"ഇപ്പോഴും എന്‍റെ ശരീരമാകെ വിറയ്ക്കുകയാണ്, ഒരു പെണ്ണായതുകൊണ്ട് മാത്രമാണ് ഈയൊരു അവസ്ഥ വന്നത്"; താലിബാൻ വിട്ടയച്ചെന്ന് അരുണിമ

അഫ്ഗാനിസ്ഥാനിലെ ബാമിയാർ പ്രവശ്യയിലേക്ക് കടന്നതിനു പിന്നാലെയാണ് അരുണിമ പിടിയിലായത്
backpacker arunima informs she escaped from taliban

അരുണിമ

Updated on

അഫ്ഗാനിസ്ഥാൽ യാത്ര ചെയ്യുന്നതിനിടെ താലിബാന്‍റെ പിടിയിലകപ്പെട്ട ട്രാവൽ വ്ലോഗർ അരുണിമയെ മോചിപ്പിച്ചു. തനെ വ്ലോഗിലൂടെ അരുണിമ തന്നെയാണ് താൻ സുരക്ഷിതയാണെന്ന വിവരം അറിയിച്ചത്. സ്ത്രീയായതിനാൽ രാജ്യത്ത് ഒറ്റയ്ക്ക് സഞ്ചരിക്കാൻ അനുമതിയില്ലെന്ന് കാട്ടിയാണ് താലിബാൻ അരുണിമയെ പിടികൂടിയത്. അഫ്ഗാനിസ്ഥാനിലെ ബാമിയാർ പ്രവശ്യയിലേക്ക് കടന്നതിനു പിന്നാലെയാണ് അരുണിമ പിടിയിലായത്. മണിക്കൂറുകൾക്ക് ശേഷമാണ് അരുണിമയെ വിട്ട‍യച്ചത്.

"കുറച്ച് മണിക്കൂറുകൾ ഞാൻ മരണം വരെ മുന്നിൽ കണ്ടു. വൈകിട്ടാണ് ബമ്മിയാനിലേക്കെത്തിയത്. രാത്രി 7 മണി എങ്കിലും ആയിട്ടുണ്ടാവും. അവിടെ വണ്ടിയിറങ്ങിയതിനു പിന്നാലെ ഒരു കൂട്ടമാളുകൾ എന്‍റെ ചുറ്റിനും കൂടി. രാത്രിയായാൽ അവിടെ ഒരു സ്ത്രിയും പുറത്തിറങ്ങില്ല. അങ്ങനെ അവർ എന്‍റെ വിസയും പാസ്പോർട്ടുമെല്ലാം പരിശോധിച്ചു. എവിടെയാണ് താമസിക്കുന്നതെന്ന് ചോദിച്ചു. തീരുമാനിച്ചിട്ടില്ലെന്ന് പറഞ്ഞു. പക്ഷേ അവർ എന്നെ മുന്നോട്ട് പോവാൻ അനുവദിച്ചില്ല.

അതിനിടെ ഇംഗ്ലീഷ് സംസാരിക്കുന്ന ഒരാൾ കാറുമായി വന്നു. അയാൾ എന്നോട് കാറിൽ ക‍യറാൻ പറഞ്ഞു. എന്നിട്ട് ഒരു ഹോട്ടലിൽ കൊണ്ടുപോയി ആക്കി. എന്നാൽ അവിടെ ഭയങ്കര പൈസയായിരുന്നു. അത് എനിക്ക് താങ്ങാനാവില്ല. എനിക്ക് റൂം വേണ്ട ടെന്‍റ് കെട്ടാനൊരു സ്ഥലം തന്നാൽ മതിയെന്ന് പറഞ്ഞു. അത് അവർക്ക് സമ്മതമായിരുന്നില്ല. അപ്പോൾ മറ്റൊരാൾ എനിക്ക് മറ്റൊരിടത്ത് ടെന്‍റ് കെട്ടാനുള്ള സ്ഥലം കാട്ടിതന്നു.

അവിടെ ഭയങ്കര തണുപ്പായിരുന്നു. അയാൾ എന്നോട് അവിടെയൊരു റൂം ഒഴിവുണ്ട്. തണുപ്പത്ത് ടെന്‍റ് കെട്ടി കിടക്കണ്ട എന്നു പറഞ്ഞു. അങ്ങനെ ഞാൻ ആ റൂമിൽ കിടക്കാൻ തീരുമാനിച്ചു. അതിനിടെ അവിടെ 2 ആളുകൾ വന്നു. എന്നെ ചോദ്യം ചെയ്തു. ഇവിടുത്തെ നിയമം അനുസരിച്ച് പുറത്തു നിന്നുള്ളവരാണെങ്കിലും ഇവിടെയുള്ള ആളാണെങ്കിലും സ്ത്രീകൾ രാത്രി പുറത്തിറങ്ങാൻ പാടില്ലെന്ന് പറഞ്ഞു.

