മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് അഷ്കർ സൗദാൻ

കേരളത്തിനു പിന്നാലെ യുഎഇ കൂടാതെ ഖത്തർ, ഒമാൻ, ബഹ്​റൈൻ എന്നിവിടങ്ങളിലാണ്​ 'ബെസ്റ്റി' സിനിമ പ്രദർശനത്തിനെത്തിച്ചത്​
Ashkar Saudan on Mammootty
മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ താത്പര്യമുണ്ടെന്ന് അഷ്കർ സൗദാൻ
Updated on

ദുബായ്: മമ്മൂട്ടിയുടെ കൂടെ അഭിനയിക്കാൻ തനിക്ക് അതിയായ താത്പര്യമുണ്ടെന്ന് മമ്മൂട്ടിയുടെ പെങ്ങളുടെ മകനും നടനുമായ അഷ്കർ സൗദാൻ. ഇതുവരെ അതിനുള്ള സാഹചര്യം ഉണ്ടായിട്ടില്ലെന്നും അഷ്കർ പറഞ്ഞു. ഷാനു സമദ്​ തിരക്കഥയും സംവിധാനവും നിർവഹിച്ച പുതിയ സിനിമ 'ബെസ്റ്റി'യുടെ ഗൾഫ് റിലീസിന്‍റെ ഭാഗമായി ദുബായ് വോക്‌സ് സിനിമാസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തന്‍റെ സിനിമകളെക്കുറിച്ചും അഭിനയത്തോടുള്ള അഭിനിവേശത്തെക്കുറിച്ചും അദ്ദേഹത്തിന് നന്നായി അറിയാമെന്നും അഷ്കർ പറഞ്ഞു. മമ്മൂട്ടി എപ്പോഴും ന്യൂ ജെൻ ആണെന്നും അഷ്കർ. വ്യാഴാഴ്ചയാണ് 'ബെസ്റ്റി' ഗൾഫ്​ രാജ്യങ്ങളിൽ പ്രദർശനം തുടങ്ങിയത്. രണ്ടാഴ്ച മുൻപ്​ കേരളത്തിലെ തിയേറ്ററുകളിൽ റിലീസ്​ ചെയ്ത സിനിമ മികച്ച പ്രതികരണവുമായി പ്രദർശനം തുടരുകയാണെന്ന്​ സംവിധായകൻ ഷാനു സമദ്​ പറഞ്ഞു.

യുഎഇ കൂടാതെ ഖത്തർ, ഒമാൻ, ബഹ്​റൈൻ എന്നിവിടങ്ങളിലാണ്​ സിനിമ പ്രദർശനത്തിനെത്തിച്ചത്​. മികച്ച ഗാനങ്ങൾ കൊണ്ട്​ ഇതിനകം ശ്രദ്ധിക്കപ്പെട്ട സിനിമ ഗൾഫിലും പ്രേക്ഷകർ സ്വീകരിക്കുമെന്നാണ്​ പ്രതീക്ഷയെന്ന്​ അണിയറ പ്രവർത്തകർ പറഞ്ഞു. ബെൻസി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ കെ.വി. അബ്​ദുൽ നാസർ ആണ്​ ചിത്രം നിർമിച്ചിരിക്കുന്നത്​. രേഷ് രാജ്​ ഫിലിംസാണ്​ ചിത്രം ഗൾഫിൽ പ്രദർശനത്തിച്ചെത്തിച്ചത്​. . ഷിബു ചക്രവർത്തിയുടെ വരികൾക്ക്​ ഔസേപ്പച്ചനാണ്​ ഈണം പകർന്നിരിക്കുന്നത്​.

അഷ്കർ സൗദാൻ, ഷഹീൻ സിദ്ദീഖ്​, സാക്ഷി അഗർവാൾ എന്നിവരാണ്​ പ്രധാന താരങ്ങൾ. മുസ്​ലിം മത വിഭാഗത്തിലെ ഇടക്കെട്ട്​ സമ്പ്രദായമാണ് സിനിമയുടെ ഇതിവൃത്തം. ഇടക്കെട്ട്​ സമ്പ്രദായത്തിന്‍റെ വിശദാംശങ്ങളിലേക്ക് പോകാതെ ഒരു എന്‍റർ ടെയ്‌നർ എന്ന നിലയിലാണ് ചിത്രം ഒരുക്കിയതെന്ന് സംവിധായകൻ പറഞ്ഞു. ബെസ്റ്റി എന്ന വാക്ക് ഇന്ന് സമൂഹ മാധ്യമങ്ങളിൽ വൈറലായ വാക്കാണ്, എന്നാൽ ഈ വാക്കിന്‍റെ യഥാർഥ സുഹൃത്ത് എന്ന അർഥ തലമാണ് സിനിമയിൽ സ്വീകരിച്ചിട്ടുള്ളതെന്ന് ഷാനു സമദ് വിശദീകരിച്ചു.

സംഗീതത്തിന് പ്രാധാന്യമുള്ള ഈ ചിത്രം ഗൾഫ് രാജ്യങ്ങളിലെ മലയാളി പ്രേക്ഷകർ സ്വീകരിക്കുമെന്നാണ് കരുതുന്നതെന്ന് രേഷ് രാജ് ഫിലിംസിന്‍റെ രാജൻ വർക്കല പറഞ്ഞു. സൂപ്പർതാര ചിത്രങ്ങൾ മാത്രമല്ല ഇത്തരം ചിത്രങ്ങൾക്കും ചലച്ചിത്ര വ്യവസായത്തിൽ പ്രസക്തിയുണ്ടെന്ന് രാജൻ വർക്കല ചൂണ്ടിക്കാട്ടി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com