

അരവിന്ദ് സ്വാമി
റോജ, ബോംബെ സിനിമകളിലൂടെ തെന്നിന്ത്യൻ സിനിമാപ്രേമികളുടെ മനം കവർന്ന നടനാണ് അരവിന്ദ് സ്വാമി. തുടർന്ന് സിനിമയിൽ നിന്ന് ഇടവേളയെടുത്ത അരവിന്ദ് സ്വാമി വമ്പൻ തിരിച്ചുവരവു നടത്തി. ഇപ്പോൾ ആയുർവേദത്തേക്കുറിച്ച് താരം നടത്തിയ തുറന്നു പറച്ചിലാണ് ശ്രദ്ധനേടുന്നത്. പാതി തളർന്നുപോയ താൻ ജീവിതത്തിലേക്ക് തിരിച്ചെത്തിയത് ആയുർവേദ ചികിത്സയിലൂടെയാണ് എന്നാണ് താരം പറഞ്ഞത്.
2005ലാണ് നട്ടെല്ലിന് പരിക്കേറ്റ് താരം പാതി തളർന്ന അവസ്ഥയിൽ എത്തിയത്. ഇത് തന്നെ ശാരീരികമായും മാനസികമായും തളർത്തി എന്നാണ് അരവിന്ദ് സ്വാമി പറയുന്നത്. ഒന്നര വർഷത്തോളമാണ് കടുത്ത വേദനയിലൂടെ കടന്നുപോയത്. സർജറി നടത്തണം എന്നാണ് ഡോക്‌ടർമാർ പറഞ്ഞത്. ആദ്യം സമ്മതിച്ചില്ലെങ്കിലും പിന്നീട് വേദന സഹിക്കാനാവാതെ സർജറി നടത്താനുള്ള തീരുമാനത്തിലേക്ക് അദ്ദേഹം എത്തി. ആ സമയത്താണ് ഒരു കേരളത്തിലെ ആയുർവേദ വൈദ്യരെ താരം പരിചയപ്പെടുന്നത്. ഇത് തന്‍റെ ജീവിതം മാറ്റി എന്നാണ് താരം പറയുന്നത്.
ഒന്നര വർഷത്തോളം ഞാൻ കടുത്ത വേദനയിലായിരുന്നു. അനങ്ങാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു. പക്ഷേ മൂന്ന് ദിവസം കൊണ്ട് അദ്ദേഹം എന്നെ നടത്തിച്ചു. ആയുർവേദം എനിക്ക് ഉപകാരപ്പെട്ടു. എന്‍റെ തീരുമാനം തന്നെ നിങ്ങളും എടുക്കണം എന്നല്ല ഞാൻ പറയുന്നത്. മറ്റുള്ളവർക്ക് എന്‍റെ അവസ്ഥയായിരിക്കണമെന്നില്ല. - അരവിന്ദ് സ്വാമി പറഞ്ഞു.