കഴിഞ്ഞദിവസം ജലാലാബാദ് എന്ന സ്ഥലത്തുനിന്ന് പെര്‍മിറ്റ് എടുക്കാനായി ഞാന്‍ പോയതാണ്, അപ്പോള്‍ അവര്‍ എനിക്ക് പെര്‍മിറ്റ് തന്നില്ല. കാരണം ഒരു സ്ത്രീ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പറ്റില്ലത്രേ. ഞാന്‍ അവരോട് ഒരുപാട് ചോദിച്ചു പെര്‍മിറ്റ് തരാൻ. ഒരു പുരുഷനില്ലാതെ തരാന്‍ പറ്റില്ല അല്ലെങ്കില്‍ കൂടെ ഒരു ഗൈഡിനെ കൊണ്ടുപോകണം എന്നാണ് അവർ പറഞ്ഞത്. എന്‍റെ യാത്രയില്‍ അതിനും എനിക്ക് സാധിക്കില്ല. കൂടെ യാത്ര ചെയ്യാനും ആരുമില്ല.. എല്ലാ രാജ്യവും ഞാന്‍ ഒറ്റയ്ക്കാണ് യാത്ര ചെയ്യാറുള്ളത്. എന്നാല്‍ ഈ രാജ്യത്തിന്റെ നിയമം വളരെ കര്‍ശനമാണ്. അവര്‍ എന്നോട് തിരിച്ചു കാബൂളിലേക്ക് പോകാനാണ് ആവശ്യപ്പെട്ടത്.

അങ്ങനെ രണ്ടു ദിവസം കാബൂളില്‍ നിന്ന ശേഷമാണ് ഇന്ന് രാവിലെ യാത്ര തുടങ്ങിയത്. വരുന്ന വഴിയില്‍ ഒരുപാട് ചെക്ക് പോസ്റ്റുകള്‍ ഉണ്ട് അവിടെയെല്ലാം എന്നെ തടഞ്ഞു വച്ചിരുന്നു. അവരോട് ഞാൻ കള്ളം പറഞ്ഞു. എന്‍റെ ഒപ്പം ഒരു സുഹൃത്തുണ്ടെന്നും അയാൾ അവിടേക്ക് നേരിട്ടെത്തുമെന്ന് പറഞ്ഞു. പക്ഷേ അവരെന്‍റെ രേഖകൾ പരിശോധിച്ചപ്പോൾ രണ്ടാഴ്ചത്തോളമായി ഞാൻ രാജ്യത്ത് സഞ്ചരിക്കുന്നുണ്ടെന്ന് മനസിലായി. അതോടെ ഭാവം മാറി. കാരണം ഞാൻ കഴിഞ്ഞ് പത്ത് പതിനഞ്ച് ദിവസമായി രാജ്യത്തെ നിയമം ലംഘിച്ചുകൊണ്ടിരിക്കുക‍യാണ്. ഇതോടെ അറസ്റ്റു ചെയ്യുമെന്ന് അവർ പറഞ്ഞു.

ഈ രാജ്യത്ത് ഓരോ താലിബാനും പോലീസുകാരെ പോലെയാണ്.. അവര്‍ക്ക് ഇഷ്ടമുള്ളത് ചെയ്യാം.. ഞാന് ഇത് എത്രയും വേഗം എന്റെ ബോയ്ഫ്രണ്ടിനെ അറിയിച്ചു. എന്റെ കൈകാലുകള്‍ വിറച്ചു തുടങ്ങി.. എന്തുചെയ്യണമെന്ന് എനിക്കറിയില്ലായിരുന്നു. അതേസമയം ഞാന്‍ ഗൂഗിള്‍ ട്രാന്‍സിലേറ്റ് ഫോണ്‍ ഉപയോഗിച്ച് അവരോട് സംസാരിക്കുന്നു. എന്നെ ഡി പോര്‍ട്ട് ചെയ്‌തോളാന്‍ പറഞ്ഞു. അവര്‍ പറഞ്ഞു ഞാന്‍ നിയമലംഘനം നടത്തി. അതുകൊണ്ട് അവര്‍ അറസ്റ്റ് ചെയ്യും എന്നു പറഞ്ഞു. ഞാന്‍ ചെയ്ത കുറ്റം എന്തെന്ന് വെച്ചാല്‍ ഒറ്റയ്ക്ക് ഒരു സ്ത്രീക്ക് യാത്ര ചെയ്യാന്‍ പറ്റാത്ത രാജ്യത്ത് അത് അനുസരിക്കാതെ ഒറ്റയ്ക്ക് യാത്ര ചെയ്തു. ഓരോ പ്രൊവിന്‍സിലേക്കും പെര്‍മിറ്റ് എടുക്കണം, ആ പെര്‍മിറ്റ് എടുത്തില്ല കാരണം ഒറ്റയ്ക്ക് ഒരു സ്ത്രീയ്ക്ക് അത് ലഭിക്കില്ല.

