

"ഞാൻ കാൽ കയറ്റിവെച്ചിരിക്കുന്നത് എന്‍റെ അമ്മായിയമ്മയുടെ മടിയിൽ, എല്ലാ പെൺകുട്ടികളുടേയും സ്വപ്നം"
ഭർത്താവിന്‍റെ വീട്ടിൽ നിന്ന് തനിക്ക് ലഭിക്കുന്ന സ്നേഹത്തേക്കുറിച്ച് വാചാലയായി നടി അർച്ചന കവി. ഭർതൃ മാതാവിനും ബന്ധുക്കൾക്കുമൊപ്പം ഇരിക്കുന്ന ചിത്രത്തിനൊപ്പമാണ് താരം സന്തോഷം പങ്കുവച്ചത്. വിവാഹം കേവലം രണ്ട് വ്യക്തികൾ തമ്മിലുള്ള കരാറല്ലെന്നും സ്വന്തം മകളെപോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നതാണ് പ്രധാനമെന്നും താരം കുറിച്ചു.
ഭർതൃമാതാവിന്‍റെ മടിയിൽ കാൽ കയറ്റിവെച്ച് സോഫയൽ എല്ലാവരോടും വർത്താനം പറഞ്ഞിരിക്കുന്ന അർച്ചനയെയാണ് വിഡിയോയിൽ കാണുന്നത്. ‘‘വിവാഹം കഴിക്കുക എന്നത് മാത്രമല്ല, നിങ്ങളെ സ്വന്തം മകളെപ്പോലെ സ്നേഹിക്കുന്ന ഒരു കുടുംബത്തെ ലഭിക്കുക എന്നത് കൂടിയാണ് പ്രധാനം. അമ്മായിയമ്മയുടെ മടിയിലാണ് എന്റെ കാല്‍ വിശ്രമിക്കുന്നത്. ചുറ്റും സ്നേഹനിധികളായ അമ്മയുടെ നാത്തൂന്മാരും. ഒരു മകളെപ്പോലെ സ്നേഹിക്കപ്പെടാനും ചേർത്തുപിടിക്കപ്പെടാനും അംഗീകരിക്കപ്പെടാനും ആഗ്രഹിക്കാത്ത പെൺകുട്ടികളില്ല. അതായിരിക്കും ഓരോ പെൺകുട്ടിയുടെയും സ്വപ്നം.’’- അർച്ചന കുറിച്ചു.
നടി ഭാമ ഉൾപ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്‍റുമായി എത്തിയിരിക്കുന്നത്. വളരെ സത്യം എന്നായിരുന്നു ഭാമയുടെ കമന്‍റ്. കുടുംബത്തെ ഒന്നടങ്കമാണ് നിങ്ങൾ കല്യാണം കഴിച്ചിരിക്കുന്നത് എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. കഴിഞ്ഞ വർഷമായിരുന്നു അർച്ചന കവിയുടേയും റിക്ക് വർഗീസിന്‍റേയും വിവാഹം. റിക്കിൽ നിന്നും കുടുംബത്തിൽ നിന്നും ലഭിക്കുന്ന സ്നേഹത്തേക്കുറിച്ചും പരിഗണനയേക്കുറിച്ചും അർച്ചന വാചാലയാവാറുണ്ട്.