

'സമൂഹത്തിൽ കാണിക്കാൻ പാടില്ലാത്തത്, മോശം സിനിമ'; തിയെറ്റർ വിസിറ്റിന് എത്തിയ ദിവ്യ പിള്ളയോട് പ്രേക്ഷകൻ, വാക്കു തർക്കം
ഇന്ദ്രജിത്ത് സുകുമാരനും ദിവ്യ പിള്ളയും പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ധീരം. ഇൻവെസ്റ്റിഗേഷൻ ത്രില്ലറായി ഒരുക്കിയൃയിരിക്കുന്ന ചിത്രത്തിൽ പൊലീസ് വേഷത്തിലാണ് ഇന്ദ്രജിത്ത് എത്തിയത്. ചിത്രത്തിന്‍റെ റിലീസിനോട് അനുബന്ധിച്ച് തിയെറ്റർ വിസിറ്റിന് എത്തിയ നടി ദിവ്യ പിള്ളയോടും അണിയറ പ്രവർത്തകരോടും നെഗറ്റീവ് അഭിപ്രായം തുറന്നു പറഞ്ഞ പ്രേക്ഷകന്‍റെ വിഡിയോ ആണ് ശ്രദ്ധനേടുന്നത്.
ചിത്രം വളരെ മോശമാണെന്നും പൊതുസമൂഹത്തിൽ കാണിക്കാൻ പാടില്ലാത്ത സിനിമയാണ് എന്നുമായിരുന്നു ഒരാൾ പറഞ്ഞത്. തുടർന്ന് പ്രേക്ഷകനും അണിയറ പ്രവർത്തകരും തമ്മിൽ ചെറിയ വാക്കു തർക്കമുണ്ടായി. എന്നാൽ പ്രേക്ഷകന്‍റെ അഭിപ്രായസ്വാതന്ത്ര്യത്തെ പിന്തുണച്ചുകൊണ്ട് ദിവ്യ പിള്ള രംഗത്തെത്തുകയായിരുന്നു.
തിയെറ്റർ വിസിറ്റിനിടെ സിനിമ ഇഷ്ടപ്പെട്ടോ എന്ന സംവിധായകൻ ജിതിന്റെ ചോദ്യത്തിനായിരുന്ന പ്രേക്ഷകന്‍റെ മറുപടി. ‘‘വളരെ മോശം സിനിമ. ഞങ്ങളുടെ പെങ്ങന്മാരും കുഞ്ഞുങ്ങളും ഒക്കെ കാണുന്ന സിനിമയാണ്. ഇത് ഇങ്ങനെ കാണിച്ചത് തെറ്റായിപ്പോയി. സമൂഹത്തിൽ ഇങ്ങനെ കാണിക്കരുത്. എനിക്ക് ഈ സിനിമ ഇഷ്ടപ്പെട്ടില്ല, ഇത് എന്റെ അഭിപ്രായമാണ്, എ സർട്ടിഫിക്കറ്റ് നിങ്ങൾ ആസ്വദിച്ചിട്ടുണ്ടാകും. ഇത്രയും പ്രതീക്ഷിച്ചില്ല, വളരെ മോശം.’- എന്നാണ് പ്രേക്ഷകൻ പറഞ്ഞത്.
അണിയറ പ്രവർത്തകർ പ്രേക്ഷനുമായി തർക്കത്തിലേർപ്പെട്ടതോടെയാണ് നടി പിന്തുണയുമായി എത്തിയത്. സിനിമ കാണുന്ന പ്രേക്ഷകന് വിമർശിക്കാൻ അവകാശമുണ്ട് എന്നാണ് ദിവ്യ പറഞ്ഞത്. ‘‘നെഗറ്റീവ് പറയുന്നതിന് കുഴപ്പമില്ല, സിനിമ കാണുന്ന പ്രേക്ഷകന് അത് പറയാൻ അവകാശമുണ്ട്, അത് കുഴപ്പമില്ല. എല്ലാവരും നല്ലത് പറയണം എന്ന് നമുക്ക് പറയാൻ പറ്റില്ലല്ലോ, കുറച്ചു നെഗറ്റീവ് കൂടി വരണ്ടേ, അത് ഓക്കേ ആണ്,’’ ദിവ്യ പിള്ള പ്രതികരിച്ചു.