''മോർഫ് ചെയ്ത ചിത്രം പ്രചരിപ്പിച്ചത് 20 കാരിയാണെന്നറിഞ്ഞപ്പോൾ ഞെട്ടി''; അനുപമ പരമേശ്വരൻ

''സംഭവത്തിൽ നിയമനടപടി സ്വീകരിച്ചു. അപകീർത്തികരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി അതിന്‍റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരും''
anupama parameswaran cyberbullying case cyber crime police
അനുപമ പരമേശ്വരൻ
Updated on

കൊച്ചി: സൈബർ ആക്രമണവുമായി ബന്ധപ്പെട്ട് തനിക്കുണ്ടായ അനുഭവം പങ്കുവച്ച് നടി അനുപമ പരമേശ്വരൻ. അടുത്തിടെ തന്നെയും തന്‍റെ കുടുംഹത്തെയും കുറിച്ച് മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിച്ചും തന്‍റെ മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചചരിപ്പിച്ചും ഒരു പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരുന്നു. തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസുകാരിയാണ് അതിന് പിന്നിലെന്നത് തന്നെ ഞെട്ടിച്ചുവെന്ന് നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിൽ പറയുന്നു.

കൈയിലൊരു സ്‌മാർട്ട്ഫോണും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകൾക്കെതിരേ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ലെന്നും വിഷയത്തിൽ നിയമനടപടി സ്വീകരിച്ചതായും നടി പറഞ്ഞു.

കുറിപ്പ് ഇങ്ങനെ...

കുറച്ചു ദിവസങ്ങൾക്ക് മുമ്പ്, ഒരു ഇൻസ്റ്റാഗ്രാം പ്രൊഫൈൽ എന്നെക്കുറിച്ചും എന്‍റെ കുടുംബത്തെക്കുറിച്ചും വളരെ മോശവും തെറ്റായതുമായ ഉള്ളടക്കം പ്രചരിപ്പിക്കുന്നതും എന്‍റെ സുഹൃത്തുക്കളെയും സഹനടന്മാരെയും ടാഗ് ചെയ്യുന്നതും എന്‍റെ ശ്രദ്ധയിൽപ്പെട്ടു. പോസ്റ്റുകളിൽ മോർഫ് ചെയ്‌ത ചിത്രങ്ങളും അടിസ്ഥാനരഹിതമായ ആരോപണങ്ങളും ഉണ്ടായിരുന്നു. ഓൺലൈനിൽ ഇത്തരം പ്രവണതകൾ കാണുന്നത് എന്നെ വളരെ വേദനിപ്പിച്ചു.

കൂടുതൽ അന്വേഷിച്ചപ്പോൾ എന്നെക്കുറിച്ച് മനഃപൂർവം വിദ്വേഷം പ്രചരിപ്പിക്കുക എന്ന ഉദ്ദേശ്യത്തോടെ ഒരേ വ്യക്തി ഒന്നിലധികം വ്യാജ അക്കൗണ്ടുകൾ ഉപയോഗിക്കുന്നതായി കണ്ടെത്തി. ഞാൻ ഉടൻതന്നെ കേരളത്തിലെ സൈബർ ക്രൈം പൊലീസിൽ പരാതി നൽകി. പൊലീസിന്‍റെ പ്രതികരണം വേഗത്തിലും കാര്യക്ഷമവുമായിരുന്നു. പൊലീസിന്‍റെ സഹായത്തോടെ, പോസ്റ്റുകൾ പങ്കുവെച്ചയാളെ തിരിച്ചറിഞ്ഞു. തമിഴ്‌നാട്ടിൽ നിന്നുള്ള 20 വയസ്സ് മാത്രം പ്രായമുള്ള ഒരു പെൺകുട്ടിയാണ് ഇതിന് പിന്നിലെന്നത് എന്നെ ഞെട്ടിച്ചു.

അവളുടെ പ്രായവും ഭാവിയും കണക്കിലെടുത്ത് പെൺകുട്ടിയുടെ ഐഡന്‍റിറ്റി വെളിപ്പെടുഞാൻ വെളിപ്പെടുത്തുന്നില്ല. എന്നാൽ ഒരു കാര്യം വ്യക്തമാക്കണം: കൈയ്യിലൊരു സ്‌മാർട്ട്ഫോണും സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലേക്കുള്ള പ്രവേശനവും ഉണ്ട് എന്ന് കരുതി ആളുകൾക്കെതിരെ അപകീർത്തി പ്രചാരണം നടത്താനോ വിദ്വേഷം പ്രചരിപ്പിക്കാനോ ആർക്കും അവകാശമില്ല. ഓൺലൈനിൽ നടക്കുന്ന ഓരോ പ്രവർത്തനവും തെളിവുകൾ അവശേഷിപ്പിക്കുന്നു. ഉത്തരവാദികളെ കണ്ടെത്താനും കഴിയും.

ഈ സംഭവത്തിൽ ഞങ്ങൾ നിയമനടപടി സ്വീകരിച്ചു. അപകീർത്തികരമായ പ്രവർത്തനങ്ങൾ നടത്തിയ വ്യക്തി അതിന്‍റെ അനന്തരഫലങ്ങൾ നേരിടേണ്ടി വരും.. ഒരു അഭിനേതാവോ പൊതുപ്രവർത്തകനോ ആകുന്നത് അടിസ്ഥാന അവകാശങ്ങൾ ഇല്ലാതാക്കുന്നില്ല. സൈബർ ഭീഷണി ശിക്ഷാർഹമായ കുറ്റമാണ്. അതിന് ഉത്തരം പറയേണ്ടി വരുമ‌െന്നത് യാഥാർഥ്യമാണ്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com