Bads of Bollywood web series review
ആര്യൻ ഖാന്‍റെ ചങ്കൂറ്റവും കൂസലില്ലായ്മയുമാണ് നെറ്റ്ഫ്ളിക്സിനു വേണ്ടി അണിയിച്ചൊരുക്കിയ ബാഡ്സ് ഓഫ് ബോളിവുഡ് എന്ന വെബ് സീരീസിന്‍റെ ഊർജം. ബോളിവുഡിലെ നെപ്പോട്ടിസത്തെയും അധികാര വടംവലിയെയും സിനിമാ ലോകത്തെ കാപട്യത്തെയുമെല്ലാം പരിഹസിക്കാനും കുത്തിനോവിക്കാനുമുള്ള ശ്രമം ഇതിൽ കാണാം.
ദർശന സുഗതൻ
നാടകീയത ബോളിവുഡിന് എന്നും ഹരമാണ്. എന്നാൽ, ഇൻഡസ്ട്രിയുടെ ഇച്ചീച്ചിക്കഥകളെ ഒടിടി വിരുന്നാക്കി മാറ്റാൻ ശ്രമിച്ചാലോ? ഷാരുഖ് ഖാന്‍റെ മകൻ ആര്യൻ നടത്തിയ അങ്ങനെയൊരു ശ്രമമാണ് 'ദ ബാ***ഡ്സ് ഓഫ് ബോളിവുഡ്' നെറ്റ്ഫ്ളിക്സ് സീരീസ്. പേരിട്ടതിൽ കാണിച്ച ധൈര്യം വീട്ടിലിരിക്കുന്നവരെ ഞെട്ടിക്കുന്നിടത്തോളം ബോൾഡ് ആയാണ് ആര്യന്‍റെ അവതരണം. ആക്ഷേപഹാസ്യവും അണിയറ രഹസ്യങ്ങളും, കൂടാതെ ഒരു ബോളിവുഡ് പാർട്ടിയിൽ കാണാൻ കഴിയുന്നതിനെക്കാൾ കൂടുതൽ അതിഥി വേഷങ്ങളുമെല്ലാം ചേർന്ന പെർഫെക്റ്റ് മസാലക്കൂട്ടാണ് ബാഡ്സ് ഓഫ് ബോളിവുഡ് വാഗ്ദാനം ചെയ്യുന്നത്.
ബോബി ഡിയോളിന്‍റെ സൂപ്പർ സ്റ്റാർ വേഷം.
നെപ്പോ കിഡ് അല്ലാത്ത, സിനിമാ സർക്കിളിനു പുറത്തുനിന്നു വന്ന് വിപ്ലവമുണ്ടാക്കിയ നിഷ്കളങ്കനായ ആസ്മാൻ സിങ് എന്ന നായകനെയാണ് നമ്മൾ ഇവിടെ കണ്ടുമുട്ടുന്നത്. ഒരു സിനിമ ഹിറ്റായതോടെ പെട്ടെന്ന് താരലോകത്തെ വമ്പൻ സ്രാവുകൾക്കൊപ്പം നീന്താൻ നിർബന്ധിതനാകുന്ന നായകൻ. നെപ്പോട്ടിക് സംഘർഷങ്ങൾ മുതൽ പിആർ വിഴുപ്പലക്കലുകളും കാസ്റ്റിങ് കൗച്ചും ലഹരിമരുന്ന് റെയ്ഡിന്‍റെ ഓർമപ്പെടുത്തലുകളും വരെ ഇതിൽ നിറയുന്നു. ചുരുക്കത്തിൽ, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലെ ബോളിവുഡ് ഗോസിപ്പ് ത്രെഡുകൾക്ക് കുറച്ച് പൊടിപ്പും തൊങ്ങലും കൂടി വച്ച് സ്ക്രീനിൽ കാണിച്ചാൽ എന്താകുമോ, അതാണ് ഈ സീരീസ്.
