേഷങ്ങളിൽ അഭിനയിച്ചു. ഛായാഗ്രാഹണം നിര്‍വഹിച്ചത് എസ്. കുമാറാണ്. ഗാനരചന കൈതപ്രം നിര്‍വഹിച്ചപ്പോള്‍ പശ്ചാത്തല സംഗീതം ഔസേപ്പച്ചനും നിർവഹിച്ചു.