ടിനി ടോമിനെതിരായ പരാതി: അൻസിബയുടെ മൊഴിയെടുക്കും

നടി അൻസിബ ഹസൻ നൽകിയ, മതംമാറ്റ ശ്രമ ആരോപണവും ജിഹാദി വിശേഷണവും ഉൾപ്പെടെയുള്ള പരാതിയിൽ കടവന്ത്ര പൊലീസ് ചൊവ്വാഴ്ച മൊഴിയെടുക്കും
Ansiba to record statement in police station

അൻസിബ ഹസൻ.

File

Updated on

കൊച്ചി: നടൻ ടിനി ടോമിനെതിരേ നൽകിയ പരാതിയിൽ നടി അൻസിബ ഹസന്‍റെ മൊഴി രേഖപ്പെടുത്തും. ഇതിനായി കടവന്ത്ര പൊലീസ് സ്റ്റേഷനിൽ ചൊവ്വാഴ്ച രാവിലെ ഹാജരാകാനാണ് നിർദേശിച്ചിരിക്കുന്നത്.

താൻ മതം മാറ്റത്തിനു ശ്രമിച്ചെന്നു ടിനി ടോം പറഞ്ഞതായും, തന്നെ ജിഹാദിയെന്നു മറ്റൊരാളോട് വിശേഷിപ്പിച്ചെന്നും അടക്കമുള്ള ആരോപണങ്ങളാണ് അൻസിബ തന്‍റെ പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്.

ഇൻഫൊ പാർക്ക് പൊലീസ് സ്റ്റേഷനിലാണ് അൻസിബ പരാതി നൽകിയത്. എന്നാൽ, കേസിനാസ്പദമായ സംഭവം നടന്നത് കടവന്ത്ര പൊലീസ് സ്റ്റേഷൻ പരിധിയിലായതിനാൽ അങ്ങോട്ട് കൈമാറുകയായിരുന്നു. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായാണ് അൻസിബയുടെ മൊഴി രേഖപ്പെടുത്തുന്നത്.

ഇതിനു ശേഷം ടിനി ടോമിനെയും വിളിപ്പിച്ച് മൊഴിയെടുക്കും. അതിനു ശേഷമായിരിക്കും കേസിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നത് അടക്കമുള്ള നടപടികൾ തീരുമാനിക്കുക.

നേരത്തെ നടി ലക്ഷ്മിപ്രിയക്കും തൃപ്പൂണിത്തുറ വനിതാ സെൽ എസ്ഐ രേഷ്മയ്ക്കും എതിരേ അൻസിബ നൽകിയ പരാതിയിൽ പരാതിക്കാരിയുടെ മൊഴി തൃക്കാക്കര അസിസ്റ്റന്‍റ് കമ്മിഷണർ ഓഫിസിൽ രേഖപ്പെടുത്തിയിരുന്നു. ലക്ഷ്മിപ്രിയയുടെ വ്യാജ പരാതിയുടെ പേരിൽ രേഷ്മ തന്നെ മൂന്ന് മണിക്കൂറോളം സ്റ്റേഷനിൽ നിയമവിരുദ്ധമായി തടഞ്ഞുവച്ചെന്നായിരുന്നു അൻസിബയുടെ പരാതി.

മുഖ്യമന്ത്രിക്കു നൽകിയ പരാതി ഡിജിപിക്കു കൈമാറിയതിന്‍റെ അടിസ്ഥാനത്തിലാണ് മൊഴിയെടുത്തത്. ഒരു കോടി രൂപ നഷ്ടപരിഹാരവും അൻസിബ ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാൽ, അൻസിബ നൽകിയ തെറ്റിദ്ധാരണാജനകമായ മെസേജ് തനിക്ക് കുടുംബപ്രശ്നങ്ങൾക്കു കാരണമായെന്ന് ലക്ഷ്മിപ്രിയപറയുന്നു.

logo
Metro Vaartha
www.metrovaartha.com