ആര്യൻ ഖാന്‍റെ ചങ്കൂറ്റം തന്നെയാണ് സീരീസിന്‍റെ പ്രധാന ഊർജം. ആദ്യമായി സംവിധായകന്‍റെ കുപ്പായമിടുന്ന താരപുത്രൻ ഇൻഡസ്ട്രിയെ വലംവച്ച് വണങ്ങാനൊന്നും മെനക്കെട്ടിട്ടില്ല. പകരം, സ്വന്തം അച്ഛന്‍റെ പേരിനു മുൻപേ കിങ് എന്ന വിശേഷണം ചാർത്തിക്കൊടുത്ത അതേ ഇൻഡസ്ട്രിയുടെ നെഞ്ചത്തു കയറി പൊങ്കാലയടുപ്പ് കൂട്ടുകയാണയാൾ. റൊട്ടി തന്ന കൈക്കിട്ട് ഒരു കടി കൊടുക്കാനുള്ള ഈ സന്നദ്ധതയാണ് സീരീസിനു പുതുമ നൽകുന്നത്; ആക്ഷേപഹാസ്യം വലിയ ആഴത്തിലേക്കൊന്നും പോകുന്നതല്ലെങ്കിൽപ്പോലും.
സീരീസിൽ ഷാരുഖ് ഖാൻ
അതിഥി വേഷങ്ങളാണ് ഓരോ എപ്പിസോഡിനെയും ഓരോ 'ബോളിവുഡ് ബിങ്കോ കാർഡ്' ആക്കി മാറ്റുന്നത്. മിന്നൽ പോലെ വന്നുപോകുന്ന താരസാന്നിധ്യം, രസകരമായ സ്വയംപരിഹാസങ്ങൾ, പോരാഞ്ഞ്, ദശലക്ഷണക്കിന് ആരാധികമാർക്ക് വിരുന്നായ ഷാരൂഖ് ഖാന്‍റെ കണ്ണിറുക്കൽ വരെ - ഫാൻസിന് ആവർത്തിച്ച് ആസ്വദിക്കാനുള്ള വക ധാരാളം.
പ്രകടനമികവിന്‍റെ കാര്യമെടുത്താൽ, സൂപ്പർ താരമായി അഭിനയിക്കുന്ന ബോബി ഡിയോളും ചീത്തപ്പേരുള്ള നിർമാതാവായി നടിക്കുന്ന മനീഷ് ചൗധരിയുമാണ് ഷോയെ മുന്നോട്ടു നയിക്കുന്നത്.
നായകവേഷത്തിൽ ലക്ഷ്യ ലാൽവാനി മോശമാക്കിയിട്ടില്ലെങ്കിലും, തികഞ്ഞ കോമിക് ടൈമിങ്ങുള്ള അലമ്പ് കൂട്ടുകാരൻ പർവേസായി വേഷമിട്ട രാഘവ് ജുയാലാണ് കൈയടി നേടുന്നത്. അലങ്കാരത്തിനൊരു നടി എന്നതിലുപരി ആകർഷകമായ പ്രകടനം കാഴ്ചവയ്ക്കാൻ സഹർ ബംബയ്ക്കു സാധിച്ചിട്ടുണ്ട്. ഗ്ലാമറും ആഡംബരവും നിറഞ്ഞ പശ്ചാത്തലത്തിൽ വികസിക്കുന്ന കഥാപരിസരം പ്രേക്ഷകരെ പിടിച്ചിരുത്തും.
രാഘവ് ജുയാൽ, ലക്ഷ്യ ലാൽവാനി.
അഴിഞ്ഞാട്ടത്തിന്‍റെ ആഘോഷങ്ങൾക്ക് യുക്തിരാഹിത്യം ആരോപിക്കാം. ആക്ഷേപഹാസ്യമാകട്ടെ രസകരമാണെങ്കിലും ആഴം തൊടാതെ പോകുന്നു. ഒരു കാരിക്കേച്ചറിന് ഉണർത്താൻ സാധിക്കുന്ന ഗൗരവമുള്ള ചിരി അതിൽ കാണാനായെന്നു വരില്ല. പകരം, ഉള്ളു പൊള്ളയായൊരു മീം ഉണർത്തുന്ന ക്ഷണനേരത്ത പൊട്ടിച്ചിരി മാത്രം.
