

ഒന്നിന് പുറകെ ഒന്നായി അവേഞ്ചേഴ്‌സ്, സ്‌പൈഡർമാൻ ട്രെയ്‌ലറുകൾ ലീക്കായി
സോഷ്യൽ മീഡിയയിൽ ഒന്നു പിറകെ ഒന്നായി ലീക്കായി മാർവെലിന്‍റെ അവേഞ്ചേഴ്‌സ്: ഡൂംസ് ഡേ, സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ എന്നീ ചിത്രങ്ങളുടെ ട്രെയ്‌ലറുകൾ. ആഗോള തലത്തിൽ പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളാണിവ.
വളരെ ക്വാളിറ്റി കുറഞ്ഞ ദൃശ്യങ്ങളാണ് എക്സ്, റെഡിറ്റ് അടക്കമുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നതെങ്കിലും ചിത്രത്തിന്‍റെ ഉള്ളടക്കം വലിയ ചർച്ചയായി. വളരെ സ്വകാര്യമായി നടത്തിയ ട്രെയ്‌ലറുകളുടെ പ്രത്യേക പ്രീമിയറിൽ നിന്നാവാം ട്രെയ്‌ലറുകൾ ചോർന്നത് എന്നാണ് റിപ്പോർട്ടുകൾ.
ഇതിന് പുറമേ ദൃശ്യങ്ങളുടെ ക്വാളിറ്റി വർധിപ്പിക്കാനായി എഐയുടെ സഹായം തേടി അവ്യക്തമായ ചിത്രങ്ങൾ എൻഹാൻസ് ചെയ്ത് ഒറിജിനലിനെ വെല്ലുന്ന തരത്തിലാക്കിയെടുത്തതും പ്രചരിക്കുന്നുണ്ട്.
ആദ്യം അവേഞ്ചേഴ്‌സ്: ഡൂംസ് ഡേയിലെ സ്റ്റീവ് റോജേഴ്‌സിന്‍റെ ടീസറാണ് ചോർന്നത്. പിന്നാലെ തന്നെ സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേയുടെ ടീസറും അവേഞ്ചേഴ്‌സിലെ തന്നെ തോറിന്‍റെ ടീസറും ലീക്കായി. തോറിന്‍റെ ഓഡിയോ പതിപ്പ് മാത്രമാണ് ലീക്കായത് എന്നാണ് വിവരം.
ചോർച്ചയെ വളരെ ഗൗരവകരമായാണ് അണിയറപ്രവർത്തകർ സമീപിച്ചിരിക്കുന്നത്. നിയമ നടപടിക്ക് ഒരുങ്ങുകയാണ് മാർവെൽ സ്റുഡിയോസും അണിയറപ്രവർത്തകരും എന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോർട്ടുകളുണ്ട്.