സിനിമ സമരം ഒഴിവാകുന്നു

സാംസ്കാരിക മന്ത്രി സജി ചെറിയാനും സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണ.
Minister talks with producers to avoid Cinema strike
മന്ത്രി സജി ചെറിയാൻ
Updated on

തിരുവനന്തപുരം: സിനിമാ മേഖലയിലെ സമരം ഒഴിവാകുന്നു. സാംസ്കാരിക മന്ത്രി സജി ചെറിയാനും സംഘടനാ പ്രതിനിധികളുമായുള്ള ചർച്ചയിലാണ് ഇതു സംബന്ധിച്ച ധാരണ. ആവശ്യങ്ങൾ പരിഗണിക്കാമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

ചലച്ചിത്രരംഗത്തെ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാൻ മന്ത്രി സജി ചെറിയാന്‍റെ അധ്യക്ഷതയില്‍ ചേർന്ന യോഗത്തിൽ ഫിലിം ചേംബർ, നിർമാതാക്കൾ, തിയെറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികളാണ് പങ്കെടുത്തത്. സംഘടനകള്‍ ഉന്നയിച്ച വിവിധ പ്രശ്നങ്ങളിൽ അനുഭാവപൂര്‍വമായ നിലപാടാണ്‌ സര്‍ക്കാരിനുള്ളതെന്ന് മന്ത്രി പറഞ്ഞു.

വിനോദ നികുതി അടക്കമുള്ള കാര്യങ്ങളിൽ ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന ആവശ്യം പരിശോധിക്കും. ചലച്ചിത്രത്തെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന‌തിനോട് അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും സിനിമ കോണ്‍ക്ലേവില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍തലത്തിൽ ഇ- ടിക്കറ്റിംഗ് സംവിധാനം വരുന്നതോടെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കും. അത് സിനിമാ മേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഗുണമാകുമെന്നും മന്ത്രി ചൂണ്ടിക്കാട്ടി.

യോഗത്തില്‍ വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ജി. സുരേഷ് കുമാർ, ബി. രാകേഷ്, ബി. ആർ. ജേക്കബ്, സജി നന്ത്യാട്ട്, സുമേഷ്, സോണി കറ്റാനം, എവർഷൈൻ മണി തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക ഡയറക്റ്റർ ദിവ്യ എസ്. അയ്യർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാഡമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി, സി. അജോയ്, കെഎസ്എഫ്ഡിസി എംഡി പ്രിയദർശൻ തുടങ്ങിയവരും സംബന്ധിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com