സ്വജനപക്ഷപാതം, അധികാര വടംവലി, ഇൻഡസ്ട്രിയിലെ കാപട്യം എന്നിവയെ ഒക്കെ കുത്തിനോവിക്കുന്നുണ്ടെങ്കിലും, മിക്കപ്പോഴുമൊരു ഇൻസ്റ്റഗ്രാം റീലിന്‍റെ സ്വഭാവമുള്ള നുറുങ്ങുകൾ പോലെയാണവ. മൂർച്ചയേറിയ വിമർശനമൊന്നും പ്രതീക്ഷിക്കരുത്; നന്നായി ഷൂട്ട് ചെയ്ത ഒരു ട്വിറ്റർ റോസ്റ്റ് പോലെ എന്നു വേണമെങ്കിൽ പറയാം.
ഗോസിപ്പ് കോളങ്ങൾ ഒന്നുപോലും വിട്ടുപോകരുതെന്ന നിർബന്ധബുദ്ധി എഴുത്തുകാരനുണ്ടായിരുന്നതുപോലെ, സങ്കൽപ്പിക്കാൻ കഴിയുന്ന എല്ലാ വിവാദങ്ങളും കുത്തിനിറച്ച തിരക്കഥയിൽ പലയിടത്തും ദുർമേദസ് പ്രത്യക്ഷമാകുന്നു. ഒറ്റ രാത്രി കുത്തിയിരുന്ന് പത്ത് ഗോസിപ്പ് പ്രസിദ്ധീകരണങ്ങൾ വായിച്ചാൽ എങ്ങനെയുണ്ടാകും? കുറച്ച് രസമൊക്കെയുണ്ടാവും, പക്ഷേ, ഓവർഡോസായിരിക്കും, അല്ലേ?
ആര്യൻ ഖാൻ
ചില തമാശകളുടെ ഉദ്ദേശ്യശുദ്ധിയിൽ പോലും സംശയം തോന്നാം. #MeToo പോലെ ഗൗരവമുള്ള വിഷയങ്ങളെക്കുറിച്ച് തമാശ പറയുമ്പോൾ, അതിന് ആക്ഷേപഹാസ്യത്തിന്‍റെ നിലവാരം കിട്ടുന്നില്ല, പകരം നിലവാരമില്ലാത്ത മീമുകളുമായാണ് സാമ്യം തോന്നുക. സംവിധായകന്‍റെ കൈവിട്ടു പോയ രംഗങ്ങളെ ലിഫ്റ്റ് ചെയ്യാൻ സംഗീതവും കാര്യമായി സഹായിക്കുന്നില്ല.
'ഗഫൂർ' ട്രാക്കിനെക്കുറിച്ച് വലിയ ഹൈപ്പ് ഉണ്ടായിരുന്നിട്ടും അത് സീരീസിൽ ഉൾപ്പെടുത്തിയിട്ടില്ല. ബാക്കിയുള്ളവയാകട്ടെ, എന്തോ തിരക്കിനിടയിൽ ടിഷ്യൂ പേപ്പറിൽ എഴുതിയ പോലുള്ള വരികൾ; അസാധാരണത്വമൊന്നും അവകാശപ്പെടാനില്ലാത്ത ക്ലബ്ബ് ഗാനങ്ങളുടെ ഒരു നിര മാത്രം.
ചുരുക്കത്തിൽ, താൻ എറിയുന്ന കല്ലൊക്കെ എവിടെ ചെന്നു വീഴുമെന്നു കൃത്യമായി അറിഞ്ഞുകൊണ്ടു തന്നെ, ആരെയും കൂസാതെ ഒരുക്കിയെടുത്ത ഷോയാണ് ആര്യൻ ഖാൻ നമുക്ക് നൽകിയിരിക്കുന്നത്. 'ബാ***ഡ്സ് ഓഫ് ബോളിവുഡ്' രസകരമാണ്, ഒഴിവുവേളകൾ ആനന്ദകരമാക്കാൻ ഉപകരിക്കും. പുത്തരിയല്ലേ, അതിന്‍റെ ഫ്രഷ്നസുണ്ട്, ഇടയ്ക്കിത്തിരി കല്ലുകടിച്ചാലും സാരമില്ല.