

അനുപമ പരമേശ്വരൻ, മോഹൻലാൽ
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് അനുപമ പരമേശ്വരൻ. മലയാളം സിനിമയിലൂടെയാണ് അരങ്ങേറിയതെങ്കിലും അനുപമ മുൻനിര നായികയായി ഉയർന്നത് തെലുങ്കിലൂടെയും തമിഴിലൂടെയുമാണ്. തെന്നിന്ത്യയിലെ നിരവധി സൂപ്പർതാരങ്ങൾക്കൊപ്പവും അനുപമ വേഷമിട്ടിട്ടുണ്ട്. ഇപ്പോൾ തന്‍റെ സെലിബ്രിറ്റി ക്രഷ് ആരാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അനുപമ. മലയാളത്തിലെ സൂപ്പർതാരം മോഹൻലാലാണ് തന്‍റെ സെലിബ്രിറ്റി ക്രഷ് എന്നാണ് അനുപമ പറഞ്ഞത്.
ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ തുറന്നുപറച്ചിൽ. പ്രായവ്യത്യാസമുണ്ടെങ്കിലും തനിക്ക് ഇഷ്ടം മോഹൻലാലിനെയാണ് എന്നാണ് അനുപമ പറഞ്ഞത്. അമ്മയാണ് തന്‍റെ വീട്ടിലെ ഏറ്റവും വലിയ മോഹൻലാൽ ഫാൻ. സഹോദരനും വലിയ മോഹൻലാൽ ആരാധകനാണെന്നും അനുപമ കൂട്ടിച്ചേർത്തു.
ലാൽ സാറിന്‍റെ സിനിമകൾ കണ്ടാണ് ഞാൻ വളർന്നത്. ഞങ്ങൾ തമ്മിൽ നല്ല പ്രായവ്യത്യാസമുണ്ട്. പക്ഷേ അതുകൊണ്ട് ക്രഷ് ക്രഷ് അല്ലാതെ ആകുന്നില്ലല്ലോ? അമ്മയാണ് എന്‍റെ വീട്ടിലെ ഏറ്റവും വലിയ മോഹൻലാൽ ഫാൻ. പിന്നെ എന്‍റെ അനിയൻ. എന്നേക്കാൾ ലാലേട്ടനോട് ക്രഷ് അവനാണെന്ന് തോന്നാറുണ്ട്. ഇൻസ്റ്റഡഗ്രാമിൽ ലാലേട്ടനെക്കുറിച്ചുള്ള റീലുകൾ മാത്രമാണ് അവൻ അയക്കാറുള്ളത്. അല്ലാതെ എനിക്ക് സുഖമാണോ എന്നോ എവിടെയാണ് എന്നോ അവൻ ചോദിക്കാറില്ല.- അനുപമ പറഞ്ഞു.