
ബോണി കപൂറിന്‍റെ മകൾക്ക് വിവാഹം; അമ്മയെ മിസ് ചെയ്യുന്നുവെന്ന് അർജുൻ കപൂർ
ന്യൂഡൽഹി: നിർമാതാവ് ബോണി കപൂറിന്‍റെ മകളും നടൻ അർജുൻ കപൂറിന്‍റെ സഹോദരിയുമായ അൻഷുല കപൂറിന്‍റെ വിവാഹം ഉറപ്പിച്ചു. റോഷൻ താക്കർ ആണ് വരൻ. ഇരുവരും ഏറെ കാലമായി പ്രണയത്തിലായിരുന്നു. ന്യൂയോർക്കിൽ വച്ചു നടത്തിയ വിവാഹനിശ്ചയ ചടങ്ങിൽ ബോണി കപൂർ- ശ്രീദേവി ദമ്പതികളുടെ മകളും താരവുമായ ജാഹ്നവി, ഖുശി എന്നിവരും പങ്കെടുത്തു. ബോണി കപൂർ- മോണ ഷൂരി കപൂർ ദമ്പതികളുടെ മക്കളാണ് അൻഷുലയും അർജുനും.
മൂന്നു വർഷം മുൻപ് ഡേറ്റിങ് ആപ്പിലൂടെയാണ് അൻഷുലയും റോഹനും പരിചയപ്പെട്ടത്. ഈ ദിവസം അമ്മയെ കൂടുതൽ മിസ് ചെയ്യുന്നുവെന്നാണ് സഹോദരിക്ക് ആശംസകൾ നേർന്നു കൊണ്ട് അർജുൻ കപൂർ സമൂഹമാധ്യമങ്ങളിൽ കുറിച്ചത്.
പ്രിയങ്ക ചോപ്ര ജോനസ്, കരൺ ജോഹർ, പരിണീതി ചോപ്ര എന്നിവരും ആശംസകൾ അറിയിച്ചിട്ടുണ്ട്. ദി ട്രെയിറ്റേഴ്സ് എന്ന റിയാലിറ്റി സീരീസിൽ അൻഷുല പങ്കെടുത്തിരുന്നു.