എന്നെ ഇവിടെ കൊണ്ടുവന്നു ആക്കിയ വ്യക്തി തിരികെ പോയിരുന്നു. ഞാൻ അയാളുടെ നമ്പർ‌ വാങ്ങിയിട്ടുണ്ടായിരുന്നു. അദ്ദേഹത്തെ ഞാന്‍ പെട്ടെന്ന് വിവരം അറിയിച്ചു. അയാള്‍ പറഞ്ഞു കുറച്ച് അകലെയാണ് പെട്ടെന്ന് തന്നെ വരാം എന്നു പറഞ്ഞു. ഞാൻ ഗൂഗിൾ ട്രാൻസലേറ്റർ വഴി അവരോട് സംസാരിക്കുന്നുണ്ടായിരുന്നു. പക്ഷേ അവർ ഞാൻ നിയമം ലംഘിച്ചുവെന്ന് മാത്രമാണ് പറഞ്ഞിരുന്നത്. അൽപസമയത്തിന് ശേഷം എന്നെ ഇവിടെ കൊണ്ടുവന്നാക്കിയ വ്യക്തിയെത്തി. അയാളും മാക്സിമം പറഞ്ഞു നോക്കി. പക്ഷേ അവർ ഫൈൻ അടച്ച് ഗൈഡിനെ കൂടെക്കൂട്ടാനാണ് പറഞ്ഞത്. ഗൈഡിന് കൊടുക്കേണ്ട പൈസയ്ക്കൊപ്പം 10,000 രൂപ വേറെയും നൽകണമായിരുന്നു.

അത് പറ്റില്ല. ഞാൻ രാജ്യത്ത് നിന്ന് പുറത്ത് കടക്കാമെന്ന് അറിയിച്ചെങ്കിലും അവർ നിയമലംഘനത്തിന് ഇത്രയും ദിവസം നിയമം ലംഘിച്ച് താമസിച്ചതിനാല്‍ പൈസ അടയ്ക്കണം എന്നാലേ എങ്ങോട്ടും പോകാന്‍ സാധിക്കുകയുള്ളൂ എന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ അവരുമായി സംസാരിച്ചു ഒത്തുതീര്‍പ്പാക്കി. ഇനി പെർമിറ്റില്ലാതെ രാജ്യം വിടാമെന്ന് അവർ പറഞ്ഞു. അവിടെ ഓരോ പൊലീസുകാർക്കും ഓരോ നിയമമാണ്. പ്രത്യേക നിയമവ്യവസ്ഥകളോ കോടതിയോ ഒന്നുമില്ല.

ഞാനൊരു പെണ്ണായതുകൊണ്ട് മാത്രമാണ് ഈ അവസ്ഥവന്നത്. ആണുങ്ങളായ എന്‍റെ പല സുഹൃത്തുക്കളും ഈ രാജ്യത്ത് സഞ്ചരിക്കുന്നുണ്ട്. എന്നാൽ അവർക്കാർക്കും യാതൊരു ബുദ്ധിമുട്ടുമില്ല. പെണ്‍ സുഹൃത്തുക്കളും യാത്ര ചെയ്തിട്ടുണ്ട് എന്നാല്‍ അവരെല്ലാം ഒരു ഗൈഡിനെ വച്ചാണ് യാത്ര ചെയ്തിരുന്നത്, അല്ലെങ്കില്‍ ഒരു പുരുഷന്‍റെ ഒപ്പം. നാളെ ഇവിടെ നിന്നും ഉസ്ബകിസ്ഥാന്‍ ബോര്‍ഡറിലേക്ക് പോവുകയാണ്.

ഏകദേശം 500 കിലോമീറ്റര്‍ ഉണ്ട് ഇനിയും ഇടയ്ക്കുവെച്ച് ചെക്ക് പോസ്റ്റുകള്‍ ഉണ്ടാകും, എന്നെ ചെക്ക് ചെയ്യുമ്പോള്‍ അവിടെ കള്ളം പറഞ്ഞ് രക്ഷപ്പെടേണ്ടി വരും. ബോര്‍ഡര്‍ എത്തുന്ന വരെ ശ്വാസം അടക്കിപ്പിടിച്ച് ആയിരിക്കും ഞാന്‍ യാത്ര ചെയ്യുന്നത്. പലരും വിളിച്ച് അന്വേഷിച്ചു. ആകെ പാനിക്കായി വയ്യാതെയിരിക്കുകയാണ്. എല്ലാവരുടെയും സ്നേഹത്തിന് ഒരുപാട് നന്ദി" അരുണിമ വീഡിയോയിൽ പറഞ്ഞു.

logo
Metro Vaartha
www.metrovaartha.com